Friday, October 1, 2010

ആഗോള നായര്‍ സമ്മേളനം

ആഗോള നായര്‍ സമ്മേളനം 17-ന് ഡല്‍ഹിയില്‍
Posted on: 02 Oct 2010

ന്യൂഡല്‍ഹി: ഡല്‍ഹി എന്‍.എസ്.എസ്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള നായര്‍ സമ്മേളനം 17ന് വൈകിട്ട് അഞ്ചിന് സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. ലോകമെമ്പാടുമുള്ള നായര്‍ സംഘടനകളുടെ കൂട്ടായ്മയായ ഗ്ലോബല്‍ നായര്‍ സര്‍വീസ് സൊസൈറ്റി എന്ന സംഘടനയുടെ രൂപവത്കരണത്തിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ നിര്‍വഹിക്കും. കേന്ദ്ര കൃഷി സഹമന്ത്രി പ്രൊഫ. കെ.വി. തോമസ്, പീതാംബരക്കുറുപ്പ് എം.പി, ഡോ. സി.വി. ആനന്ദ് ബോസ്, കെ.ജി. മന്മഥന്‍നായര്‍, ഡോ. രവി പിള്ള, ഡോ. വിശ്വനാഥന്‍ വെന്നിയില്‍, വിജയമോഹന്‍, എം.കെ. ഉണ്ണിത്താന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ഡല്‍ഹി എന്‍.എസ്.എസ്. രക്ഷാധികാരി അഡ്വ. കെ.കെ. വേണുഗോപാല്‍ അധ്യക്ഷത വഹിക്കും. പ്രസിഡന്‍റ് എം.കെ.ജി. പിള്ള, ജനറല്‍ സെക്രട്ടറി ആര്‍.ആര്‍. നായര്‍, ട്രഷറര്‍ വേണുഗോപാല്‍ പാലിയത്ത്, സംഘാടക സമിതി ചെയര്‍മാന്‍ ബാലചന്ദ്രന്‍ നായര്‍ തുടങ്ങിയവരും സംസാരിക്കും. മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പ് വിതരണവും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും ഉണ്ടായിരിക്കും. സമ്മേളനത്തിനുശേഷം സിനിമാ പിന്നണി ഗായകന്‍ സുദീപ് കുമാറും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

അന്നു രാവിലെ ആഗസ്ത് ക്രാന്തിമാര്‍ഗിലെ എന്‍.സി.യു.ഐ. ഓഡിറ്റോറിയത്തില്‍ നടത്തുന്ന പ്രതിനിധി സമ്മേളനം ഡോ.സി.വി ആനന്ദ്‌ബോസ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് എം.കെ.ജി. പിള്ള അധ്യക്ഷത വഹിക്കും. ഡോ. ടി.പി. ശശികുമാര്‍ മോഡറേറ്ററായിരിക്കും. ഡല്‍ഹിയിലെ 19 കരയോഗങ്ങളുടെ പ്രതിനിധികളെ കൂടാതെ, ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന നായര്‍ സംഘടനകളുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ സന്നദ്ധപ്രവര്‍ത്തകര്‍ക്കുളള പരിശീലനവും തയ്യാറെടുപ്പുകളെ പറ്റിയുള്ള വിശദീകരണവും ചര്‍ച്ചയും ഞായറാഴ്ച വൈകിട്ട് മൂന്നിന് ആര്‍.കെ. പുരം സെക്ടര്‍ നാലിലെ ഡി.എം.എ. സാംസ്‌കാരിക കേന്ദ്രത്തില്‍ നടത്തും. (mathrubhumi)

No comments:

Post a Comment