Wednesday, December 1, 2010

സ്വകാര്യ മൊബൈല്‍ കമ്പനിക്കു വേണ്ടി ബി.എസ്‌.എന്‍.എല്‍
3ജി അട്ടിമറിച്ചു ?
പത്തനംതിട്ട: സ്വകാര്യ ടെലികോം കമ്പനിക്ക്‌ ചുവടുറപ്പിക്കുന്നതിനായി ബി.എസ്‌.എന്‍.എല്‍ 3 ജി സംവിധാനം സംസ്‌ഥാനത്ത്‌ അട്ടിമറിച്ചതായി ആരോപണം . മൊബൈല്‍ ഫോണ്‍ രംഗത്തെ മൂന്നാം തലമുറ(തേര്‍ഡ്‌ ജനറേഷന്‍) എന്നറിയപ്പെടുന്ന സംവിധാനം രാജ്യത്താദ്യമായി നടപ്പിലാക്കിയത്‌ ബി.എസ്‌.എന്‍.എല്‍ ആയിരുന്നു. സംസ്‌ഥാനത്ത്‌ തെരഞ്ഞെടുത്ത ജില്ലകളിലാണ്‌ സംവിധാനം നടപ്പിലാക്കിയത്‌. ഫോണിലൂടെ വിളിക്കുന്നയാള്‍ക്കും അറ്റന്‍ഡ്‌ ചെയ്യുന്നയാള്‍ക്കും പരസ്‌പരം കണ്ടു കൊണ്ട്‌ സംസാരിക്കാം എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. ടി.വി. കാണുന്നതിനും മൊബൈല്‍ഫോണ്‍ ഇന്റര്‍നെറ്റ്‌ ഉപയോഗം വേഗത്തിലാക്കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിഞ്ഞിരുന്നു.

വിദേശത്തുളളവരുമായി നേരില്‍ കണ്ട്‌ സംസാരിക്കാമെന്നുളളതിനാല്‍ നിരവധി പേര്‍ ബി.എസ്‌.എന്‍.എല്‍ 3 ജി കണക്ഷന്‍ എടുക്കുകയും ചെയ്‌തു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്‌ചയായി ഈ സംവിധാനം ബി.എസ്‌.എന്‍.എലില്‍ ലഭ്യമാകുന്നില്ല. എന്താണ്‌ സംഭവിച്ചതെന്നതിനെപ്പറ്റി വിശദീകരിക്കാനും അധികൃതര്‍ തയാറായില്ല. ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന്‌ ഇത്‌ നിലയ്‌ക്കുകയായിരുന്നു.

ഇതിനൊപ്പം തന്നെ സ്വകാര്യ മൊബൈല്‍ കമ്പനിയുടെ 3 ജി സംവിധാനം ആരംഭിക്കുകയും ചെയ്‌തു. ബി.എസ്‌.എന്‍.എലിനേക്കാള്‍ നിരക്ക്‌ കുറവാണിതിന്‌. ലോക്കല്‍ 3 ജി സംവിധാനത്തിന്‌ സ്വകാര്യ കമ്പനിക്ക്‌ സെക്കന്റ്‌ പള്‍സാണ്‌. ഐ.എസ്‌.ഡിക്കാകട്ടെ മിനിറ്റിന്‌ 7.20 രൂപയും. അതേസമയം ബി.എസ്‌.എന്‍.എല്ലിന്‌ മിനിറ്റിന്‌ 12 രൂപയാണ്‌. ഈ വ്യത്യാസമറിഞ്ഞാല്‍ ഉപഭോക്‌താക്കള്‍ കൂട്ടത്തോടെ ബി.എസ്‌.എന്‍.എല്‍ ഉപേക്ഷിക്കും. ബി.എസ്‌.എന്‍.എല്‍ 3 ജി സംവിധാനം നിര്‍ത്തിയത്‌ സ്വകാര്യ കമ്പനിക്ക്‌ വേണ്ടിയാണെന്ന്‌ ഇതോടെ ഏതാണ്ട്‌ ഉറപ്പിച്ചിരിക്കുകയാണ്‌ ഉപഭോക്‌താക്കള്‍. എന്നാല്‍ തങ്ങള്‍ക്ക്‌ 3 ജി ഉപഭോക്‌താക്കള്‍ കുറവാണെന്നാണ്‌ ബി.എസ്‌.എന്‍.എല്‍ അധികൃതര്‍ പറയുന്നത്‌. (mangalam report)
=================================================

No comments:

Post a Comment