ലോട്ടറിക്കേസ്: ഹൈക്കോടതിയുത്തരവ് പാലിച്ചില്ല; രേഖകള്‍ ഹാജരാക്കാതെ മേഘ മുങ്ങി
Posted on: 06 Oct 2010
പാലക്കാട്: ഭൂട്ടാന്‍ ലോട്ടറിയുടെ കേരളത്തിലെ പ്രൊമോട്ടര്‍ സംബന്ധിച്ച കരാര്‍രേഖകള്‍ ഹാജരാക്കണമെന്ന ഹൈക്കോടതി നിര്‍ദേശം അനുസരിക്കാന്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് കഴിഞ്ഞില്ല.ചൊവ്വാഴ്ച പാലക്കാട് വാണിജ്യനികുതി അസിസ്റ്റന്റ് കമ്മീഷണര്‍ക്കുമുമ്പാകെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അധികൃതര്‍ ഹാജരായിട്ടില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
ഇതോടെ സാന്റിയാഗോമാര്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള അന്യസംസ്ഥാനലോട്ടറി മാഫിയയ്ക്കുമേലുള്ള നിയമക്കുരുക്ക് മുറുകുകയാണ്. എ.ഐ.സി.സി. വക്താവ് മനു അഭിഷേക് സിംഗ്‌വിയെയും തമിഴ്‌നാട് അഡ്വക്കെറ്റ് ജനറല്‍ വി.എസ്. രാമനെയും ഹാജരാക്കിയിട്ടും മേഘയ്ക്ക് ദുരൂഹതയുടെ ഇരുള്‍മറയില്‍നിന്ന് പുറത്തുകടക്കാനാവുന്നില്ല.
ഭൂട്ടാന്‍സര്‍ക്കാരുമായുള്ള കരാര്‍രേഖകള്‍ ഹാജരാക്കണമെന്ന് രണ്ടാഴ്ചമുമ്പ് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ രേഖകളൊന്നും ഹാജരാക്കാതെ മേഘ ഒഴിഞ്ഞുമാറുകയായിരുന്നു. ഇപ്പോള്‍ ഹൈക്കോടതി തന്നെ ഉത്തരവിട്ടിട്ടും മേഘ പാലിച്ചിട്ടില്ല.
മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിനെ കേരളത്തില്‍ ലോട്ടറിയുടെ പ്രൊമോട്ടറാക്കിയ ഭൂട്ടാന്‍സര്‍ക്കാരിന്റെ ഔദ്യോഗികരേഖകള്‍ ചൊവ്വാഴ്ച ഹാജരാക്കാനാണ് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ആവശ്യപ്പെട്ടത്. ഒപ്പം മേഘയ്ക്ക് പറയാനുള്ളത് കേള്‍ക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് വാണിജ്യനികുതി അസിസ്റ്റന്റ് കമ്മീഷണര്‍ വെള്ളിയാഴ്ചയ്ക്കുമുമ്പ് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ഭൂട്ടാന്‍ സര്‍ക്കാരും മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സുമായി നേരിട്ട് കരാര്‍ ഒപ്പിട്ടിട്ടില്ല. ഭൂട്ടാന്‍ ലോട്ടറിയുടെ ഇന്ത്യയിലെ പ്രൊമോട്ടര്‍ മോണിക്ക എന്റര്‍പ്രൈസസ്സാണ്. മോണിക്കയാണ് കേരളത്തിലെ വിതരണാവകാശം മേഘയ്ക്ക് നല്‍കിയിരിക്കുന്നത്. ഭൂട്ടാന്‍സര്‍ക്കാരുമായി നേരിട്ട് കരാര്‍ ഒപ്പിട്ടിട്ടില്ലെങ്കിലും കേരളത്തിനുവേണ്ടി ലോട്ടറി അച്ചടിക്കുന്നതും വില്പന നടത്തുന്നതും നികുതി അടയ്ക്കുന്നതുമെല്ലാം മേഘയാണ്.
2010 ഏപ്രില്‍ ഒന്നിന് നിലവില്‍വന്ന കേന്ദ്ര ലോട്ടറി ചട്ടങ്ങള്‍ പ്രകാരം അന്യസംസ്ഥാനലോട്ടറി നടത്തിപ്പില്‍ അതത് സര്‍ക്കാരുകളുമായി കരാര്‍ ഒപ്പുവെക്കുന്ന ഏജന്‍സിതന്നെ ലോട്ടറി നടത്തണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതുപ്രകാരം കേരളത്തില്‍ മോണിക്ക എന്റര്‍പ്രൈസസ്സാണ് ഭൂട്ടാന്‍ലോട്ടറി നടത്തേണ്ടത്. മേഘയ്ക്ക് ഇതിനുള്ള അധികാരമില്ല. ഈ വാദഗതി ഉയര്‍ത്തിയാണ് മേഘ യഥാര്‍ഥ രേഖകള്‍ ഹാജരാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.
പ്രൊമോട്ടര്‍സ്ഥാനം തെളിയിക്കാന്‍ ആവശ്യപ്പെട്ട് രണ്ടാഴ്ചമുമ്പ് നടത്തിയ ഹിയറിങ്ങില്‍ രേഖകള്‍ ഹാജരാക്കാതെ മേഘ അധികൃതര്‍ വാണിജ്യനികുതി ഓഫീസില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു.
മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് രേഖകള്‍ ഹാജരാക്കിട്ടില്ലെന്ന വിവരം വാണിജ്യനികുതി വകുപ്പ് വെള്ളിയാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യും. പ്രാഥമിക റിപ്പോര്‍ട്ട് വാണിജ്യനികുതി വിഭാഗം കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്.(mathrubhumi)
No comments:
Post a Comment