Thursday, October 28, 2010

സ്‌ത്രീകളുടെ ആയുസിന്റെ രഹസ്യം‍‍

സ്‌ത്രീകളേക്കാള്‍ മികച്ചവരാണെന്നാണ്‌ പുരുഷന്മാരുടെ വാദം. എന്നാല്‍, ആയൂസിന്റെ കാര്യത്തില്‍ സ്‌ത്രീകള്‍ പുരുഷന്മാരെ കവച്ചുവയ്‌ക്കും. ലോകത്തിന്റെ എതാണ്ട്‌ ഏല്ലാ പ്രദേശങ്ങളിലും സ്‌ത്രീകള്‍ പരുഷന്മാരേക്കാള്‍ ആയൂര്‍ദൈര്‍ഘ്യത്തില്‍ മുന്‍പന്തിയിലാണ്‌. എന്താണ്‌ ഇതിന്റെ രഹസ്യമെന്ന്‌ അറിയാനുള്ള ഗവേഷണത്തിലായിരുന്നു ശാസ്‌ത്രജ്‌ഞര്‍. ഒടുവില്‍ അവര്‍ സ്‌ത്രീകളുടെ ആയൂര്‍ദൈര്‍ഘ്യത്തിന്റെ പിന്നിലുള്ള രഹസ്യം കണ്ടെത്തി.

സ്‌ത്രീകളുടെ ജീന്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കാന്‍ കഴിയുവിധമാണ്‌ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ്‌ ശാസ്‌ത്രലോകത്തിന്റെ കണ്ടെത്തല്‍. ജീവികളിലുള്ള ജീനാണ്‌ അവയുടെ സ്വഭാവവും രൂപവും മറ്റും നിര്‍ണയിക്കുന്നത്‌. ന്യൂകാസില്‍ സര്‍വകലാശാലയിലെ ടോം ക്രിക്‌വുഡിന്റെ നേതൃത്വത്തിലുള്ള ശാസ്‌ത്രജ്‌ഞരാണ്‌ ജീവന്റെ രഹസ്യം കണ്ടെത്തിയത്‌.

മനുഷ്യരില്‍ മാത്രമല്ല, മൃഗങ്ങളിലും പെണ്‍ജാതിയാണ്‌ ആയൂസിന്റെ കാര്യത്തില്‍ മുമ്പിലെന്ന്‌ ഇവയില്‍ നടത്തിയ ഗവേഷണങ്ങള്‍ തെളിയിച്ചിരുന്നു. സ്‌ത്രീകളുടെയും പുരുഷന്റെയും കോശങ്ങള്‍ പഠനത്തിനു വിധേയമാക്കിയപ്പോള്‍ സ്‌ത്രീകോശങ്ങളാണ്‌ പുരുഷകോശങ്ങളേക്കാള്‍ സ്വയം കേടുപാടുകള്‍ തീര്‍ക്കുന്നതില്‍ മികച്ചവയെന്നും കണ്ടെത്തി.

ഈ മാസത്തെ സയന്‍സ്‌ അമേരിക്കന്‍ മാസികയില്‍ ഈ ഗവേഷണ ഫലങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഇനി പറയൂ, സ്‌ത്രീയോ പുരുഷനോ- ആരാണ്‌ മികച്ചത്‌.

No comments:

Post a Comment