Saturday, October 2, 2010

അയോധ്യവിധി:

മുലായത്തിന്റെ പ്രസ്‌താവനയ്‌ക്കെതിരേ മുസ്ലിം നേതാക്കള്‍
ലഖ്‌നൗ: അയോധ്യക്കേസിലെ കോടതി വിധി മുസ്ലിംകളെ വഞ്ചിക്കുന്ന തരത്തിലാണെന്ന മുലായംസിംഗ്‌ യാദവിന്റെ പ്രസ്‌താവനയ്‌ക്കെതിരേ മുസ്ലിം സമുദായനേതാക്കള്‍തന്നെ രംഗത്ത്‌. മുലായത്തിന്റെ വിവേകശൂന്യമായ പ്രസ്‌താവന രാഷ്‌ട്രീയപ്രേരിതമാണെന്നു വിമര്‍ശനമുയര്‍ന്നു.

സമുദായസൗഹാര്‍ദം തകര്‍ക്കാന്‍ ഇടയാക്കുന്ന വിധത്തില്‍ രാഷ്‌ട്രീയപ്രേരിതമായ ഇത്തരം പ്രസ്‌താവനകള്‍ വിവേകശൂന്യമാണെന്ന്‌ അഖിലേന്ത്യാ മുസ്ലിം വ്യക്‌തിനിയമ ബോര്‍ഡംഗം മൗലാന ഖാലിദ്‌ റഷീദ്‌ ഫിറങ്കിമാലി പറഞ്ഞു. സംഘപരിവാര്‍പോലും ഇത്രയും പക്വതയില്ലായ്‌മ കാട്ടിയില്ല. മൗലികവാദികളെ ശക്‌തിപ്പെടുത്തുന്നതൊന്നും ആരും ചെയ്യുന്നില്ലെന്ന്‌ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസ്ലിം സമുദായത്തിന്റെ വികാരമാണു മുലായം പ്രകടിപ്പിച്ചതെങ്കിലും അത്‌ അനവസരത്തിലായിപ്പോയെന്ന്‌ ഇസ്ലാമിക്‌ ഗവേഷണ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ദാരുള്‍ മുസിന്‍ഫീനിലെ മൗലാന മുഹമ്മദ്‌ ഉമര്‍ പറഞ്ഞു. സമാധാനവും സൗഹാര്‍ദവും ഉറപ്പാക്കാന്‍ എല്ലാവരും ശ്രമിക്കുമ്പോള്‍ ഇത്തരം പ്രസ്‌താവന മുലായത്തേപ്പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കു ചേര്‍ന്നതല്ലെന്നു ഷിയാ വ്യക്‌തിനിയമബോര്‍ഡ്‌ അംഗം മൗലാന മുഹമ്മദ്‌ മിര്‍സ അതര്‍ വിമര്‍ശിച്ചു.

സുപ്രീം കോടതിയെ സമീപിക്കാനും പരസ്‌പരധാരണയിലൂടെ പ്രശ്‌നം പരിഹരിക്കാനും അവസരമുണ്ടെന്നിരിക്കേ ഇത്തരം പ്രസ്‌താവനകള്‍ അനാവശ്യമാണ്‌.

രാജ്യത്തിന്റെ ഐക്യവും സമാധാനവും തകര്‍ക്കുന്ന പ്രസ്‌താവനകളില്‍നിന്ന്‌ എല്ലാവരും വിട്ടുനില്‍ക്കണമെന്നു പ്രമുഖ ഷിയാ നേതാവും അഖിലേന്ത്യാ മുസ്ലിം വ്യക്‌തിനിയമ ബോര്‍ഡംഗവുമായ ഹമീദുല്‍ ഹസന്‍ അഭ്യര്‍ഥിച്ചു.

വിധിക്കെതിരേ മുസ്ലിം നേതാക്കളാരും ഒന്നും പറഞ്ഞിട്ടില്ലെന്ന്‌ അഖിലേന്ത്യാ സുന്നി ബോര്‍ഡ്‌ അംഗം മൗലാന മുഹമ്മദ്‌ മുഷ്‌താഖ്‌ ചൂണ്ടിക്കാട്ടി. (mangalam)

No comments:

Post a Comment