Monday, October 4, 2010

ഇത് കേരള നാട് !

കോട്ടയം മെഡിക്കല്‍ കോളജ്‌ മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ പുഴുവരിച്ചു
കോട്ടയം: മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ പുഴുവരിച്ചു. അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥിയുടെ മൃതദേഹം മോര്‍ച്ചറിയില്‍വയ്‌ക്കാനെത്തിയ ബന്ധുക്കള്‍ പുഴുവരിക്കുന്ന മൃതദേഹങ്ങള്‍ കണ്ട്‌ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്നാണ്‌ സംഘര്‍ഷം. ഇന്നലെ വൈകിട്ട്‌ നാലിനാണ്‌ സംഭവം.

ബൈക്ക്‌ അപകടത്തില്‍ പരുക്കേറ്റ്‌ മരിച്ച നാല്‍പാത്തിമല തുമ്പോലില്‍ അശ്വിന്റെ (16) മൃതദേഹം മോര്‍ച്ചറിയില്‍ വയ്‌ക്കാനെത്തിയവരാണ്‌ പുഴുവിനെ കണ്ടത്‌.

മോര്‍ച്ചറിക്കുള്ളില്‍ ഇടയില്ലാത്തതിനാല്‍ മോര്‍ച്ചറിയ്‌ക്കുള്ളിലെ ഫ്രീസറിനോടു ചേര്‍ത്ത്‌ മൃതദേഹം വയ്‌ക്കാനായിരുന്നു അധികൃതരുടെ നിര്‍ദേശം. മൃതദേഹം ഇവിടെ വയ്‌ക്കാന്‍ തുടങ്ങിയപ്പോഴാണ്‌ തറയില്‍ കൂടിക്കിടക്കുന്ന പുഴുക്കളെ കണ്ടത്‌. ഇതോടെ ആളുകള്‍ ബഹളംവയ്‌ക്കുകയായിരുന്നു.

സ്‌ഥലത്ത്‌ സംഘര്‍ഷാവസ്‌ഥ ഉടലെടുത്തതിനെ തുടര്‍ന്ന്‌ ഗാന്ധിനഗര്‍ എസ്‌്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി. എന്നാല്‍ വിവരമറിഞ്ഞ്‌ കൂടുതലാളുകളും രോഗികളും തടിച്ചുകൂടിയതോടെ സ്‌ഥലത്ത്‌ സംഘര്‍ഷാവസ്‌ഥ ഉടലെടുത്തു. ഇതിനിടയില്‍ യുവാവിന്റെ ബന്ധുക്കളുമായി സംസാരിച്ചശേഷം എസ്‌.ഐ. തന്നെ ആംബുലന്‍സ്‌ വിളിച്ചുവരുത്തി മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

എന്നാല്‍ സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ആശുപത്രി മോര്‍ച്ചറി തുറന്നുകാണണമെന്ന്‌ ആവശ്യപ്പെട്ടു. അധികൃതര്‍ ഇതിനു തയാറാകാത്തതിനെ തുടര്‍ന്നു വീണ്ടും സംഘര്‍ഷാവസ്‌ഥയുണ്ടായി. തുടര്‍ന്ന്‌ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘവും ജോസ്‌ കെ. മാണി എം.പിയും തോമസ്‌ ചാഴികാടന്‍ എം.എല്‍.എയും സ്‌ഥലത്തെത്തി. മോര്‍ച്ചറിക്കുള്ളില്‍നിന്നു രൂക്ഷമായ ദുര്‍ഗന്ധമാണുയരുന്നതെന്നും പ്രശ്‌നത്തിനു പരിഹാരമുണ്ടാകണമെന്നും നാട്ടുകാര്‍ ഇവരോട്‌ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന്‌ മോര്‍ച്ചറി തുറന്നുകാണിക്കാന്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. മോര്‍ച്ചറിക്കുള്ളില്‍ പുഴുക്കളെ കണ്ട എം.പിയും എം.എല്‍.എയും ഉടന്‍ മോര്‍ച്ചറി ശുചിയാക്കാന്‍ സൂപ്രണ്ടിന്‌ കര്‍ശന നിര്‍ദേശം നല്‍കി. രാത്രിയില്‍തന്നെ ശുചീകരണത്തൊഴിലാളികളെത്തി മോര്‍ച്ചറി ശുചിയാക്കി. മോര്‍ച്ചറിക്കുള്ളില്‍ മൃതദേഹങ്ങള്‍ നിറഞ്ഞിരിക്കുന്നതിനാലാണ്‌ മൃതദേഹങ്ങള്‍ പുറത്തുകിടത്തേണ്ടിവന്നതെന്ന്‌ ആശുപത്രി സൂപ്രണ്ട്‌ പറഞ്ഞു. പതിനൊന്നു മൃതദേഹങ്ങള്‍വരെയാണ്‌ സൂക്ഷിക്കാന്‍ കഴിയുക. ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നതില്‍ ഭൂരിഭാഗവും അജ്‌ഞാത മൃതദേഹങ്ങളുമാണ്‌.

കഴിഞ്ഞ ദിവസം നാല്‍പാത്തിമല സ്വദേശിയായ യുവാവ്‌ വെള്ളത്തില്‍ മുങ്ങിമരിച്ചിരുന്നു. മോര്‍ച്ചറിയില്‍ ഇടയില്ലാത്തതിനാല്‍ ഇയാളുടെ മൃതദേഹവും മോര്‍ച്ചറിക്കു പുറത്താണ്‌ സൂക്ഷിച്ചിരുന്നത്‌. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ട്രെയിന്‍ അപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി രാജേഷിന്റെ മൃതദേഹം മോര്‍ച്ചറിക്ക്‌ പുറത്ത്‌ സൂക്ഷിച്ചതിനെ തുടര്‍ന്ന്‌ അഴുകിയിരുന്നു. ഈ സംഭവം വിവാദമായെങ്കിലും മോര്‍ച്ചറി ശുചിയാക്കാനോ അജ്‌ഞാതമൃതദേഹങ്ങള്‍ നീക്കം ചെയ്യാനോ അധികൃതര്‍ നടപടിയെടുത്തിരുന്നില്ല (mangalam).

No comments:

Post a Comment