Thursday, October 28, 2010

ഭാര്യയെ കഴുത്തു ഞെരിച്ചുകൊന്ന കേസില്‍ ഭര്‍ത്താവ്‌ അറസ്‌റ്റില്‍

ആലുവ: യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഭര്‍ത്താവ്‌ അറസ്‌റ്റില്‍. കുഴിവേലിപ്പടി വടക്കുഞ്ചേരി പരേതനായ വര്‍ക്കിയുടെ മകള്‍ വിജി(25)യെ കൊലപ്പെടുത്തിയ കേസിലാണു ഭര്‍ത്താവ്‌ മലപ്പുറം മുണ്ടക്കുളം കാരയില്‍ മുജീബ്‌ റഹ്‌മാന്‍(34) അറസ്‌റ്റിലായത്‌.

കോഴിക്കോട്‌ ടൗണില്‍നിന്നു മകന്‍ അഭിലാഷി(നാലര)നൊപ്പമാണ്‌ മുജീബിനെ അറസ്‌റ്റ് ചെയ്‌തത്‌. സംശയമാണു കൊലയ്‌ക്കു കാരണമെന്നു പ്രതി മൊഴിനല്‍കിയിട്ടുണ്ട്‌. തോര്‍ത്തു കഴുത്തില്‍ മുറുക്കിയാണു കൃത്യം നടത്തിയത്‌. വിജിയുമായി സംഭവദിവസം രാവിലെയും തലേന്നും വഴക്കിട്ടിരുന്നു. ഭാര്യയെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ ദിവസങ്ങള്‍ക്കു മുന്‍പ്‌ ആലുവയിലെത്തിയത്‌.

അമ്മ ജോലിക്കു പോയ തക്കംനോക്കിയെത്തി വിജിയെ തല്ലി കട്ടിലിലിട്ടശേഷമാണ്‌ കഴുത്തു മുറുക്കിയത്‌. ഭാര്യയുടെ കൈയിലെ സ്വര്‍ണവള മാത്രമേ താനെടുത്തുള്ളൂവെന്നും ഇയാള്‍ പോലീസിനോടു പറഞ്ഞു.

കൊല നടത്തിയശേഷം കുഞ്ഞുമൊത്ത്‌ ബസില്‍ കലൂരെത്തി ഗുരുവായൂര്‍ ലിമിറ്റഡ്‌ സ്‌റ്റോപ്പ്‌ ബസ്‌ പിടിക്കുകയായിരുന്നു.

വള വിറ്റപണം ഉപയോഗിച്ചാണ്‌ പലയിടത്തും തങ്ങിയതും ഭക്ഷണം കഴിച്ചതുമെന്നും പ്രതി പറഞ്ഞു. മൊബൈല്‍ ഫോണ്‍ നമ്പര്‍ പ്രകാരമാണ്‌ പോലീസ്‌ തെരച്ചില്‍ നടത്തിയത്‌. കോഴിക്കോട്‌ ടൗണില്‍ കുട്ടിയുമൊത്ത്‌ ഇയാളെ കണ്ടെത്തി. മണിക്കൂറുകള്‍ക്കകം പ്രതിയെ കസ്‌റ്റഡിയിലെടുത്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മകന്‍ അഭിലാഷിനെ ആലുവ ജനസേവ ശിശുഭവനില്‍ പ്രവേശിപ്പിച്ചു. തെളിവെടുപ്പിനുശേഷം പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment