Friday, December 3, 2010

മുംബൈ ആക്രമണം: ഐ.എസ്‌.ഐ. മേധാവി ഇസ്രയേലുമായി ബന്ധപ്പെട്ടു: വിക്കിലീക്‌സ്

വാഷിംഗ്‌ടണ്‍: പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐ യുടെ മേധാവി അഹമ്മദ്‌ ഷുജാ പാഷ മുംബൈ ആക്രമണവിഷയത്തില്‍ ഇസ്രേലി ഉദ്യോഗസ്‌ഥരുമായി ബന്ധപ്പെട്ടിരുന്നുവെന്നു വിക്കിലീക്‌സ് പുറത്തുവിട്ട യു.എസ്‌. രേഖകള്‍ വെളിപ്പെടുത്തുന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ പാകിസ്‌താന്‌ ഇസ്രയേലുമായി യാതൊരു നയതന്ത്രബന്ധവുമില്ലാത്തതിനാല്‍ പാഷയുടെ നടപടി വിവാദമായിരിക്കുകയാണ്‌.

ഇന്ത്യയിലെ ജൂതകേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന്‌ അറിയിക്കാനാണു പാഷ ഇസ്രേലി രഹസ്യാന്വേഷണ ഉദ്യോഗസ്‌ഥരുമായി ബന്ധപ്പെട്ടതെന്നു രേഖകളില്‍ പറയുന്നത്‌. മുംബൈ ആക്രമണമുണ്ടായി ഒരു വര്‍ഷത്തിനു ശേഷം പാഷയും പാകിസ്‌താനിലെ അന്നത്തെ യു.എസ്‌. അംബാസഡറായിരുന്ന ആന്‍ പാറ്റഴ്‌സണും തമ്മില്‍ നടത്തിയ ആശയവിനിമയത്തിന്റെ രേഖകളാണ്‌ പുറത്തുവന്നിരിക്കുന്നത്‌.

ഇന്ത്യയില്‍ സെപ്‌റ്റംബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കാന്‍ സാധ്യതയുള്ള ഭീകരാക്രമണത്തെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ടെന്നും അത്‌ അമേരിക്കയെ അറിയിക്കണമെന്നുമാണു പാഷ, പാറ്റഴ്‌സണോട്‌ ആവശ്യപ്പെട്ടത്‌. ജൂതകേന്ദ്രങ്ങള്‍ ലക്ഷ്യമാകുമെന്ന വിവരം പാഷ ഇസ്രേലി ഉദ്യോഗസ്‌ഥരെ അറിയിക്കുകയും ചെയ്‌തു. ആക്രമണത്തെപ്പറ്റി കിട്ടിയ വിവരങ്ങള്‍ പരിശോധിക്കാന്‍ പാഷ മസ്‌കറ്റ്‌, ടെഹ്‌റാന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചുവെന്നും 2009 ഒക്‌ടോബര്‍ ഏഴിനു നടത്തിയ ആശയവിനിമയത്തില്‍ പറയുന്നു. വിവരം സി.ഐ.എ. വഴി ഇന്ത്യയെ അറിയിക്കണമെന്നും പാഷ ആവശ്യപ്പെടുന്നുണ്ട്‌.

സേനാമേധാവി അഷ്‌ഫാഖ്‌ കയാനിയുമൊത്താണ്‌ പാഷ, പാറ്റഴ്‌സണെ കണ്ടത്‌. ഇന്ത്യന്‍ ചാരസംഘടനയായ റോയുടെ മേധാവിയെ ഉടന്‍ കാണുമെന്നും ആക്രമണം തടയാന്‍ ഐ.എസ്‌.ഐ. പരമാവധി ശ്രമിക്കുമെന്നും പാഷ പാറ്റഴ്‌സണെ അറിയിച്ചിരുന്നതായി പുറത്തുവന്ന യു.എസ്‌. രേഖകളില്‍ പറയുന്നു.

പാകിസ്‌താനിലെ ഏതെങ്കിലും ഉദ്യോഗസ്‌ഥന്‍ ഇസ്രയേലുമായി ബന്ധപ്പെടുന്നത്‌ ജനങ്ങളുടേയും ഭീകരസംഘടനകളുടേയും അപ്രീതിക്കു കാരണമാകും.
(mangalam)

No comments:

Post a Comment