കരം കെട്ടിയതിന്റെ വ്യാജ രസീത് നല്‍കിയ വില്ലേജ് അസിസ്‌റ്റന്റും ഇടനിലക്കാരനും അറസ്‌റ്റില്‍ |
മൂന്നാര്‍: റീ സര്‍വേ ചെയ്യാത്ത സ്‌ഥലത്തിന്റെ പേരില്‍ കരം കെട്ടിയ വ്യാജ രസീത് നല്‍കിയ വില്ലേജ് അസിസ്‌റ്റന്റിനെയും ഇടനിലക്കാരനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. മാങ്കുളം വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്‌റ്റന്റ് അടിമാലി വേലംപ്ലാക്കല്‍ ഷൈജു ആന്റണി (35), ഇടനിലക്കാരന്‍ മാങ്കുളം മറ്റപ്പള്ളിക്കുടിയില്‍ എം.എം. ബഷീര്‍ (37) എന്നിവരെയാണ് എസ്.ഐ.: വി.എസ്.അനില്‍കുമാര്‍ അറസ്‌റ്റ് ചെയ്‌തത്. മാങ്കുളം വില്ലേജിലെ 76/1 സര്‍വേ നമ്പരില്‍പ്പെട്ട ഒന്നര ഏക്കര്‍ ഭൂമി കഴിഞ്ഞ ജൂണ്‍ നാലിനു ചന്ദ്രനെന്നയാളില്‍നിന്നു വാഴപ്ലാക്കുടിയില്‍ സണ്ണി ജോണ്‍ വാങ്ങാന്‍ കരാറെഴുതിയ സ്‌ഥലം സംബന്ധിച്ചാണു വ്യാജ രസീത് ഉണ്ടാക്കിയത്. സണ്ണി ഈ സ്‌ഥലം ബേബി ചാക്കോ എന്നയാള്‍ക്കു മറിച്ചു കൊടുക്കാന്‍ വീണ്ടും കരാര്‍ എഴുതിയപ്പോള്‍ ബാങ്കു വായ്‌പയ്‌ക്കായി കരം കെട്ടിയ രസീത് ആവശ്യമായി വന്നു. ഇതനുസരിച്ചു കരമടച്ച രസീതു വാങ്ങി നല്‍കാമെന്നു പറഞ്ഞ് ഇടനിലക്കാരനായ ബഷീര്‍ സണ്ണിയെ സമീപിക്കുകയായിരുന്നു. 10,000 രൂപ വാങ്ങിയ ബഷീര്‍ കരമടച്ച രസീത് സംഘടിപ്പിച്ചു നല്‍കി. ഇതുമായി മൂന്നാറിലെ ഒരു ബാങ്കില്‍ എത്തിയ സണ്ണിയോടു കരമെടുക്കാന്‍ അനുമതിയില്ലാത്ത വില്ലേജിലെയാണിതെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് വില്ലേജ് ഓഫീസിലെത്തിയപ്പോഴാണ് കരമടച്ച രസീത് വ്യാജമാണെന്നറിയുന്നത്. 95 വരെ ഉപയോഗിച്ചിരുന്നതും ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ രസീതാണിതിനുപയോഗിച്ചത്. മാങ്കുളം വില്ലേജ് ഓഫീസില്‍നിന്ന് ഇത്തരം നിരവധി കരമടച്ച രസീതുകള്‍ വന്‍ തുകയ്‌ക്കു നല്‍കിയിട്ടുള്ളതായാണു വിവരമെന്നു പോലീസ് അറിയിച്ചു. 10,000 മുതല്‍ 25,000 രൂപവരെ കൈക്കൂലി വാങ്ങിയാണ് ഇടനിലക്കാര്‍ വഴി രസീത് നല്‍കിയിരുന്നതത്രേ. വില്ലേജ് ഓഫീസിലെ കരമടയ്‌ക്കുന്ന രസീത് ബുക്കിലെ 31 മുതല്‍ 106 വരെയുള്ള പേരുകള്‍ കാന്‍സല്‍ ചെയ്‌തശേഷം ഈ പേജിലാണു വ്യാജ രസീത് ഇയാള്‍ നല്‍കിയിരുന്നത്. വീട്ടില്‍ രസീത്‌വച്ച് അവിടെയും രസീത് നല്‍കിയിരുന്നു. വിവിധ വില്ലേജ് ഓഫീസുകളുമായി ബന്ധം സ്‌ഥാപിച്ചു വ്യാജ രേഖകള്‍ സംഘടിപ്പിച്ചു കൊടുക്കുന്നതാണു ബഷീറിന്റെ ജോലിയെന്നും പോലീസ് പറഞ്ഞു. സണ്ണി ദേവികുളം കോടതിയില്‍ ഫയല്‍ ചെയ്‌ത അന്യായത്തേത്തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. ഹെഡ് കോണ്‍സ്‌റ്റബിള്‍ എം.എസ്. പ്രകാശ്, ബി. സന്തോഷ്, അബാസ്, ജോയി, ലാലു എന്നിവരും പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു (mangalam). |
Monday, October 4, 2010
വ്യാജ കേരളം --- കരം കെട്ടിയ വ്യാജ രസീത്
Subscribe to:
Post Comments (Atom)
No comments:
Post a Comment