Tuesday, December 21, 2010

35.5 കോടി ധൂര്‍ത്തടിച്ചു; ഇനി ഊര്‍ജം സംരക്ഷിക്കാന്‍ പുതിയ കമ്പനി !
=======================================================
പത്തനംതിട്ട: വിവിധ പാരമ്പര്യേതര ഊര്‍ജ സംരക്ഷണപദ്ധതികളുടെ പേരില്‍ ത്രിതല പഞ്ചായത്തുകളില്‍നിന്നു 35.5 കോടി രൂപ അടിച്ചെടുത്ത ഊര്‍ജസുരക്ഷാമിഷന്‍ ഒടുവില്‍ പദ്ധതി നടത്തിപ്പിനായി നിയമം മറികടന്നു പുതിയ കമ്പനി രൂപീകരിക്കാന്‍ പണം വകമാറ്റി ചെലവിടുന്നു.

മന്ത്രി പാലോളി മുഹമ്മദ്‌കുട്ടിയുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാപഞ്ചായത്ത്‌ പ്രതിനിധികളുടെ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തതായാണു സൂചന. വൈദ്യുതിമന്ത്രി എ.കെ. ബാലനും ഊര്‍ജസുരക്ഷാ മിഷനിലെയും അനര്‍ട്ടിലെയും ഉന്നതരും യോഗത്തില്‍ പങ്കെടുത്തു.

പുതുതായി അധികാരത്തിലെത്തിയ ജില്ലാപഞ്ചായത്ത്‌ ഭരണകര്‍ത്താക്കളുടെ അജ്‌ഞത മുതലാക്കിയാണു തദ്ദേശ സ്വയംഭരണസ്‌ഥാപനങ്ങള്‍ നല്‍കിയ പണംകൊണ്ടു കമ്പനി രൂപീകരിക്കാനുള്ള നീക്കം. ഊര്‍ജസുരക്ഷാ മിഷനില്‍ വഴിവിട്ടു നൂറ്റമ്പതിലേറെപ്പേരെ തിരുകിക്കയറ്റിയതു പോലെ പുതിയ കമ്പനിയുടെ പേരിലും അനധികൃത നിയമനം നടത്തുകയാണു ലക്ഷ്യമെന്ന്‌ അനര്‍ട്ടിലെതന്നെ ജീവനക്കാര്‍ ആരോപിക്കുന്നു.

വിവിധ ഊര്‍ജസുരക്ഷാ പദ്ധതികള്‍ ആവിഷ്‌കരിക്കാനായി 2007 ജൂണിലാണു ത്രിതല പഞ്ചായത്തുകളില്‍നിന്നു പണം ശേഖരിക്കാന്‍ ഊര്‍ജസുരക്ഷാമിഷന്‍ നടപടി തുടങ്ങിയത്‌. കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഗ്രാമീണ വൈദ്യുതീകരണ പദ്ധതിയുടെ (ആര്‍.വി.ഇ.പി) കേന്ദ്രാവിഷ്‌കൃത വിഹിതം ലഭിക്കണമെങ്കില്‍ ഊര്‍ജസുരക്ഷാ മിഷനില്‍ പണമടയ്‌ക്കണമെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു നീക്കം.

രണ്ടുഘട്ടമായി ത്രിതലപഞ്ചായത്തുകളില്‍നിന്നു ഭീഷണിയിലൂടെ പിരിച്ചെടുത്തതു 35.5 കോടി. പുകയില്ലാത്ത അടുപ്പ്‌, കമ്യൂണിറ്റി ചൂള, പോര്‍ട്ടബിള്‍ ചൂള, സോളാര്‍ കുക്കര്‍, സോളാര്‍ ഡയേഴ്‌സ്, സോളാര്‍ പി.വി. ലൈറ്റിംഗ്‌ ഡിവൈസസ്‌, സോളാര്‍ വാട്ടര്‍ ഹീറ്റര്‍ തുടങ്ങിയവ രണ്ടുവര്‍ഷത്തിനുള്ളില്‍ ആവശ്യാനുസരണം പഞ്ചായത്തുകള്‍ തോറും വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. 2009 ജൂണ്‍ 30-നു മുമ്പ്‌ പദ്ധതികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ 2% പലിശ ഉള്‍പ്പെടെ പണം തിരിച്ചുനല്‍കുമെന്നും വ്യവസ്‌ഥയില്‍ പറഞ്ഞിരുന്നു.

