Friday, October 1, 2010

നിയമത്തിന്റെ വഴികള്‍

ആദിവാസി യുവതിയെ പീഡിപ്പിച്ച കടയുടമയെ പോലീസ്‌ സംരക്ഷിക്കുന്നെന്ന്‌
കല്‍പ്പറ്റ: മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ കടയിലെത്തിയ ആദിവാസി യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ പ്രതിയായ കടയുടമയെ പോലീസ്‌ സംരക്ഷിക്കുകയാണെന്ന്‌ ആരോപണം. 
ബത്തേരി സി.ഐ. നേരിട്ട്‌ അന്വേഷിക്കുന്ന കേസില്‍ ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ അറസ്‌റ്റ് ചെയ്യാനായിട്ടില്ല. പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണു പോലീസ്‌ നല്‍കുന്ന വിശദീകരണം. എന്നാല്‍ പ്രതി ഇപ്പോഴും മൊബൈല്‍ കടയിലുണ്ടെന്നു പീഡിപ്പിക്കപ്പെട്ട യുവതി പറയുന്നു. ഉന്നതരുടെ ഇടപെടല്‍ മൂലമാണു കേസന്വേഷണം നടക്കാത്തതെന്ന്‌ ആരോപണമുണ്ട്‌.

ഓഗസ്‌റ്റ് 24നു വൈകിട്ടാണു കേസിനാസ്‌പദമായ സംഭവം. ബത്തേരിക്കടുത്ത നൂല്‍പ്പുഴ പച്ചാടി പണിയ കോളനിയിലെ യുവതിയാണു ബലാത്സംഗത്തിനിരയായത്‌. മൊബൈല്‍ ഫോണ്‍ വാങ്ങാനാണ്‌ ബത്തേരി ബസ്‌ സ്‌റ്റാന്‍ഡിനടുത്ത മൊബൈല്‍ കടയിലെത്തിയത്‌. ഇതിനായി 2000 രൂപയും നല്‍കി. തുടര്‍ന്ന്‌ കടയുടമ സിം കാര്‍ഡെടുത്തു തരാമെന്നു പറഞ്ഞ്‌ ഓട്ടോയില്‍ കയറ്റി ബീനാച്ചിക്കടുത്ത്‌ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച്‌ ബലാത്സംഗം ചെയ്യുകയായിരുന്നു. പുലര്‍ച്ചെ മൂന്നു മണിക്ക്‌ ബത്തേരി ടൗണിനടുത്ത്‌ ഇറക്കിവിട്ടു. പോലീസില്‍ അഭയം പ്രാപിച്ച തന്റെ പരാതി പോലും കേള്‍ക്കാതെ അസഭ്യം പറഞ്ഞ്‌ സ്‌റ്റേഷനില്‍ നിന്നും ഇറക്കിവിട്ടെന്നും യുവതി പറയുന്നു. തുടര്‍ന്ന്‌ അവശയായ യുവതി ബത്തേരി ഗവ. ആശുപത്രിയില്‍ അഡ്‌മിറ്റായി. മൊഴിയെടുക്കാന്‍ ആശുപത്രിയിലെത്തിയ പോലീസ്‌ മൊഴി തിരുത്തിയാണ്‌ എഫ്‌.ഐ.ആര്‍. തയാറാക്കിയതെന്നു നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. പ്രതിയെ പോലീസ്‌ സംരക്ഷിക്കുകയാണെന്നു കാണിച്ച്‌ മാനന്തവാടി ഡിവൈ.എസ്‌.പി.ക്ക്‌ പരാതി നല്‍കിയിരുന്നെങ്കിലും ഇതിലും യാതൊരുവിധ അന്വേഷണവും ആരംഭിച്ചിട്ടില്ല. ഇതിനിടെ, യുവതിക്കു വധഭീഷണി ഉണ്ടായതായും പരാതിയുണ്ട്‌.

ഈ സാഹചര്യത്തില്‍ ആരോപണവിധേയനായ ബത്തേരി സി.ഐ. ഷാജി വര്‍ഗീസിനെ കേസന്വേഷണത്തില്‍ നിന്നു മാറ്റിനിര്‍ത്തണമെന്ന്‌ എസ്‌.സി.-എസ്‌.ടി. കോ-ഓര്‍ഡിനേഷന്‍ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. പ്രതിയെ പിടികൂടാത്തപക്ഷം ബത്തേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ കാര്യാലയത്തിലേക്കു മാര്‍ച്ച്‌ നടത്തുമെന്നും ജില്ലാ കൗണ്‍സില്‍ ഭാരവാഹികളായ പി.കെ. രാധാകൃഷ്‌ണന്‍, കെ. അമ്മിണി, എടക്കല്‍ മോഹനന്‍, വി.ടി. കുമാര്‍ പറഞ്ഞു. (mangalam)

No comments:

Post a Comment