Tuesday, October 5, 2010

കോടതി കുറ്റക്കാരനെന്നു വിധിച്ചു; കുഴഞ്ഞുവീണ മുന്‍മന്ത്രി ആശുപത്രിയില്‍ മരിച്ചു
മുംഗര്‍ (ബിഹാര്‍): എട്ട്‌ ആര്‍.ജെ.ഡി. പ്രവര്‍ത്തകരെ കൂട്ടക്കൊലചെയ്‌തെന്ന കേസില്‍ കുറ്റക്കാരനാണെന്ന ജഡ്‌ജിയുടെ വിധിപ്രസ്‌താവന കേട്ടു കോടതിക്കു പുറത്തേക്കുവരവേ കുഴഞ്ഞുവീണ മുന്‍ മന്ത്രി ഒരു മണിക്കൂറിനുശേഷം ആശുപത്രിയില്‍ മരണമടഞ്ഞു. 
കോണ്‍ഗ്രസ്‌ നേതാവ്‌ സഞ്‌ജയ്‌ കുമാര്‍ സിംഗിനാണു ദാരുണമായ അന്ത്യം സംഭവിച്ചത്‌. സഞ്‌ജയ്‌ കുമാറും ഏഴു സഹപ്രവര്‍ത്തകരും കുറ്റക്കാരാണെന്നു വിധി പ്രസ്‌താവിച്ച അഡീഷണല്‍ ജില്ലാ ജഡ്‌ജി എസ്‌.സി. ശ്രീവാസ്‌തവയ്‌ക്കെതിരേ സഞ്‌ജയിന്റെ ബന്ധു കോട്‌വാലി പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി. കോടതിമുറിയില്‍ ആരോഗ്യസ്‌ഥിതി വഷളാകുന്നതു കണ്ട്‌ സഞ്‌ജയിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടും ജഡ്‌ജി അതിനു തയാറായില്ലെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബിപിന്‍ ബിഹാറി ആരോപിച്ചു.

ഇതുസംബന്ധിച്ച്‌ അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയുടെ പകര്‍പ്പും പോലീസിനു കൈമാറിയിട്ടുണ്ട്‌. കടുത്ത നെഞ്ചുവേദനമൂലം സഞ്‌ജയ്‌ കുമാര്‍ സിംഗ്‌ അബോധാവസ്‌ഥയിലായതായും ഉടന്‍ ചികിത്സ ലഭ്യമാക്കണമെന്നും ബിപിന്‍ ബിഹാറി അപേക്ഷയില്‍ വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ തന്റെ അപേക്ഷ ജഡ്‌ജി പരിഗണിച്ചില്ലെന്നും നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നെന്നും അഭിഭാഷകന്‍ കുറ്റപ്പെടുത്തി.

2001 ഡിസംബര്‍ 26 നു ഷെയ്‌ഖ്പുരയ്‌ക്കു സമീപമായിരുന്നു ആര്‍.ജെ.ഡി. പ്രവര്‍ത്തകര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത്‌. പ്രതികളുടെ ശിക്ഷ ഏഴിനു പറയുമെന്നു പ്രഖ്യാപിച്ചാണു ജഡ്‌ജി കോടതി നടപടികള്‍ അവസാനിപ്പിച്ചത്‌.

സഞ്‌ജയ്‌ കുമാറിന്റെ മരണത്തെത്തുടര്‍ന്ന്‌ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടം കോടതി അക്രമിച്ചു. കോടതിയിലെ ഫര്‍ണിച്ചറുകള്‍ക്കു കേടുപാടുപറ്റി. 
(mangalam)

No comments:

Post a Comment