| ചെറിയതുറ കലാപം: സ്‌ഫോടക വസ്‌തുക്കള്‍ നിര്‍മിച്ചതു നാഗ്‌പൂരില്‍ |
| തിരുവനന്തപുരം: ചെറിയതുറ വെടിവയ്‌പിനു കാരണമായ കലാപത്തിന് ഉപയോഗിച്ച സ്‌ഫോടകവസ്‌തുക്കള്‍ നാഗ്‌പൂരില്‍ നിര്‍മിച്ചതാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തി. വെടിവയ്‌പ് കേസുകളുടെ അന്വേഷണ പുരോഗതി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.എം. ബഷീറിന്റെ നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്‌ഥനായ എ. ഷാനവാസ് കോടതിയില്‍ സമര്‍പ്പിച്ചു. നിയോജെല്‍ 90 എന്ന അത്യുഗ്ര സ്‌ഫോടനശേഷിയുള്ള സ്‌ഫോടകവസ്‌തുവാണ് കലാപത്തിന് ഉപയോഗിച്ചതെന്നും ഇതു നാഗ്‌പൂരിലെ യെന്‍വെരേ എന്ന സ്‌ഥലത്തുളള അമീന്‍ എക്‌പ്ലോസീവില്‍ നിര്‍മിച്ചതാണെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. 2009 മേയ് 16 ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനേത്തുടര്‍ന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടതെന്നും ചെറിയതുറ സ്വദേശി അബൂബക്കറിന്റെ വക വള്ളവും വലയും നശിപ്പിച്ചതില്‍ ഒരു പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാക്കി പ്രതികളെക്കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരുക്കേറ്റ അഹമ്മദ് കരീം, നൗഷാദ്, അര്‍ഷാദ് എന്നിവരുടെ ശരീരത്തില്‍നിന്നും ചികിത്സാസമയം കണ്ടെടുത്ത ലോഹചീളുകള്‍ 0.303 എന്ന ബുള്ളറ്റിന്റെ ഭാഗമാണ്. സമീപപ്രദേശത്തെ തെങ്ങുകളില്‍ കണ്ട പാടുകള്‍ ബുള്ളറ്റ് കടന്നുപോയതാണ്. നാലുപേര്‍ വെടിയേറ്റും ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതം വന്നും മറ്റൊരാള്‍ ശക്‌തമായ ഇടിയേറ്റുമാണ് മരിച്ചതെന്നാണു റിപ്പോര്‍ട്ട്. ജില്ലാ ജഡ്‌ജി കെ. രാമകൃഷ്‌ണന്‍ അധ്യക്ഷനായി ചെറിയതുറ വെടിവയ്‌പിനെക്കുറിച്ച് തെളിവെടുപ്പു നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ക്രൈംബ്രാഞ്ചിന്റെ ഈ അന്വേഷണ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ വെടിവയ്‌പുകേസില്‍ പ്രതിപ്പട്ടികയിലായിരിക്കുന്ന പോലീസിനു തിരിച്ചടിയായേക്കും. |
Thursday, October 28, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment