Friday, October 8, 2010

തിയേറ്ററുകളില്‍ ത്രിഡി തരംഗം
Posted on: 27 Sep 2010

-ശുഭ ജി.


ലോകം മുഴുവന്‍ ത്രീഡി തരംഗമുയരുമ്പോള്‍ കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമീണ തീയേറ്ററുകളില്‍ വരെ ത്രീഡി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള പുതിയ സംവിധാനം വരുന്നു. കുറഞ്ഞ ചെലവില്‍ ഒരുക്കാവുന്ന സജ്ജീകരണമെന്നതാണിതിന്റെ സവിശേഷത.



തിയേറ്ററിലെ സ്‌ക്രീനില്‍ നിന്ന് ഐസ്‌ക്രീം പുറത്തേക്ക് നീണ്ടു വന്നപ്പോള്‍ വാങ്ങാന്‍ കൈനീട്ടിയതും തീപ്പന്തം പാഞ്ഞു വന്നപ്പോള്‍ ഒഴിഞ്ഞു മാറിയതുമെല്ലാം ഇന്നും മറക്കാനാവാത്ത കൗതുകമായി മലയാളിയുടെ ഓര്‍മയിലുണ്ട്. 'മൈ ഡിയര്‍ കുട്ടിച്ചാത്ത'നെന്ന ആ 'മഹാത്ഭുത'ത്തിന്റെ അനുഭവമില്ലാത്തത് ഏറ്റവും പുതിയ തലമുറയ്ക്ക് മാത്രം. പിന്നീടൊരു ത്രീഡി ചിത്രം നമ്മുടെ മുന്നിലെത്തിയത് വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടെ മാത്രമാണ്. ഹോളിവുഡ് സാങ്കേതികത്തികവോടെയെത്തിയ ഡിജിറ്റല്‍ ത്രീഡി സിനിമയായ 'അവതാര്‍' പക്ഷേ കേരളത്തിലെ ആകെ മൂന്നു തീയേറ്ററുകളിലേ പ്രദര്‍ശിപ്പിക്കാനായുള്ളൂ. അതിനുള്ള സംവിധാനങ്ങള്‍ തീയേറ്ററിലൊരുക്കാനുള്ള ചെലവു തന്നെ മുഖ്യപ്രതി. എന്നാല്‍ ലോകം മുഴുവന്‍ ത്രീഡി തരംഗമുയരുമ്പോള്‍ കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമീണ തീയേറ്ററുകളില്‍പോലും ത്രീഡി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം വരുന്നു. കുറഞ്ഞ ചെലവില്‍ ഒരുക്കാവുന്ന സജ്ജീകരണമെന്നതാണിതിന്റെ സവിശേഷത.

നിലവില്‍ ത്രീഡി സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ സംവിധാനമുള്ളത് എറണാകുളം 'ശ്രീധര്‍', കോഴിക്കോട് 'ക്രൗണ്‍', തിരുവനന്തപുരം 'അതുല്യ' എന്നിവിടങ്ങളിലാണ്. 'അവതാര്‍' പോലുള്ള ഹോളിവുഡ് സിനിമകള്‍ ഉള്‍പ്പെടെ ഡിസിനിമ വിഭാഗത്തില്‍പ്പെട്ട ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കാം. ഇതിനുള്ള സംവിധാനങ്ങള്‍ക്ക് ചെലവേറെയാണ്. പ്രൊജക്ടറിനു മാത്രം 55 ലക്ഷത്തോളം രൂപയാവും. കേരളത്തിലെ സാമാന്യം ഭേദപ്പെട്ട തിയേറ്ററുകള്‍ക്കു പോലും ഇന്നത്തെ അവസ്ഥയില്‍ ഇത്രയും വലിയ തുക താങ്ങാവുന്നതല്ല. ഈ പശ്ചാത്തലത്തിലാണ് ഇ-സിനിമയില്‍ ത്രീഡി പ്രദര്‍ശിപ്പിക്കാവുന്ന സംവിധാനത്തിനു പ്രസക്തിയേറുന്നത്.

സിനിമ ചിത്രീകരിക്കുന്നതില്‍ ദൃശ്യങ്ങളുടെ റസല്യൂഷന്‍ സംബന്ധിച്ച് ഹോളിവുഡ് സിനിമകള്‍ ചില മാനദണ്ഡങ്ങള്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. 2 കെ റസല്യൂഷന് മുകളിലുണ്ടാവണമെന്നതാണിതില്‍ പ്രധാനം. (ഹൊറിസോണ്ടല്‍ റസല്യൂഷനില്‍ 2,048 പിക്‌സലുള്ള ഇമേജിനാണ് 2 കെ എന്നു പറയുന്നത്). ഈ തലത്തിലുള്ളതാണ് ഡി-സിനിമ. 2 കെ തലത്തിനു താഴെയുള്ളതിനെ ഇ-സിനിമയെന്നു വിളിക്കും. മലയാളം ഉള്‍പ്പെടെയുള്ള ഭാഷാസിനിമകള്‍ ഭൂരിഭാഗവും ഇ-സിനിമയാണ്. പാരമൗണ്ട്, വാര്‍ണര്‍ ബ്രദേഴ്‌സ്, സോണി തുടങ്ങി ഹോളിവുഡ് സ്റ്റുഡിയോകളുടെ സിനിമകളല്ലാതെ ധാരാളം സ്വതന്ത്ര ചിലച്ചിത്രങ്ങള്‍ വിദേശത്തും ഇ-സിനിമയായി ഇറങ്ങുന്നുണ്ട്. ഇവയില്‍ത്തന്നെ ത്രീഡി ചിത്രങ്ങള്‍ ഒട്ടേറെയുണ്ട്.

