Thursday, October 7, 2010

തപാല്‍ വകുപ്പിനെ കബളിപ്പിച്ച് പോസ്റ്റ്മാസ്റ്റര്‍ ലക്ഷങ്ങള്‍ തട്ടി
Posted on: 08 Oct 2010

ടി.എസ്.കാര്‍ത്തികേയന്‍


കൊല്ലം:തപാല്‍ വകുപ്പില്‍ ദേശീയ സമ്പാദ്യപദ്ധതിയടക്കമുള്ള വിവിധ നിക്ഷേപങ്ങളിലായി കിട്ടിയ ലക്ഷക്കണക്കിനു രൂപ കണക്കില്‍പ്പെടുത്താതെ പോസ്റ്റ്മാസ്റ്റര്‍ തട്ടിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം തിരുമുല്ലവാരം ഓഫീസിലെ പോസ്റ്റ്മാസ്റ്ററായിരുന്ന എസ്.ലാലുവിനെ സസ്‌പെന്‍ഡ് ചെയ്ത് വകുപ്പുതല അന്വേഷണം തുടങ്ങി. ഇപ്പോള്‍ തങ്കശ്ശേരി പോസ്റ്റ്മാസ്റ്ററായ ലാലു ഇടതുപക്ഷ യൂണിയനായ എന്‍.എഫ്.പി.ഇ.യുടെ ജില്ലാനേതാവുകൂടിയാണ്. 10 ലക്ഷത്തിനുമേല്‍ വരുന്ന തുകയുടെ തിരിമറി നടന്നതായാണ് പ്രാഥമികവിവരം.

കാഷ് കൗണ്ടറില്‍നിന്ന് ശേഖരിക്കുന്ന തുകകള്‍ പാസ് ബുക്കില്‍ കൃത്യമായി രേഖപ്പെടുത്തിയശേഷം ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുപുസ്തകത്തില്‍ വരവുവെക്കാതെയാണ് തട്ടിപ്പ് നടത്തിയത്. അടുത്തിടെ പോസ്റ്റല്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയില്‍ കാഷ് കൗണ്ടറിലെ ബുക്കിലും പോസ്റ്റ്മാസ്റ്ററുടെ പക്കലുള്ള കണക്കിലും പൊരുത്തക്കേടുകള്‍ കണ്ടെത്തി. തുടര്‍ന്ന് വിവിധ നിക്ഷേപകരുടെയും അവര്‍ അടച്ച തുകയുടെയും വിശദാംശങ്ങള്‍ ശേഖരിച്ച് പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലായത്. 2006ല്‍ തിരുമുല്ലവാരത്ത് ചുമതലയേറ്റ ലാലു രണ്ടുമാസം മുമ്പാണ് തങ്കശ്ശേരിയിലേക്ക് സ്ഥലംമാറി പോയത്. 2007 മുതല്‍ 2010 വരെയുള്ള കണക്കുകളാണ് ഇതിനകം പരിശോധിച്ചിട്ടുള്ളത്. 2006 മുതല്‍ 2007 വരെയുള്ള കണക്കുകള്‍കൂടി പരിശോധിക്കുമ്പോള്‍ തിരിമറി നടത്തിയ തുക ഇനിയും ഉയരുമെന്നാണ് കരുതുന്നത്.

സപ്തംബര്‍ അവസാനവാരം തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലാലുവിനെ സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ്‌സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അനൗദ്യോഗികമായി കുറ്റസമ്മതം നടത്തിയ ഇയാളെക്കൊണ്ട് പരമാവധി തുക തിരിച്ചടപ്പിക്കാനാണ് തപാല്‍ വകുപ്പ് അധികൃതര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അഞ്ചുലക്ഷത്തോളം രൂപ ഇതിനകം തിരിച്ചടച്ചിട്ടുണ്ട്.

സാമ്പത്തിക തിരിമറി കണ്ടെത്തിയതിനെത്തുടര്‍ന്ന് ലാലു മുമ്പ് ജോലി ചെയ്തിരുന്ന കടപ്പാക്കട, കന്‍േറാണ്‍മെന്റ് പോസ്റ്റ് ഓഫീസുകളിലെ കണക്കുകളും പരിശോധിച്ചുവരികയാണ്. തിരുവനന്തപുരം ഡി.പി.എസ്.ഓഫീസിലെ വിജിലന്‍സ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്. 10,000 രൂപയ്ക്കു മുകളിലുള്ള തിരിമറി സംബന്ധിച്ച് പോലീസിനും തുക 10 ലക്ഷത്തിനു മുകളിലായാല്‍ സി.ബി.ഐയ്ക്കും വിവരം കൈമാറണമെന്ന അഭിപ്രായം തപാല്‍ വകുപ്പിലുള്ളവര്‍തന്നെ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആഭ്യന്തര അന്വേഷണത്തിനുശേഷം മാത്രം മതി അത്തരം നടപടികളെന്നാണ് ഉന്നതരുടെ നിലപാട്. അതേസമയം, നിക്ഷേപകരുടെ തുക കൃത്യമായി പാസ് ബുക്കില്‍ വരവുവെച്ചിട്ടുള്ളതിനാല്‍ അവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് തപാല്‍ വകുപ്പ് അറിയിച്ചു
. (mathrubhumi)

No comments:

Post a Comment