Friday, December 3, 2010

26/11 ബന്ധമുള്ള പാക്‌ ലഷ്‌കറെ കമാന്‍ഡര്‍ ബാങ്കോക്കില്‍ അറസ്‌റ്റില്‍
ബാഴ്‌സലോണ: മുംബൈ ഭീകരാക്രമണവുമായി ബന്ധമുള്ള ലഷ്‌കറെ തോയ്‌ബ കമാന്‍ഡര്‍ മുഹമ്മദ്‌ അത്തര്‍ ഭട്ട്‌ (42) ബാങ്കോക്കില്‍ അറസ്‌റ്റിലായി. പാകിസ്‌താന്‍കാരനായ ഇയാള്‍ ടോണി എന്ന കള്ളപ്പേരിലുള്ള പാസ്‌പോര്‍ട്ടുമായി കഴിയുകയായിരുന്നു. മുംബൈ ഭീകരാക്രമണത്തില്‍ പങ്കാളികളായി സ്‌പെയിനിലെ ബാഴ്‌സലോണയില്‍ അറസ്‌റ്റിലായ എട്ടു ഭീകരര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നത്‌ ഇയാളാണ്‌. ഭീകരര്‍ നല്‍കിയ സൂചനയനുസരിച്ചു സ്‌പെയിന്‍ വിദേശകാര്യ മന്ത്രാലയമാണു ഭട്ട്‌ ബാങ്കോക്കില്‍ ഒളിവില്‍ കഴിയുന്ന വിവരം തായ്‌ലന്‍ഡ്‌ പോലീസിനെ അറിയിച്ചത്‌.

മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത പാക്‌ ഭീകരര്‍ക്കു വ്യാജ പാസ്‌പോര്‍ട്ടുകളും യാത്രാരേഖകളും സംഘടിപ്പിച്ചതു ഭട്ടിന്റെ നിര്‍ദേശപ്രകാരമായിരുന്നു. അല്‍ക്വയ്‌ദ, ലഷ്‌കറെ തോയ്‌ബ ഗ്രൂപ്പുകളുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണം നിര്‍വഹിച്ച മുന്‍ പാക്‌ കരസേനാ ഉദ്യോഗസ്‌ഥന്‍ സാജിദ്‌ മിറിന്റെ അടുത്ത സുഹൃത്താണു ഭട്ട്‌. ഇംഗ്ലണ്ട്‌, ബ്രസീല്‍ എന്നിവിടങ്ങളില്‍ ഭീകരപ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ചുമതലയും ഇയാള്‍ക്കാണെന്നു സ്‌പാനിഷ്‌ പോലീസ്‌ സ്‌ഥിരീകരിച്ചു.

സ്‌പെയിനില്‍ കഴിഞ്ഞദിവസം അറസ്‌റ്റിലായ എട്ടു ഭീകരരില്‍നിന്നു പിടിച്ചെടുത്ത വ്യാജ പാസ്‌പോര്‍ട്ടുകള്‍ വിദേശ വിനോദസഞ്ചാരികളില്‍നിന്നു മോഷ്‌ടിച്ചതാണെന്നു കണ്ടെത്തി. വിനോദസഞ്ചാരികള്‍ താമസിക്കുന്ന ഹോട്ടലുകളിലും വീടുകളിലും കയറിപ്പറ്റി പാസ്‌പോര്‍ട്ടും മറ്റു യാത്രാരേഖകളും മോഷ്‌ടിക്കുന്ന ഭീകരരുടെ ഏജന്റുമാര്‍, അവയെല്ലാം തായ്‌ലന്‍ഡിലേക്ക്‌ അയച്ചുകൊടുക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച്‌ 11-ന്‌ സ്‌പെയിനിലെ മാഡ്രിഡ്‌ നഗരത്തില്‍ നാലു ട്രെയിനുകളിലായി നടന്ന 11 സ്‌ഫോടനപരമ്പരകളില്‍ അറസ്‌റ്റിലായവര്‍ക്കു പങ്കുണ്ടെന്നു സൂചന ലഭിച്ചു. ഇറാക്കിലേക്ക്‌ 1300 സൈനികരെയും അഫ്‌ഗാനിസ്‌ഥാനിലേക്ക്‌ 125 സൈനികരെയും അയച്ച സ്‌പെയിനിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ്‌ അല്‍-ക്വയ്‌ദ നിര്‍ദേശപ്രകാരം സ്‌ഫോടനം നടത്തിയതെന്നു ഭീകരര്‍ സൂചന നല്‍കി.

അല്‍-ക്വയ്‌ദയുടെ മൊറോക്കോ കേന്ദ്രമായുള്ള ഭീകരഗ്രൂപ്പിനായിരുന്നു മാഡ്രിഡ്‌ സ്‌ഫോടനത്തിന്റെ മേല്‍നോട്ടമെങ്കിലും അറസ്‌റ്റിലായ പാകിസ്‌താനികളും നൈജീരിയക്കാരനുമാണു സ്‌ഫോടനം നടത്തേണ്ട സ്‌ഥലങ്ങളെക്കുറിച്ചു വിവരങ്ങള്‍ നല്‍കിയത്‌. ഭീകരബന്ധം സംശയിച്ചു കഴിഞ്ഞ സെപ്‌റ്റംബര്‍ 29-ന്‌ ബാഴ്‌സലോണയില്‍ അറസ്‌റ്റിലായ അള്‍ജീരിയന്‍ വംശജനായ യു.എസ്‌. പൗരന്‍ മുഹമ്മദ്‌ ഒമര്‍ ദഖ്‌വിക്ക്‌ സ്‌പെയിന്‍ സ്‌ഫോടനപരമ്പരയില്‍ പങ്കുണ്ടായിരുന്നതായും ഭീകരര്‍ വെളിപ്പെടുത്തി.

ഭീകരബന്ധം തെളിയിക്കാനുള്ള രേഖകളില്ലാത്ത സാഹചര്യത്തില്‍ ഇയാളെ സ്‌പെയിന്‍ ദേശീയ കോടതി വിട്ടയച്ചിരുന്നു. ഇയാള്‍ പാകിസ്‌താനിലോ അഫ്‌ഗാനിലോ ഒളിവില്‍ കഴിയുകയാണെന്നു ഭീകരര്‍ വെളിപ്പെടുത്തി.

സ്‌പെയിനില്‍ അറസ്‌റ്റിലായ ഭീകരരുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നു യൂറോപ്പിലും തായ്‌ലന്‍ഡിലും വ്യാപകതെരച്ചില്‍ തുടരുന്നു. അറസ്‌റ്റിലായ എട്ടു ഭീകരരുടെ താമസസ്‌ഥലത്തു നടത്തിയ പരിശോധനയില്‍ 50 സെല്‍ഫോണുകളും ഒരു കമ്പ്യൂട്ടറും കണ്ടെടുത്തു. (mangalam)

No comments:

Post a Comment