Sunday, October 10, 2010

പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഇന്ത്യ ഉപഗ്രഹ വിക്ഷേപണത്തിന്‌
Posted on: 10 Oct 2010

ബാംഗ്ലൂര്‍: അയല്‍ രാജ്യങ്ങളെ നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ യുദ്ധരംഗത്ത് സേനയെ സഹായിക്കാനും ലക്ഷ്യംവെച്ച് ഇന്ത്യ ഉപഗ്രഹം വിക്ഷേപിക്കുന്നു. പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള ഉപഗ്രഹങ്ങളായിരിക്കും വിക്ഷേപിക്കുകയെന്ന് പ്രതിരോധ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഒന്നിലധികം ഉപഗ്രഹങ്ങളായിരിക്കും വിക്ഷേപിക്കുക. അയല്‍രാജ്യങ്ങളില്‍ നടക്കുന്ന നീക്കങ്ങള്‍ നിരീക്ഷിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും കഴിയും. മാത്രമല്ല, യുദ്ധസാഹചര്യമുണ്ടായാല്‍ മിസൈല്‍ ആക്രമണത്തിനായുള്ള ലക്ഷ്യങ്ങള്‍ കൃത്യതയോടെ കണ്ടെത്താനും ഉപഗ്രഹങ്ങള്‍ക്കു കഴിയുമെന്നും പ്രതിരോധ മന്ത്രാലയം ശാസ്ത്രഉപദേഷ്ടാവ്‌വി.കെ. സരസ്വത് പറഞ്ഞു.

ഡി.ആര്‍.ഡി.ഒയുടെ സഹകരണത്തോടെയാണ് ഉപഗ്രഹങ്ങള്‍ നിര്‍മിക്കുക. ഉപഗ്രഹങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ വ്യക്തമായി പറയാന്‍ കഴിയില്ല. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ലക്ഷ്യമെന്നും സരസ്വത് പറഞ്ഞു.

പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള പേ ലോഡുകളായിരിക്കും ഉപഗ്രഹങ്ങളില്‍ ഉള്‍പ്പെടുത്തുക. ഇവ ഇന്ത്യ സ്വന്തമായി നിര്‍മിക്കും. അയല്‍രാജ്യങ്ങളില്‍ നടക്കുന്ന സൈനികനീക്കങ്ങള്‍ വ്യക്തതയോടെ പകര്‍ത്താന്‍ കഴിയുന്ന ക്യാമറകളായിരിക്കും ഉപഗ്രഹത്തിന്റെ പ്രധാന പ്രത്യേകത. ശത്രുരാജ്യങ്ങളിലെ അക്രമ കേന്ദ്രങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനും അതു സേനകള്‍ക്ക് കൈമാറാനും കഴിയും. കര, നാവിക, വ്യോമസേനകള്‍ക്ക് ഒരുപോലെ സഹായകമാകുന്ന പ്രവര്‍ത്തനങ്ങളായിരിക്കും ഉപഗ്രഹത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Share4
0

No comments:

Post a Comment