Monday, December 20, 2010

അഴിമതി നമ്മുടെ ശാപം :ഇടുക്കിയിലെ ലാസ്‌റ്റ് ഗ്രേഡ്‌ നിയമന തട്ടിപ്പ്‌




ഇടുക്കിയിലെ ലാസ്‌റ്റ് ഗ്രേഡ്‌ നിയമന തട്ടിപ്പ്‌: സൂത്രധാരന്റെ ഉന്നതബന്ധം പുറത്താകുന്നു
കട്ടപ്പന: ജില്ലയിലെ ലാസ്‌റ്റ് ഗ്രേഡ്‌ സെര്‍വന്റ്‌ നിയമന തട്ടിപ്പിനായി രഹസ്യ പരീക്ഷ നടത്തിയതു തൊടുപുഴയിലെ ബാര്‍ ഹോട്ടലില്‍. തൊടുപുഴ സ്വദേശിയും ജില്ലാ പി.എസ്‌.സി. ഓഫീസിലെ താഴ്‌ന്ന തസ്‌തികയില്‍ ജോലി ചെയ്യുന്നതുമായ ജീവനക്കാരനാണ്‌ ഇടപാടിന്റെ സൂത്രധാരന്‍. ഇയാള്‍ തട്ടിപ്പ്‌ ആരംഭിച്ച്‌ വര്‍ഷങ്ങള്‍ പിന്നിട്ടതായും സൂചനയുണ്ട്‌.

ക്രമരഹിത മാര്‍ഗത്തിലൂടെ നിയമനം നേടിയ മറ്റൊരാളും ഇടപാടിന്‌ ഒത്താശ ചെയ്യുന്നുണ്ട്‌. ക്രമരഹിതമായി നിയമനം നേടിയ വ്യക്‌തിയും തൊടുപുഴ സ്വദേശിയാണ്‌. ഇയാളാണ്‌ പുതിയ 'ഇരകളെ' കണ്ടെത്തുന്നത്‌. വ്യാജ മാര്‍ഗത്തിലൂടെ ജോലി നേടിയ താനിപ്പോഴും സുരക്ഷിതനായി ജോലിയില്‍ തുടരുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ്‌ ഉദ്യോഗാര്‍ഥികളെ വലവീശിപ്പിടിക്കുന്നത്‌. 25,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണു തുടക്കത്തില്‍ ഈടാക്കിയിരുന്ന കോഴ. പിന്നീടിത്‌ ലക്ഷങ്ങളായി ഉയര്‍ന്നതായും വിവരമുണ്ട്‌.

പി.എസ്‌.സി. ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്‌ഥരുടെ വ്യക്‌തമായ ഒത്താശയോടെയാണ്‌ ഇടപാടു മുന്നേറിയത്‌. ഉന്നത ജീവനക്കാരെ സ്വാധീനിക്കാന്‍ പണത്തിനു പുറമേ മറ്റു പല മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തിയിരുന്നതായി പറയുന്നു. പല പി.എസ്‌.സി. ലിസ്‌റ്റുകളിലും തട്ടിപ്പിന്റെ സൂത്രധാരന്‍ ഇടം നേടിയിരുന്നതായും വിവരമുണ്ട്‌. റാങ്ക്‌ ലിസ്‌റ്റില്‍ കടന്നുകൂടുക വഴി ഉദ്യോഗാര്‍ഥികളെ കണ്ടെത്താനുള്ള എളുപ്പവഴിക്കുവേണ്ടിയായിരുന്നത്രേ ലിസ്‌റ്റില്‍ ഇടംപിടിക്കുന്നത്‌. സ്‌ഥിരമായി ഇയാള്‍ റാങ്ക്‌ പട്ടികയില്‍ കടന്നുകൂടിയത്‌ എങ്ങനെയെന്ന കാര്യം സംശയത്തിന്‌ ഇട നല്‍കുന്നു. ഏറ്റവും ഒടുവിലായി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപക നിയമനത്തിനുള്ള പട്ടികയിലും ഇയാള്‍ കടന്നുകൂടി. 2007-ല്‍ നടന്ന ലാസ്‌റ്റ് ഗ്രേഡ്‌ പരീക്ഷ സംബന്ധിച്ച തട്ടിപ്പാണ്‌ ഇപ്പോള്‍ പുറത്തായിട്ടുള്ളത്‌. ഇതു സംബന്ധിച്ച 'മംഗളം' വാര്‍ത്തയുടെ അടിസ്‌ഥാനത്തില്‍ വിജിലന്‍സ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.  (mangalam report)
=====================================================

No comments:

Post a Comment