Thursday, October 28, 2010

ആന്ധ്രയില്‍ ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ മലയാളി സഹോദരങ്ങള്‍ പിടിയില്‍
കോഴിക്കോട്‌': സ്‌മാര്‍ട്‌ കാര്‍ഡിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ കോഴിക്കോട്ടുകാരായ സഹോദരങ്ങള്‍ ആന്ധ്രാപ്രദേശില്‍ പിടിയില്‍. കോഴിക്കോട്‌ മാവൂര്‍ റോഡിലെ എം.പി. ഹൗസില്‍ എം.പി. ഷാനവാസ്‌ (35), എം.പി. അനസ്‌ (22) എന്നിവാണു ഹൈദരാബാദ്‌ ബഞ്ചാരാ ഹില്‍സ്‌ പോലീസിന്റെ പിടിയിലായത്‌. ഇവരില്‍നിന്നു കംപ്യൂട്ടറുകളും നിരവധി സോഫ്‌റ്റ്വേര്‍ സ്‌മാര്‍ട്‌ കാര്‍ഡുകളും പിടിച്ചെടുത്തു. 
സ്‌മാര്‍ട്‌ കാര്‍ഡ്‌ മാതൃകയില്‍ കാര്‍ഡുകള്‍ നിര്‍മിച്ചു നല്‍കി മൈ ബോണസ്‌ കാര്‍ഡ്‌ ടെക്‌ ഇന്ത്യാ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന പേരിലുള്ള സ്‌ഥാപനത്തിന്റെ മറവിലാണ്‌ ഇവര്‍ നിരവധി പേരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയത്‌.

വ്യാപാര സ്‌ഥാപനങ്ങളില്‍നിന്നു സാധനം വാങ്ങുമ്പോള്‍ വിലയില്‍ ഇളവു ലഭിക്കുമെന്നു പ്രചരിപ്പിച്ചാണു മൈ ബോണസ്‌ കാര്‍ഡ്‌ വിപണിയിലിറക്കിയത്‌. ആന്ധ്രയിലെ വിവിധ മാധ്യമങ്ങളില്‍ പരസ്യംചെയ്‌താണ്‌ ഇടപാടുകാരെ കണ്ടെത്തിയത്‌. നക്ഷത്രഹോട്ടലുകളിലും മറ്റും വിളിച്ചു കൂട്ടിയ ഇടപാടുകാരുടെ യോഗങ്ങളില്‍ വമ്പന്‍ വാഗ്‌ദാനങ്ങള്‍ നല്‍കിയാണ്‌ കാര്‍ഡ്‌ വിറ്റഴിച്ചത്‌.

കാര്‍ഡുപയോഗിച്ചു സാധാനങ്ങള്‍ വാങ്ങുമ്പോള്‍ നിശ്‌ചിത പോയിന്റ്‌ ഉപയോക്‌താക്കളുടെ ക്രെഡിറ്റില്‍ വരികയും അടുത്ത തവണ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഈ ക്രെഡിറ്റ്‌ അനുസരിച്ചുള്ള തുക വിലക്കിഴിവു ലഭിക്കുമെന്നുമായിരുന്നു വാഗ്‌ദാനം. ഇവര്‍ ഇതിനായി തയാറാക്കിയ സോഫ്‌റ്റ്വേറിലൂടെ പതിനഞ്ചു ദിവസം മാത്രമാണ്‌ കാര്‍ഡിനു സാധുത നല്‍കിയത്‌. 96 ലക്ഷം രൂപയാണ്‌ ഇവര്‍ കാര്‍ഡ്‌ നല്‍കി നേടിയത്‌. കാര്‍ഡ്‌ ഉപയോഗിക്കാനാവാതെ വന്നപ്പോഴാണ്‌ ഉപയോക്‌താക്കള്‍ പോലീസില്‍ പരാതി നല്‍കിയത്‌. ഇന്നലെയാണ്‌ ഇരുവരെയും ഹൈദരാബാദ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.
======================================================

No comments:

Post a Comment