Thursday, October 7, 2010

മലവെള്ളപ്പാച്ചിലില്‍ പീച്ചി പൈപ്പ് ഒഴുകിപ്പോയി നഗരത്തിലും സമീപപ്രദേശങ്ങളിലും മൂന്നുദിവസം വെള്ളം മുടങ്ങും
Posted on: 08 Oct 2010




തൃശ്ശൂര്‍: പീച്ചി കൊലയാനക്കുഴിയില്‍ മലവെള്ളപ്പാച്ചിലില്‍ കുടിവെള്ളവിതരണപൈപ്പ് ഒഴുകിപ്പോയി. പീച്ചി ഡാമില്‍നിന്ന് തൃശ്ശൂര്‍ നഗരത്തിലേക്കും സമീപ പഞ്ചായത്തുകളിലേക്കും വെള്ളമെത്തിക്കുന്ന 700 എം.എം. പ്രിമോ പൈപ്പാണ് ഒഴുക്കില്‍പ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.

മയിലാടുംപാറ ഒരപ്പന്‍കെട്ട് ഭാഗത്തുകൂടെ പോകുന്ന പൈപ്പ് ലൈനും, പൈപ്പ് ലൈനിനു സംരക്ഷണം നല്കുന്ന കോണ്‍ക്രീറ്റ് ഭിത്തിയുമാണ് തകര്‍ന്നത്. 15 മീറ്ററോളം നീളമുള്ള പൈപ്പ്‌ലൈന്‍ തകര്‍ന്ന് തൊട്ടടുത്തുള്ള മണലിപ്പുഴയിലേക്ക് ഒഴുകിപ്പോവുകയായിരുന്നു.

പൈപ്പ് ലൈന്‍ തകര്‍ന്നത് വിജനമായ സ്ഥലത്തായതിനാല്‍ സംഭവം പുറത്തറിയാന്‍ ഏറെ വൈകി. രാവിലെ ഏഴോടെയാണ് പൈപ്പിലൂടെയുള്ള ജലവിതരണം നിര്‍ത്തിയത്. പീച്ചി ഡാമില്‍ നിന്ന് കുടിവെള്ളവിതരണത്തിനായി മുപ്പതുവര്‍ഷം മുന്‍പ് സ്ഥാപിച്ച രണ്ടാമത്തെ പൈപ്പ് ലൈനിന്റെ ഒരു ഭാഗമാണ് ഒഴുകിപ്പോയത്.

സംഭവം നടന്ന മണലിപ്പുഴയുടെ മുകള്‍ഭാഗം പൂര്‍ണമായും കരിങ്കല്‍പ്പാറകള്‍ നിറഞ്ഞതാണ്. പുഴയോട് ചേര്‍ന്നുള്ള വലിയ കരിങ്കല്‍ഭിത്തിക്കു മുകളിലൂടെയാണ് പൈപ്പുകള്‍ കടന്നുപോകുന്നത്. ഭിത്തിക്കുള്ളിലൂടെ വര്‍ഷങ്ങളായി മഴക്കാലത്ത് നീരുറവകള്‍ വന്നിരുന്നു. ഭിത്തിക്കുള്ളിലൂടെ വ്യാപകമായി മണ്ണൊലിച്ചുപോയതാണ് കെട്ട് തകരാന്‍ കാരണം.

കരിങ്കല്‍ക്കെട്ട് തകര്‍ന്ന് പൈപ്പ് ഒഴുകിപ്പോയ ഭാഗത്ത് വലിയൊരു കുഴിയാണുള്ളത്. പുഴയുടെ ഓരമായതിനാല്‍ കമ്പികള്‍ ചേര്‍ത്തുവെച്ച് ശക്തമായ കോണ്‍ക്രീറ്റിങ്ങിലൂടെ വേണം സ്ഥലം ഉയര്‍ത്തിക്കൊണ്ടുവരാന്‍. കോണ്‍ക്രീറ്റിങ് ജോലികള്‍ പൂര്‍ത്തിയായശേഷമേ പുതിയ പൈപ്പുകള്‍ ഘടിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ. മൂന്നു ദിവസംകൊണ്ട് ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് അധികാരികള്‍ പറയുന്നുണ്ടെങ്കിലും കനത്തമഴ തടസ്സമാവുകയാണ്.

തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ പകുതിഭാഗങ്ങള്‍, സമീപ പഞ്ചായത്തുകളായ മണലൂര്‍, അരിമ്പൂര്‍, കോലഴി, മെഡിക്കല്‍ കോളേജ് ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ഭാഗികമായി ജലവിതരണം മുടങ്ങുമെന്ന് സ്ഥലത്തെത്തിയ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മാത്യു ഫിലിപ്പ് പറഞ്ഞു. നാട്ടിക എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രവീണ്‍കുമാര്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ ടി.എസ്. മോഹനന്‍, സി. ബാലകൃഷ്ണന്‍, പി.സി. ഡേവിസ്, ജോസഫ്, മുന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.പി. ബാലകൃഷ്ണന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു (mathrubhumi)

No comments:

Post a Comment