Monday, December 20, 2010

തോട്ടം മേഖലയില്‍ അശാന്തി

തോട്ടം മേഖലയില്‍ അശാന്തി; പരിഹാരം നിയമഭേദഗതി മാത്രം
മുണ്ടക്കയം: ആറുപതിറ്റാണ്ടുമുമ്പുള്ള തോട്ടം തൊഴിലാളി നിയമം അതേപടി തുടരുന്നതിനാല്‍ തോട്ടം തൊഴിലാളികള്‍ പ്രതിസന്ധിയില്‍. കാലാനുസൃതം നിയമഭേദഗതിയിലൂടെ വേതന വര്‍ധനയടക്കം നടപ്പാക്കാത്തതു മൂലം കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, വയനാട്‌ ജില്ലകളിലെ ലക്ഷക്കണക്കിനു തോട്ടം തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്‌. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമത്തില്‍ കാര്യമായ മാറ്റംവരുത്താതെയാണ്‌ 1952-ല്‍ തോട്ടം തൊഴിലാളി നിയമം പാസാക്കിയത്‌. അന്നത്തെ ജനങ്ങളുടെ ജീവിത നിലവാരവും അടിസ്‌ഥാന സൗകര്യങ്ങളും കണക്കിലെടുത്തായിരുന്നു നിയമം കൊണ്ടുവന്നത്‌.

മറ്റു കാര്‍ഷിക തൊഴില്‍ മേഖലകളില്‍ കാലാനൃസൃതമായി വേതനവര്‍ധനയടക്കം നടപ്പാക്കിയപ്പോഴും തോട്ടം തൊഴിലാളി നിയമം അതേപടി തുടര്‍ന്നതിനാല്‍ ഈ മേഖലയിലെ തൊഴിലാളികള്‍ക്കു നേട്ടമുണ്ടായില്ല. ലയങ്ങളുടെ ശോച്യാവസ്‌ഥ പരിഹരിക്കുക, വേതനം വര്‍ധിപ്പിക്കുക, ആശുപത്രി അലവന്‍സ്‌ അനുവദിക്കുക, തൊഴില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു മുണ്ടക്കയത്തെ ടി.ആര്‍. ആന്‍ഡ്‌ ടീ എസ്‌റ്റേറ്റില്‍ തൊഴിലാളികള്‍ സമരം ആരംഭിച്ചിട്ട്‌ ആറുമാസമായി. സമരത്തിന്റെ ഭാഗമായി തൊഴിലാളികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതിയുടെ മദ്ധ്യസ്‌ഥതയില്‍ നിരവധി ചര്‍ച്ചകള്‍ നടത്തുകയും ചെയ്‌തു. തോട്ടം തൊഴിലാളി നിയമത്തില്‍ ഭേദഗതി വരുത്താതെ തോട്ടംമേഖയിലെ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നാണു നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്‌.  ==അനില്‍ മുണ്ടക്കയം (mangalam)
============================================

No comments:

Post a Comment