ഹാജിമാര്‍ക്ക് ആരോഗ്യ മാര്‍ഗരേഖ പുറത്തിറക്കി
അക്ബര്‍ പൊന്നാനി
Posted on: 06 Oct 2010

ജിദ്ദ: ഈവര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിനെത്തുന്നവര്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ അടങ്ങിയ ആരോഗ്യ മാര്‍ഗരേഖ സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. മഞ്ഞപ്പനി, മെനഞ്ചൈറ്റിസ്, കുട്ടികളിലെ പോളിയോ, നടപ്പ് പനിക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ് എന്നിവയ്ക്കാണ് ഇത്തവണ പ്രത്യേക ശ്രദ്ധയെന്ന് ആരോഗ്യ മാര്‍ഗരേഖ വിവരിച്ച് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. ഖാലിദ് മുഹമ്മദ് മീര്‍ഗലാനി അറിയിച്ചു. മെനിഞ്ചൈറ്റിസിന് ചതുഷ്ഫല പ്രതിരോധ വാക്‌സിന്‍ എല്ലാ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരും എടുത്തിരിക്കണം.
രണ്ടുവയസ്സ് മുതല്‍ പ്രായമുള്ളവരെല്ലാം തങ്ങളുടെ രാജ്യത്തുതന്നെ ഒരു ഡോസ് ചതുഷ്ഫല വാക്‌സിന്‍ എടുക്കണം. സൗദിയില്‍ എത്തുന്നതിന് മുമ്പായി പത്ത് ദിവസത്തില്‍ കുറയാത്തതും മൂന്ന് വര്‍ഷത്തില്‍ കവിയാത്തതുമായ കാലപരിധിയ്ക്കകത്ത് ഹാജിമാര്‍ വാക്‌സിന്‍ ചെയ്‌തെന്ന് ഉറപ്പാക്കണം. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. പോളിയോ തുള്ളിമരുന്ന് കഴിക്കേണ്ടത് ഇരുപതോളം ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ബാധകമാണ്. ഇവിടങ്ങളില്‍ നിന്നുള്ള 15 വയസ്സിനു താഴെ പ്രായമുള്ളവര്‍ സൗദിയിലെത്തുന്നതിന് ആറ് ആഴ്ചയെങ്കിലും മുമ്പായി പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്കുകയും അതിനുള്ള സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
സൗദി ആരോഗ്യമന്ത്രാലയ ലിസ്റ്റ് പ്രകാരം ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, നൈജീരിയ എന്നിവ പോളിയോ ബാധിത രാജ്യങ്ങളാണ്. ഇവിടങ്ങളില്‍ നിന്നുള്ള എല്ലാ പ്രായക്കാര്‍ക്കും തുള്ളിമരുന്ന് നിര്‍ബന്ധമാണ്. സൗദിയിലെത്തുന്നതിന് ചുരുങ്ങിയത് ഒമ്പത് ആഴ്ചകള്‍ക്ക് മുമ്പ് ഇത് ചെയ്തിരിക്കണം. സൗദി കവാടങ്ങളില്‍വെച്ച് ഇവര്‍ക്ക് ഒരു ഡോസ് കൂടി പോളിയോ തുള്ളിമരുന്ന് നല്കുമെന്നും അറിയിപ്പില്‍ ഉണ്ട്.
മഞ്ഞപ്പനി ബാധിതരാഷ്ട്രങ്ങളുടെ പേരുകള്‍ സൗദി ആരോഗ്യ മാര്‍ഗരേഖയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആഫ്രിക്കന്‍-ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളാണ് ഇവ. ഇവിടങ്ങളില്‍ നിന്നു വരുന്ന തീര്‍ഥാടകര്‍ സൗദിയില്‍ എത്തുന്നതിന് ചുരുങ്ങിയത് പത്ത് ദിവസം മുമ്പായി മഞ്ഞപ്പനിയടെ കുത്തിവെപ്പ് ചെയ്തിരിക്കണം. തീര്‍ഥാടകര്‍ സൗദിയിലെത്തുന്ന വാഹനങ്ങള്‍ മഞ്ഞപ്പനി പരത്തുന്ന കൊതുകുകളില്‍നിന്നു മുക്തമാണെന്നതിനുള്ള സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.
ഇവയ്‌ക്കെല്ലാം പുറമെ, ഹൃദയം, വൃക്ക, ശ്വസനം, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഉള്ളവര്‍ രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍ (എച്ച്.ഐ.വി.ക്കാര്‍), ഞരമ്പ് സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍, ശരീരതൂക്കം ഏറെ കൂടിയവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ പ്രതിരോധ കുത്തിവെപ്പ് ചെയ്തിരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്നു.
ഹാജിമാര്‍ക്ക് ലഗേജില്‍ കൊണ്ടുവരാന്‍ അനുവാദമുള്ള ഭക്ഷണസാധനങ്ങള്‍ സംബന്ധിച്ചും ആരോഗ്യമാര്‍ഗരേഖയില്‍ പ്രതിപാദിക്കുന്നുണ്ട്. സ്വന്തമായി പാകം ചെയ്തവ പരിശോധനാര്‍ഥം എളുപ്പത്തില്‍ എടുക്കാവുന്നവിധം ടിന്നുകളില്‍ ഭദ്രമായി സൂക്ഷിക്കണം. കരമാര്‍ഗം എത്തുന്നവര്‍ യാത്രയില്‍ കഴിക്കാവുന്നത്ര അളവ് മാത്രമേ കൈവശം വെക്കാവൂ എന്നും ഇതില്‍ പറയുന്നു.(mathrubhumi)
No comments:
Post a Comment