Friday, October 1, 2010

സ്‌റ്റക്‌സ്നെറ്റ്‌ വൈറസ്‌

ചൈനയെ പരിഭ്രാന്തിയിലാക്കി സ്‌റ്റക്‌സ്നെറ്റ്‌ വൈറസ്‌
ബീജിംങ്‌: ലോകത്തെ ആദ്യത്തെ 'അത്യാധുനിക സൈബര്‍ ആയുധം' എന്നു വിദഗ്‌ധര്‍ വിശേഷിപ്പിക്കുന്ന കമ്പ്യൂട്ടര്‍ വൈറസ്‌ ചൈനയെ പരിഭ്രാന്തിയിലാക്കുന്നു. ഇറാന്റെ ആണവപദ്ധതികളെ ലക്ഷ്യമാക്കി തയാറാക്കപ്പെട്ട 'സ്‌റ്റക്‌സ്നെറ്റ്‌' എന്ന വൈറസാണു ചൈനയിലെ ദശലക്ഷക്കണക്കിനു കമ്പ്യൂട്ടറുകളെ ആക്രമിച്ചു നശിപ്പിക്കുന്നത്‌.

വന്‍വ്യവസായങ്ങളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യന്ത്രസംവിധാനങ്ങളെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടറുകളില്‍ കടന്നുകയറാന്‍ സ്‌റ്റക്‌സ്നെറ്റിനു കഴിയുമെന്നതാണ്‌ അധികൃതരുടെ ഉറക്കം കെടുത്തുന്നത്‌.

പമ്പുകള്‍, മോട്ടറുകള്‍, അലാറം, വാല്‍വുകള്‍ എന്നിവയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന അക്രമികള്‍ക്ക്‌ ഇതുവഴി ആണവപ്ലാന്റുകളുടെ പ്രവര്‍ത്തനം താറുമാറാക്കാനും ഫാക്‌ടറി ബോയ്‌ലറുകളില്‍ സ്‌ഫോടനം നടത്താനും ഗ്യാസ്‌ പൈപ്പ്‌ലൈനുകള്‍ തകര്‍ക്കാനും കഴിയും. ജര്‍മന്‍ വ്യവസായഭീമനായ സീമെന്‍സ്‌ എണ്ണക്കിണറുകള്‍, ഊര്‍ജപ്ലാന്റുകള്‍, ജലവിതരണകേന്ദ്രങ്ങള്‍ എന്നിവ നിയന്ത്രിക്കാന്‍ തയാറാക്കിയിട്ടുള്ള സംവിധാനം ലക്ഷ്യമിട്ടാണു വൈറസ്‌ നിര്‍മിച്ചിരിക്കുന്നത്‌.

സാധാരണ ചെയ്യുന്നതു പോലെ കമ്പ്യൂട്ടറുകളിലെ വ്യക്‌തിപരമായ വിവരങ്ങള്‍ ചോര്‍ത്തുകയെന്ന ലക്ഷ്യമല്ല സ്‌റ്റക്‌സ്നെറ്റിനുള്ളത്‌.

ചൈനയിലെ ഫാക്‌ടറി കമ്പ്യൂട്ടറുകളില്‍ സ്‌റ്റക്‌സ്നെറ്റ്‌ ഒരിക്കല്‍ കടന്നുകയറിയാല്‍ ആ വ്യവസായമേഖലയെത്തന്നെ തകര്‍ത്തു തരിപ്പണമാക്കാന്‍ കഴിയുമെന്നു വിദഗ്‌ധര്‍ ഭയപ്പെടുന്നു. ചൈനയിലെ ആയിരത്തോളം വന്‍കിട കമ്പനികളുടെ കമ്പ്യൂട്ടറുകള്‍ സ്‌റ്റക്‌സ്നെറ്റ്‌ ആക്രമിച്ചുകഴിഞ്ഞുവെന്നാണ്‌ അറിയുന്നത്‌.

ഇന്ത്യ, ഇറാന്‍, ഇന്തോനീഷ്യ, പാകിസ്‌താന്‍ എന്നിവിടങ്ങളിലും സ്‌റ്റക്‌സ്നെറ്റ്‌ ആക്രമണം നടത്തിയിരുന്നു. (mangalam)

No comments:

Post a Comment