കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്നു തുടക്കം | ||
1951, 1982 ഏഷ്യന്‍ ഗെയിംസുകള്‍ക്കു ശേഷം ഇന്ത്യ ആതിഥ്യമരുളുന്ന രാജ്യാന്തര കായികമാമാങ്കമാണ് ഇത്. ഗെയിംസ് വില്ലേജില്‍ ഇന്നലെയെത്തിയ ക്വീന്‍സ് ബാറ്റണ്‍ ഉദ്‌ഘാടനച്ചടങ്ങിനു തൊട്ടുമുമ്പ് സ്‌റ്റേഡിയത്തിലെത്തിക്കും. ക്വീന്‍സ് ബാറ്റണിലെ സ്വര്‍ണത്തകിടില്‍ ആലേഖനം ചെയ്‌ത എലിസബത്ത് രാജ്‌ഞിയുടെ സന്ദേശം ചാള്‍സ് രാജകുമാരന്‍ വായിക്കുന്നതോടെ ഗെയിംസിന് ഔദ്യോഗിക പ്രഖ്യാപനമാകും. രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ ഗെയിംസ് ആരംഭിക്കാന്‍ അനുമതി നല്‍കും. ബ്രിട്ടീഷ് കോളനിയായിരുന്ന 71 രാജ്യങ്ങളില്‍നിന്നായി ഏഴായിരത്തോളം കായിക താരങ്ങള്‍ ഗെയിംസിനെത്തിയിട്ടുണ്ട്. മാര്‍ച്ച് പാസ്‌റ്റില്‍ 619 അംഗ ഇന്ത്യന്‍ സംഘത്തിനു മുന്നില്‍ ബീജിങ് ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര ദേശീയപതാക വഹിക്കും. ബാറ്റണ്‍ റിലേയുടെ അവസാനപാദം മുന്‍കാല അത്‌ലറ്റുകള്‍ നിര്‍വഹിക്കുകയെന്ന പതിവ് ഇക്കുറി മാറും. ഗെയിംസിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാകും ഈ ദൗത്യം നിര്‍വഹിക്കുക. നാലു വര്‍ഷം മുന്‍പ് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടന്ന ഗെയിംസില്‍ ഇന്ത്യ നാലാം സ്‌ഥാനത്തായിരുന്നു. ആതിഥേയര്‍ക്കു പിന്നില്‍ ഇംഗ്ലണ്ട്, കാനഡ എന്നിവര്‍ രണ്ടും മൂന്നും സ്‌ഥാനങ്ങളിലെത്തി. മെഡല്‍ നിലയില്‍ അഞ്ചു തവണയായി ഒന്നാം സ്‌ഥാനത്തു തുടരുന്ന ഓസ്‌ട്രേലിയ നേട്ടം ആവര്‍ത്തിക്കാനുള്ള പുറപ്പാടിലാണ്. അഭിനവ് ബിന്ദ്ര, സമരേഷ് ജംഗ് തുടങ്ങിയ പ്രമുഖരിറങ്ങുന്ന ഷൂട്ടിംഗ് ഇനങ്ങളിലാണ് ആതിഥേയരുടെ സുവര്‍ണ പ്രതീക്ഷ. അത്‌ലറ്റിക്‌സില്‍ മലയാളി താരങ്ങളായ ടിന്റു ലൂക്ക, മയൂഖ ജോണി, പ്രീജ ശ്രീധരന്‍, എം.എ. പ്രജുഷ, രശ്‌മി ബോസ്, ഹംസ ചാത്തോളി, രഞ്‌ജിത് മഹേശ്വരി, ജോസഫ് ഏബ്രഹാം എന്നിവര്‍ ട്രാക്കിലിറങ്ങും. ബാഡ്‌മിന്റണ്‍, ബോക്‌സിംഗ്, ടെന്നീസ് മത്സരങ്ങളിലും ഇന്ത്യക്കു മെഡല്‍ സാധ്യതയുണ്ട്. ഗെയിംസ് ഒരുക്കങ്ങളിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ ബഹിഷ്‌കരണഭീഷണി മുഴക്കിയെങ്കിലും രാജ്യങ്ങളെല്ലാം എത്തിയതോടെ സംഘാടകര്‍ക്ക് ആത്മവിശ്വാസം വര്‍ധിച്ചിരിക്കുകയാണ്. കനത്ത മഴ മാറി മാനം തെളിഞ്ഞതും ആശ്വാസമായി. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ജാക്വസ് റോഗ്, കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ അധ്യക്ഷന്‍ മൈക് ഫെനല്‍, ന്യൂസിലന്‍ഡ് ഗവര്‍ണര്‍ ജനറല്‍ സര്‍ ആനന്ദ് സത്യാനന്ദ്, മൊണാക്കോ രാജകുമാരന്‍ ആല്‍ബര്‍ട്ട്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ്, നൗറു പ്രസിഡന്റ് മാര്‍ക്കസ് സ്‌റ്റീഫന്‍ തുടങ്ങിയവര്‍ വിശിഷ്‌ടാതിഥികളുടെ നിരയിലുണ്ട്. - വിനു നമ്പൂതിരി (mangalam) | ||
Saturday, October 2, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment