സംഘത്തലവന്‍ അറസ്‌റ്റില്‍ |
എടപ്പാള്‍: യു.എ.ഇയില്‍ റിയല്‍ എസ്‌റ്റേറ്റ് സംരംഭത്തിലേക്കെന്നു പറഞ്ഞ് 2500 കോടി രൂപ നിക്ഷേപം സ്വീകരിച്ച് കടന്നുകളഞ്ഞ സംഘത്തിന്റെ തലവന്‍ അറസ്‌റ്റില്‍. അബുദാബിയില്‍ 61 കേസുകളിലെ പ്രതിയും ഇന്റര്‍പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന എടപ്പാള്‍ കോലൊളമ്പ് കണ്ടുവളപ്പില്‍ സിദ്ദിഖിനെ(48)യാണു പൊന്നാനി സി.ഐ: കെ. സുദര്‍ശനും സംഘവും അറസ്‌റ്റ് ചെയ്‌തത്. കൂട്ടുപ്രതികളായ ചങ്ങരംകുളം മാന്തടം സ്വദേശി കോക്കൂര്‍ സക്കീര്‍, കോലൊളമ്പ് സ്വദേശി കുഞ്ഞിമുഹമ്മദ്, പൂക്കരത്തറ സ്വദേശി റസാക്ക് എന്നിവര്‍ ഒളിവിലാണ്. രണ്ടു പ്രതികള്‍ ആത്മഹത്യ ചെയ്‌തിരുന്നു. തൃശൂര്‍, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ സിദ്ദിഖിന്റെ ബിനാമികളുടേതായി അന്വേഷണസംഘം കണ്ടെത്തി. നാട്ടിലും വിദേശത്തുമായി പത്തു ബാങ്കുകളില്‍ അക്കൗണ്ടുകളും സ്‌ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഇക്‌ബാലില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതിന്റെ പേരില്‍ ഉന്നത പോലീസ് മേധാവികള്‍ക്കു പരാതികള്‍ നല്‍കിയിരുന്നു. ആ കേസിന്റെ അന്വേഷണത്തിലാണ് ഇയാളെ വലയിലാക്കാനായത്. സിദ്ദിഖ് ഉപയോഗിച്ചിരുന്ന ആറു മൊബൈല്‍ നമ്പറുകളും ശേഖരിച്ച് ടവര്‍ പരിധി നോക്കി ഇയാളെ പോലീസ് പിന്തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ബംഗളൂരു, കോയമ്പത്തൂര്‍, രാമനാട്ടുകരക്കടുത്ത വൈദ്യരങ്ങാടി, കോലൊളമ്പ് ടവറുകളാണു ലഭിച്ചുകൊണ്ടിരുന്നത്. അതിനിടയിലാണു പുതിയ പാസ്‌പോര്‍ട്ടിനായി അപേക്ഷ സമര്‍പ്പിച്ചതിന്റെ രേഖകള്‍ അന്വേഷണത്തിനായി പൊന്നാനി സ്‌റ്റേഷനിലെത്തിയത്. പൊന്നാനി ഫയര്‍ഫോഴ്‌സ് ഓഫീസിനടുത്തുള്ള ഒരു വീട്ടുപേരിലായിരുന്നു അപേക്ഷ. അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. സ്‌റ്റേഷനിലുണ്ടായിരുന്ന ഫോട്ടോയും അപേക്ഷയിലെ ഫോട്ടോയും ഒത്തുനോക്കിയപ്പോഴാണു ആള്‍ സിദ്ദിഖ് ആണെന്നു മനസിലായത്. കഴിഞ്ഞ രാത്രി കോലൊളമ്പ് ടവര്‍ പരിധിയില്‍ സിദ്ദിഖ് ഉണ്ടെന്നറിഞ്ഞ പോലീസ് എത്തി വലയിലാക്കുകയായിരുന്നു. പാസ്‌പോര്‍ട്ട് എടുക്കുന്നതിനായി സമര്‍പ്പിച്ച എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ വ്യാജമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഏഴാംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള സിദ്ദിഖ് 1985ല്‍ അബുദാബിയിലെ അല്‍റിഥ ഹോട്ടലില്‍ പാചകക്കാരനായാണ് എത്തിയത്. മാര്‍ക്കറ്റ് വിലയില്‍ ഇരട്ടി കാണിച്ചാണ് എടപ്പാളിലെ ഒരു ബാങ്ക് ഭൂമികളുടെ ആധാരത്തിന്‍മേല്‍ വായ്‌പ അനുവദിച്ചതെന്നും ഈ പണമാണ് കോലൊളമ്പ്, എടപ്പാള്‍ സ്വദേശികള്‍ സംരംഭത്തില്‍ നിക്ഷേപിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തി. അറസ്‌റ്റിലായ സിദ്ദിഖിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും തീരുമാനിച്ചു. ഒളിവിലുള്ള മൂന്നുപേരെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ട്. വിദേശത്തു നിന്നു പണം നഷ്‌ടപ്പെട്ടവരാണ് അവിടെ സിദ്ദിഖിനെതിരേ പരാതി നല്‍കിയ 61 പേരും. അറസ്‌റ്റിലായ സിദ്ദിഖിനെ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പത്തുദിവസത്തേക്കു കസ്‌റ്റഡിയില്‍ വാങ്ങി. കോലൊളമ്പിലടക്കം കൊണ്ടു വന്ന് അന്വേഷണം നടത്തിയ ശേഷം ഡി.ജി.പിക്കു കൈമാറി ഇന്റര്‍പോള്‍ മുഖേന അബുദാബി സര്‍ക്കാരിനു കൈമാറുന്നതിനുള്ള നടപടികള്‍ ആഭ്യന്തര വകുപ്പ് സ്വീകരിക്കും. റിയല്‍ എസ്‌റ്റേറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട വെട്ടിപ്പിന്റെ കഥ 'മംഗളം' ആണു പുറത്തുകൊണ്ടുവന്നത്. |
(mangalam) |
Friday, October 1, 2010
2500 കോടിയുടെ നിക്ഷേപത്തട്ടിപ്പ്
Subscribe to:
Post Comments (Atom)
No comments:
Post a Comment