പണം വകമാറ്റാന്‍ അനുവാദമില്ലെന്ന വ്യവസ്‌ഥയോടെ അന്നത്തെ അനര്‍ട്ട്‌ ഡയറക്‌ടര്‍ ധരേശന്‍ ഉണ്ണിത്താനും അതതു ജില്ലാപഞ്ചായത്ത്‌ അധികൃതരുമാണു ധാരണാപത്രത്തില്‍ ഒപ്പുവച്ചത്‌. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും പദ്ധതികള്‍ പൂര്‍ത്തീകരിച്ചില്ലെന്നു മാത്രമല്ല, നിയമം മറികടന്നു പണം വകമാറ്റി ചെലവഴിച്ചതായും പ്രിന്‍സിപ്പല്‍ അക്കൗണ്ട്‌ ജനറലിന്റെ റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു.

ത്രിതല പഞ്ചായത്തുകളില്‍നിന്നു പിരിച്ചെടുത്ത 35.5 കോടി രൂപ അനര്‍ട്ട്‌ ഡയറക്‌ടറുടെ പേരില്‍ എസ്‌.ബി.ടി പട്ടം ശാഖയിലാണു നിക്ഷേപിച്ചത്‌. ഇതില്‍നിന്നു 157.76 ലക്ഷം രൂപ ജീവനക്കാര്‍ക്കു ശമ്പളത്തിനും മറ്റ്‌ അലവന്‍സുകള്‍ക്കും പുറമേ വിവിധ ആവശ്യങ്ങള്‍ക്കായി വകമാറ്റി. ക്വട്ടേഷനോ ടെന്‍ഡറോ കൂടാതെ 1.5 കോടി രൂപയുടെ സാധനങ്ങള്‍ അനര്‍ട്ട്‌ വാങ്ങിക്കൂട്ടുകയും ചെയ്‌തു. വൈദ്യുതി എത്താത്ത വീടുകളും സ്‌ഥാപനങ്ങളും കണ്ടെത്താനായി സ്വകാര്യ ഏജന്‍സിയെ സര്‍വേ ചുമതല ഏല്‍പ്പിച്ചു മുക്കാല്‍ കോടി രൂപ ആ വഴിയുംചെലവായി. വിദേശസഞ്ചാരം, ആഡംബര ഹോട്ടലുകളില്‍ കോണ്‍ഫറന്‍സ്‌ എന്നിവയിലൂടെ ത്രിതല പഞ്ചായത്ത്‌ ഫണ്ട്‌ ധൂര്‍ത്തടിച്ച ഊര്‍ജസുരക്ഷാ മിഷന്‍ ഒടുവില്‍ രക്ഷാമാര്‍ഗമായാണു പുതിയ കമ്പനി രൂപീകരിച്ച്‌ ഊര്‍ജസംരക്ഷണം നടപ്പാക്കാന്‍ നടപടി തുടങ്ങിയത്‌.

ഇതനുസരിച്ച്‌ പുതിയ കമ്പനിയുടെ 50% ഓഹരി ത്രിതല പഞ്ചായത്തുകള്‍ക്കായിരിക്കും. ബാക്കി തുക ഉപയോഗിച്ച്‌ ഊര്‍ജസംരക്ഷണപദ്ധതി നടപ്പാക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ പണം ഈടാക്കാനും കമ്പനിക്ക്‌ അധികാരമുണ്ടാകും. പദ്ധതി വൈകിയതു വിദഗ്‌ധരുടെ അഭാവംമൂലമാണെന്നാണു മറ്റൊരു വെളിപ്പെടുത്തല്‍. കമ്പനിയെപ്പറ്റി ബോധവത്‌ക്കരണം നടത്തുന്നതിന്റെ ഭാഗമായി ഊര്‍ജസുരക്ഷാമിഷന്‍ അധികൃതര്‍ ജനുവരിയില്‍ ത്രിതലപഞ്ചായത്തുകളില്‍ പര്യടനം നടത്തും. (mangalam)

=========================================

No comments:

Post a Comment