ഇ-സിനിമകള്‍ ത്രീഡി സംവിധാനമൊരുക്കുന്ന ആശയങ്ങളുമായി മുന്നോട്ടു വന്നിട്ടുള്ളത് റിയല്‍ ഇമേജ് മീഡിയ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡാണ്. ഇതില്‍ ഡി-സിനിമകള്‍ കാണാനാവില്ലെന്നു മാത്രം. രണ്ടു പ്രൊജക്ടറുകള്‍ ഉപയോഗിച്ചുള്ള രീതിയാണിത്. നിലവില്‍ തിയേറ്ററിലുള്ള പ്രൊജക്ടറിന്റെ അതേ മോഡല്‍ തന്നെ ഒരു പ്രൊജക്ടര്‍ കൂടി അതോടൊപ്പം സജ്ജീകരിക്കുന്നു. ഇവയ്ക്ക് മുമ്പിലായൊരു പോളറൈസിങ് ഫില്‍റ്റര്‍ സ്ഥാപിക്കും. സില്‍വര്‍ സ്‌ക്രീനും വേണം. ഈ സംവിധാനത്തില്‍ നിലവാരം ഒട്ടും തന്നെ മാറാതെ ഡി- സിനിമയുടെ അതേ വ്യക്തതയോടെ ഇ -സിനിമ കാണാനാവുമെന്ന് റിയല്‍ ഇമേജ് റീജണല്‍ ഹെഡ് (മാര്‍ക്കറ്റിങ്) ജാനകി സബേഷ് പറയുന്നു. ഇതില്‍ 10 മുതല്‍ 12 ലക്ഷം രൂപ വരയേ ഏറ്റവും മികച്ച പ്രൊജക്ടറിനു പോലും ചെലവു വരുന്നുള്ളൂ. സില്‍വര്‍ സ്‌ക്രീനിന് രണ്ടു മുതല്‍ മൂന്നു ലക്ഷം രൂപ വരെയും. ഇതേ സ്‌ക്രീനില്‍ത്തന്നെ 2 ഡി സിനിമയും പ്രദര്‍ശിപ്പിക്കാം.

റിയല്‍ ഇമേജിന്റെ ക്യൂബ് ഇ-സിനിമ സെര്‍വര്‍ ഉപയോഗിക്കുന്ന 110 തീയേറ്ററുകള്‍ കേരളത്തിലുണ്ട്. മറ്റ് സെര്‍വറുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ക്യൂബ് സ്ഥാപിച്ചാല്‍ ഈ രീതി പ്രയോജനപ്പെടുത്താം. സെര്‍വറിന് മൂന്നു ലക്ഷത്തിനടുത്ത് രൂപയാവും. 20 
മുതല്‍ 60 രൂപ വരെ വിലയില്‍ കണ്ണടയും ലഭിക്കും. ക്യൂബ്‌സെര്‍വര്‍ ഉള്ളിടങ്ങളില്‍ത്തന്നെ മറ്റൊരു പ്രൊജക്ടറിനായി 10 ലക്ഷം രൂപ മുടക്കാനാവാത്തവര്‍ക്കായും പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കാന്‍ റിയല്‍ ഇമേജ് ആലോചിക്കുന്നു. ആവശ്യക്കാരില്‍ ഏതാനും പേര്‍ക്ക് തുടക്കത്തില്‍ രണ്ടാമത്തെ പ്രൊജക്ടറും പോളറൈസിങ് ഫില്‍റ്ററും സില്‍വര്‍ സ്‌ക്രീനും വാടകയ്ക്കു നല്‍കുന്ന കാര്യം ആലോചനയിലുണ്ടെന്ന് കമ്പനി സി.ഇ.ഒ. അരവിന്ദ് രംഗനാഥന്‍ പറഞ്ഞു.

