Saturday, October 2, 2010

വാഹനങ്ങള്‍ക്കിനി പഞ്ചറില്ല 
Posted on: 28 Sep 2010

വാഹനങ്ങളില്‍ ദീര്‍ഘയാത്രയും രാത്രികാല യാത്രയും മറ്റും നടത്തുന്നവരുടെ എന്നത്തെയും പേടിസ്വപ്നമാണ് പഞ്ചര്‍. യാത്രയ്ക്കിടെ ഇത്തരം ചതികളില്‍ പെടാതിരിക്കാന്‍ ട്യൂബ് ലെസ് ടയര്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ലോകവ്യാപകമായിത്തന്നെ വിപണിയിലെത്തിയിട്ടുമുണ്ട്. ഇതില്‍ ഒടുവിലത്തെ തലമുറക്കാരനായ ടയര്‍ സീലന്റ് ദ്രാവകം ഒടുവില്‍ നമ്മുടെ നഗരങ്ങലിലുമെത്തി. ടയറില്‍ കാറ്റടിക്കുന്ന സമയംകൊണ്ട് ടയറിനെ പഞ്ചറില്ലാത്തതാക്കാനാകുമെന്ന സവിശേഷതയാണ് സീലന്റ് ഫില്ലിങ് സ്റ്റേഷനുകള്‍ വാഗ്ദാനം ചെയ്യുന്നത്.



വായുനിറച്ച് ടയറുകള്‍ ഉപയോഗിക്കുന്ന സൈക്കിളുകള്‍ മുതല്‍ കൂറ്റന്‍ മണ്ണുമാന്തികള്‍ വരെയുള്ള വാഹനങ്ങള്‍ക്ക് ഇവ ഉപയോഗിക്കാമെന്നാണ് കണ്ടുപിടിത്തം. ദ്രാവകരൂപത്തിലുള്ള ഈ സീലന്റുകള്‍ ട്യൂബിലെ കാറ്റ് കളഞ്ഞശേഷം നിശ്ചിത അളവില്‍ ട്യൂബില്‍ നിറയ്ക്കുകയാണ് ചെയ്യുന്നത്. ഉയര്‍ന്ന മര്‍ദത്തില്‍ ടയറിന്റെ വാല്‍വ് വഴിയാണ് ദ്രാവകം ട്യൂബിലേക്ക് നിറയ്ക്കുക. അതിനുശേഷം ട്യൂബില്‍ പതിവുപോലെ കാറ്റ് നിറയ്ക്കുകയും ചെയ്യും. വാഹനം ഓടിത്തുടങ്ങുമ്പോള്‍ കറങ്ങുന്ന ടയറിനുള്ളില്‍ സീലന്റ് മുഴുവനായി വിന്യസിക്കപ്പെടുകയും ചെയ്യും.

എന്തെങ്കിലും വസ്തു തറച്ചുകയറി ടയറിലും ട്യൂബിലും ദ്വാരമുണ്ടായാല്‍ പുറത്തേക്ക് നീങ്ങുന്ന വായുവിനോടൊപ്പം സീലന്റുമുണ്ടാകും. അടുത്തനിമിഷം തന്നെ ഈ ദ്രാവകം ദ്വാരത്തിലൂടെ പുറത്തിറങ്ങുകയും കട്ടപിടിക്കുകയും ചെയ്യും. സീലന്റിന്റെ നിലവാരമനുസരിച്ച് ആറ് മുതല്‍ 30 മില്ലീമീറ്റര്‍വരെ വ്യാസമുള്ള ദ്വാരങ്ങള്‍ അടയ്ക്കുകയും ചെയ്യും.

എതിലിന്‍ അല്ലെങ്കില്‍ പ്രൊപ്പിലിന്‍ ഗ്ലൈക്കോള്‍ ഉള്‍പ്പെട്ട ദ്രാവകമാണ് ഇത്തരം സീലന്റായി ഉപയോഗിക്കുന്നത്. വിവിധ വസ്തുക്കള്‍കൊണ്ട് നിര്‍മിച്ച സൂക്ഷ്മമായ നാരുകള്‍ ഇതില്‍ കലര്‍ന്നിട്ടുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. അഞ്ഞൂറ് രൂപമുതല്‍ മുകളിലേക്കാണ് ഇത്തരം സീലന്റ് ട്യൂബില്‍ നിറയ്ക്കുന്നതിനുള്ള ചെലവ്. ഒരിക്കല്‍ ഇത് നിറച്ചാല്‍ ആണി കയറിയാല്‍പ്പോലും പഞ്ചര്‍ ഉണ്ടാകില്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
(mathrubhumi)

No comments:

Post a Comment