Monday, October 4, 2010

ബൈക്കിലെത്തി മാലമോഷണം: 16 കേസുകളിലെ പ്രതികള്‍ അറസ്‌റ്റില്‍
റാന്നി: പത്തനംതിട്ട, കോട്ടയം ജില്ലകളിലായി ബൈക്കില്‍ സഞ്ചരിച്ച്‌ സ്‌ത്രീകളുടെ മാലമോഷ്‌ടിച്ചുവന്ന രണ്ടു യുവാക്കള്‍ കൂടി അറസ്‌റ്റില്‍. സംഘാംഗമായ അജിത്തിനെ ശനിയാഴ്‌ച പിടികൂടിയിരുന്നു. ഇവരില്‍നിന്നു മോഷണ സാധനങ്ങള്‍ വാങ്ങിയിരുന്ന മഹാരാഷ്‌ട്രക്കാരന്‍ കസ്‌റ്റഡിയില്‍.

കീഴ്‌വായ്‌പൂര്‌ ഓതറക്കുന്നേല്‍ സുധീഷ്‌ (20), കീഴ്‌വായ്‌പൂര്‌ പ്രക്കാട്ടുമന്നത്തുനിന്നും പരിയാരം തെന്നശേരിമലയില്‍ വീട്ടില്‍ വാടകയ്‌ക്കു താമസിക്കുന്ന രതീഷ്‌ (24) എന്നിവരാണ്‌ ഇന്നലെ അറസ്‌റ്റിലായത്‌. ഒന്നര വര്‍ഷത്തിനിടെ 16 മാലമോഷണങ്ങളാണ്‌ ഇവര്‍ നടത്തിയതെന്നു പോലീസ്‌ പറഞ്ഞു.

ശനിയാഴ്‌ച രാവിലെ റാന്നി പുല്ലൂപ്രത്ത്‌ പാലുമായി പോയ തറമണ്ണില്‍ കമലാക്ഷിയമ്മയുടെ (72) മുക്കാല്‍ പവന്റെ മാല മോഷ്‌ടിച്ചതാണ്‌ അവസാനത്തേത്‌. സംഭവം നടന്ന്‌ അരമണിക്കൂറിനുള്ളില്‍ അജിത്തിനെ നാട്ടുകാര്‍ പിടികൂടി. നാട്ടുകാരുടേയും പോലീസിന്റെയും കണ്ണുവെട്ടിച്ച്‌ ഇടുക്കിയിലേക്കു കടന്ന സുധീഷിനേയും രതീഷിനേയും ഇടുക്കി അയ്യപ്പന്‍കോവില്‍ വെള്ളിലാങ്കരയില്‍നിന്നാണു റാന്നി പോലീസ്‌ അറസ്‌റ്റുചെയ്‌തത്‌. മോഷ്‌ടിച്ച മാല ഇതിനിടയില്‍ ഇവര്‍ വിറ്റു പണമാക്കിയിരുന്നു. മോഷണസംഘത്തിന്റെ തലവന്‍ സുധീഷാണെന്നു പോലീസ്‌ പറഞ്ഞു.

കറുകച്ചാല്‍ മണ്ണുപുരയിടത്തില്‍ ഒരുപവന്‍, ചേലക്കൊമ്പുഭാഗത്ത്‌ രണ്ടുപവന്‍, മണിമല പൊന്തന്‍പുഴ രാമനാലില്‍ ഭൂപതിയുടെ 10 ഗ്രാം, മണിമല ടൗണില്‍ രത്നമ്മയുടെ മൂന്നുപവന്‍, റാന്നി അരുവിക്കലില്‍നിന്നു രണ്ട്‌ പവന്‍, പെരുമ്പെട്ടി മഠത്തുംചാലില്‍ ഒരു പവന്‍, പെരുമ്പെട്ടി ഹൈസ്‌കൂളിനു സമീപത്തുനിന്നും ഭാഗീരഥി എന്ന വൃദ്ധയുടെ മൂന്നേമുക്കാല്‍ പവന്‍, മണിമല പള്ളിക്കടുത്തുനിന്ന്‌ രണ്ടരപവന്‍, പൊട്ടനാനിക്കല്‍ ഭാഗത്തുനിന്നും രണ്ടു പവന്‍, കോയിപ്രം സ്‌റ്റേഷനതിര്‍ത്തിയില്‍ പ്ലാങ്കമണ്‍പൊടിപ്പാറ ഭാഗത്തുനിന്ന്‌ രണ്ടു പവന്‍, ഇടത്തരാമണ്ണില്‍ റേച്ചലാമ്മയുടെ രണ്ടു പവന്‍, കുമ്പനാട്‌ നെല്ലിമലയില്‍ ലില്ലി സദനത്തില്‍ റേച്ചല്‍ ജോണിന്റെ ഒന്നര പവന്‍, അയിരൂര്‍ മതാപ്പാറ തോപ്പുങ്കല്‍ പടിയില്‍നിന്നും നാലു പവന്‍, കാട്ടുപതാല്‍ ശോശാമ്മ ചാക്കോയുടെ രണ്ടു പവന്‍ എന്നിങ്ങനെ കവര്‍ന്ന കേസുകളിലെ പ്രതികളാണ്‌ ഇവരെന്നും പോലീസ്‌ പറഞ്ഞു.

വിജന പ്രദേശങ്ങളിലൂടെ പോകുന്ന വൃദ്ധ സ്‌ത്രീകളുടെ മാല പറിക്കലാണ്‌ ഇവരുടെ ഹോബി. മോഷ്‌ടിക്കുന്ന മാല മല്ലപ്പള്ളിയില്‍ ജൂവലറിയോടുചേര്‍ന്നു സ്വര്‍ണം ഉരുക്ക്‌ ജോലി ചെയ്യുന്ന മഹാരാഷ്‌ട്രക്കാര്‍ക്കാണു വില്‍ക്കുന്നത്‌. സ്വര്‍ണം വാങ്ങിയ മനോജ്‌ എന്നയാളേയും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. (mangalam)

No comments:

Post a Comment