ഏഴുപതോളം റിലീസിങ് കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. ഇവയിലൊട്ടാകെയായി 280 റിലീസിങ് സ്‌ക്രീനുകളും. തുടക്കത്തില്‍ ഉള്‍പ്രദേശത്തെ തീയേറ്ററുകള്‍ക്കൊപ്പം ഇതില്‍ ഓരോ തീയേറ്ററുകളിലും പുതിയ സംവിധാനം കൊണ്ടുവരാനാണ് റിയല്‍ ഇമേജസിന്റെ പദ്ധതി. പ്രൊജക്ടറുകളും മറ്റും വാടകയ്ക്കു നല്‍കുന്ന സംവിധാനത്തിലൂടെയാണെങ്കില്‍ ഒരേ സെന്ററിലെ വ്യത്യസ്ത തിയേറ്ററുകളില്‍ പല ത്രീഡി സിനിമകള്‍ ആദ്യം പ്രദര്‍ശിപ്പിക്കാനുമാവും.

ഇ-സിനിമ ത്രീഡി സംവിധാനം സംബന്ധിച്ച് കഴിഞ്ഞ ദിവസം കൊച്ചിയിലെ ശ്രീധര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ കേരളത്തിലെ തിയേറ്റര്‍ ഉടമകള്‍, ചലച്ചിത്ര നിര്‍മാതാക്കള്‍, സംവിധാകയര്‍, ആനിമേഷന്‍ രംഗത്തുള്ളവര്‍, മറ്റു സാങ്കേതിക മേഖലയിലുള്ളവര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ പങ്കെടുത്തു. വിവിധ ചിത്രങ്ങളുടെ ഭാഗങ്ങള്‍ ഡി-സിനിമ പ്രൊജക്ടറിലും ഇ -സിനിമ പ്രൊജക്ടറിലും പ്രദര്‍ശിപ്പിച്ചു. മികച്ച നിലവാരമാണ് രണ്ട് പ്രൊജക്ടര്‍ വെച്ചുള്ള ഇ-സിനിമ സംവിധാനത്തിലും കിട്ടിയതെന്നു പങ്കെടുത്തവര്‍ വിലയിരുത്തി. ഏതായാലും പ്രതിസന്ധി നേരിടുന്ന തിയേറ്റര്‍ മേഖലയ്ക്ക് പുത്തനുണര്‍വേകും ഈ സംരംഭം.

പണിപ്പുരയില്‍ ഒട്ടേറെ ചിത്രങ്ങള്‍


മലയാളത്തിലുള്‍പ്പെടെ വിവിധ ഭാഷകളിലായി ആറു മാസത്തിനകം ഇരുപതോളം ത്രീഡി സിനിമകള്‍ റിലീസാവാനുണ്ട്. മലയാളത്തില്‍ തന്നെ ആറോളം ത്രീഡി ചിത്രങ്ങള്‍ തുടങ്ങാനിരിക്കുന്നു. 'മൈഡിയര്‍ കുട്ടിച്ചാത്തന്‍' ഒരുക്കിയ 'നവോദയ'യുടെ ബാനറില്‍ പുതിയ ഡിജിറ്റല്‍ ത്രീഡി ചിത്രം ഏപ്രിലോടെ തിയേറ്ററുകളിലെത്തും. എല്ലാ സാങ്കേതികതികവോടെയാവും ഈ ചിത്രമെത്തുക.

'കുട്ടിച്ചാത്ത' ന്റെ തമിഴ് പതിപ്പിന്റെ പരിഷ്‌കരിച്ച രൂപം ഡിസംബറില്‍ തിയേറ്ററിലെത്തും. ചിത്രങ്ങള്‍ മന്ത്രവാദിയുടെ വേഷത്തില്‍ നടന്‍ പ്രകാശ് രാജിനെയാവും അവതരിപ്പിക്കുക. ഹാസ്യ നടന്‍ സന്താനത്തെ ഉള്‍പ്പെടുത്തിയും കുറേ രംഗങ്ങള്‍ പുതുതായി ചിത്രീകരിക്കുന്നുണ്ട്. ഇതിന്റെ ജോലികള്‍ ചെന്നൈയില്‍ പുരോഗമിക്കുന്നതായി വര്‍ഷങ്ങള്‍ക്കു മുമ്പ് കുട്ടിച്ചാത്തന്റെ ക്യാമറാമാനായി പ്രവര്‍ത്തിച്ച നമ്പ്യാതിരി പറഞ്ഞു. പുതിയ കുട്ടിച്ചാത്തനുള്‍പ്പെടെ വരാനിരിക്കുന്ന നാല് ത്രീഡി ചിത്രങ്ങളുമായും അദ്ദേഹം സഹകരിക്കുന്നുണ്ട്. ത്രീഡി ചിത്രങ്ങളുടെ സാധ്യതകള്‍ മുന്നില്‍ കണ്ട് ഒട്ടേറെ തിയേറ്റര്‍ ഉടമകള്‍ ഇ-സിനിമ ത്രീഡി സംവിധാനത്തിലേക്കു വരാന്‍ തയ്യാറായെത്തിയിട്ടുണ്ടെന്ന് റിയല്‍ ഇമേജ് ടെക്‌നോളജീസ് സീനിയര്‍ മാനേജര്‍ (മാര്‍ക്കറ്റിങ്) മനോജ് എന്‍. പോള്‍ പറഞ്ഞു. (mathrubhumi)
======================================================

No comments:

Post a Comment