പൊതുമാപ്പ്: പാസ്‌പോര്‍ട്ടുള്ള തൊഴിലേതര വിസക്കാര്‍ മടങ്ങുന്നു
അക്ബര്‍ പൊന്നാനി
Posted on: 05 Oct 2010
ജിദ്ദ: സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രകാരം അനധികൃത താമസക്കാര്‍ സ്വദേശത്തേക്ക് മടങ്ങിത്തുടങ്ങി. ഹജ്ജ്, ഉംറ, വിസിറ്റിങ്, ബിസിനസ് വിസകളില്‍ സൗദിയിലെത്തി കാലാവധി കഴിഞ്ഞും ഇവിടെ തങ്ങുന്നവരില്‍ പാസ്‌പോര്‍ട്ട്, മടക്ക ടിക്കറ്റ് എന്നിവ കൈവശം ഉള്ളവര്‍ക്കാണ് ഇപ്പോള്‍ ഉടനെ രാജ്യം വിടാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇവര്‍ക്ക് നേരിട്ട് ഡീപ്പോര്‍ട്ടേഷന്‍ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാം. ഇത്തരം 25 പേരുടെ അപേക്ഷകളാണ് ദിനംപ്രതി സ്വീകരിക്കുന്നതെന്ന് ജിദ്ദയിലെ ഡീപോര്‍ട്ടേഷന്‍ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ശരഫിയ്യയിലെയും ദല്ല ഏരിയയിലെയും പ്രവാസികാര്യ കേന്ദ്രങ്ങളിലൂടെ നൂറുകണക്കിന് അനധികൃത താമസക്കാര്‍ ഇതിനകം സ്വദേശത്തേക്ക് മടങ്ങിക്കഴിഞ്ഞു. ഇവര്‍ പിഴയടക്കേണ്ടതില്ല. ഈ വിസകളില്‍ വന്നു മടക്കം വൈകിയവര്‍ പതിനായിരം റിയാല്‍ വീതം പിഴ അടക്കണമെന്നാണ് നിലവിലുള്ള നിയമം. അവരവരുടെ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നുള്ള രേഖകളും ഇതിനുവേണ്ട.അതേസമയം, മടക്ക യാത്രയ്കുള്ള ടിക്കറ്റ് സ്വന്തമായി ഇല്ലാത്തവര്‍ക്കും ശിക്ഷയൊന്നും ഇല്ലാതെ മടങ്ങാം. എങ്കിലും ഡീപോര്‍ട്ടേഷന്‍ കേന്ദ്രത്തിന്റെ തടവില്‍ വിമാന സീറ്റ് അവസരം ആവുന്നത് വരെ കഴിയേണ്ടിവരും.
എന്നാല്‍, ഉംറ, ഹജ്ജ്, വിസിറ്റിങ് എന്നീ വിസകളില്‍ വന്നവരില്‍ പാസ്‌പോര്‍ട്ട് കൈവശം ഇല്ലാത്തവര്‍ അതതു രാജ്യങ്ങളുടെ എംബസിയില്‍ നിന്നോ കോണ്‍സുലേറ്റുകളില്‍ നിന്നോ ലഭിക്കുന്ന എമര്‍ജന്‍സി ഔട്ട്പാസ് നേടിയിരിക്കണം. തുടര്‍ന്ന്, തങ്ങള്‍ സൗദിയില്‍ എത്തിയ വിസയുടെ പ്രിന്റ് ഔട്ട് സഹിതമാണ് ഡീപോര്‍ട്ടേഷന്‍ കേന്ദ്രത്തില്‍ ഹാജരാകേണ്ടത്. സൗദി പാസ്‌പോര്‍ട്ട് (ജവാസാത്ത്) ഓഫീസില്‍ നിന്നു വിസയുടെ പ്രിന്റ് ഔട്ട് ലഭിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് ജിദ്ദ കോണ്‍സുലേറ്റ് കവാടത്തില്‍ പതിച്ചിട്ടുണ്ട്.
ഇന്ത്യന്‍ നയതന്ത്ര കാര്യങ്ങളില്‍ ഔട്ട്പാസ് നല്‍കാനുള്ള സജ്ജീകരണം കൈക്കൊണ്ടിട്ടുണ്ട്. എങ്കിലും ഉംറ വിസക്കാരില്‍ പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ വളരെ വിരളമാണെന്നു സാമൂഹികക്ഷേമകാര്യ കോണ്‍സല്‍ എസ്.ഡി.മൂര്‍ത്തി പറഞ്ഞു. ഹജ്ജ്, ഉംറ, വിസിറ്റിങ് വിസക്കാര്‍ക്ക് ഔട്ട്പാസ് അപേക്ഷ നല്‍കി തൊട്ടടുത്ത ദിവസം ഔട്ട് പാസ് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മറ്റു വിസകളില്‍ വന്ന് നടപടികള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക് ഔട്ട്പാസ് നല്‍കുന്നത് നിര്‍ത്തലാക്കുകയാണെന്നും മൂര്‍ത്തി അറിയിച്ചു.
അതേസമയം തൊഴില്‍ വിസയില്‍ എത്തി പല കാരണങ്ങളാല്‍ അധികൃതരുടെ ഗണത്തില്‍ ആയവരുടെ കാര്യത്തില്‍ പൊതുമാപ്പ് ഇപ്പോള്‍ ബാധകമാക്കിയിട്ടില്ലെന്നാണ് അറിവായത്. ഇവര്‍ക്ക് നിയമാനുസൃതമുള്ള അന്വേഷണങ്ങള്‍ നേരിടേണ്ടിവരും (mathrubhumi).
No comments:
Post a Comment