Wednesday, October 6, 2010

നാല് മന്ത്രിമാരെ പുറത്താക്കി: യെദ്യൂരപ്പ സര്‍ക്കാര്‍ പ്രതിസന്ധിയില്‍
Posted on: 06 Oct 2010

ബാംഗ്ലൂര്‍: ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള കര്‍ണാടകത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തില്‍. വിമതഭീഷണി ഉയര്‍ത്തിയ നാല് മന്ത്രിമാരെ മുഖ്യമന്ത്രി പുറത്താക്കി. വെങ്കട്ടരമണപ്പ, ശിവരാജ് തങ്ങടഗി, ഡി സുധാകര്‍, പി.എം നരേന്ദ്രസ്വാമി എന്നിവര്‍ക്കാണ് സ്ഥാനം നഷ്ടമായത്. ആവശ്യമെങ്കില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയാറാണെന്നും യെദ്യൂരപ്പ അറിയിച്ചു. 

മുഖ്യമന്ത്രിയും ബെല്ലാരി സഹോദരന്മാരും തമ്മിലുള്ള പോര് മന്ത്രിസഭയുടെ നിലനില്‍പ്പിന് പലപ്പോഴും ഭീഷണി ഉയര്‍ത്തിയിരുന്നു. കേന്ദ്ര നേതൃത്വം ഇടപെട്ട് ഓരോ തവണയും ഫോര്‍മുലകള്‍ രൂപപ്പെടുത്തിയാണ് സര്‍ക്കാരിനെ നിലനിര്‍ത്തിയത്. കഴിഞ്ഞയിടെ നടത്തിയ മന്ത്രിസഭാ വികസനത്തില്‍ ചിലര്‍ക്കുള്ള അസംതൃപ്തിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് വഴിവെച്ചത്. ബെല്ലാരി സഹോദരന്മാരോട് അടുപ്പം പുലര്‍ത്തുന്ന ചിലരെ ഒഴിവാക്കിയ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വിശ്വസ്തയായ ശോഭ കരന്തലാജയെ വീണ്ടും മന്ത്രിയാക്കുകയും ചെയ്തിരുന്നു. 

ഏഴ് മന്ത്രിമാര്‍ ഉള്‍പ്പടെ 20 എം.എല്‍.എമാരാണ് ഇടഞ്ഞുനില്‍ക്കുന്നത്. കലാപക്കൊടി ഉയര്‍ത്തിയ എം.എല്‍.എമാര്‍ ചെന്നൈയില്‍ ഒരു റിസോര്‍ട്ടിലാണ് തങ്ങുന്നത്. ഇതിനിടെ സംസ്ഥാനത്ത് ബദല്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് ജനതാദള്‍ നേതാക്കള്‍ കൂടിയാലോചന നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. (mathrubhumi)

No comments:

Post a Comment