ഡി.ഐ.ജി. ശ്രീജിത്തിനെതിരേ പരാതി നല്‍കിയ ഷാജുവിനെതിരേ വ്യാജ പാസ്‌പോര്‍ട്ട് കേസ് |
കൊച്ചി: ഡി.ഐ.ജി. ശ്രീജിത്തിനെതിരേ പരാതി നല്‍കി വിവാദ നായകനായി മാറിയ മലപ്പുറം സ്വദേശി കെ.പി. ഷാജു എന്ന ഷാജിയുടെ പാസ്‌പോര്‍ട്ട് വ്യാജമാണെന്ന് ഇന്റലിജന്‍സ് കണ്ടെത്തി. ചെക്ക് കേസുമായി ബന്ധപ്പെട്ടു തമിഴ്‌നാട് പോലീസ് കൊച്ചിയില്‍ നിന്നും നാടകീയമായി അറസ്‌റ്റ് ചെയ്‌ത ഷാജിയുടെ പാസ്‌പോര്‍ട്ടിനെക്കുറിച്ചു തമിഴ്‌നാട് പോലീസ് സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് സംസ്‌ഥാന ഇന്റലിജന്‍സ് ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്. പ്രാഥമികാന്വേഷണത്തില്‍ പാസ്‌പോര്‍ട്ട് വ്യാജമാണെന്നു കണ്ടെത്തിയതിനേ തുടര്‍ന്ന് ഇന്റലിജന്‍സ് മേധാവിയുടെ നിര്‍ദേശപ്രകാരം ഷാജുവിനെതിരേ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. വ്യാജ രേഖ ചമയ്‌ക്കല്‍, വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. സംഭവവുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടാകാമെന്ന നിഗമനത്തെ തുടര്‍ന്ന് ഇതേക്കുറിച്ചു വിശദമായി അന്വേഷിക്കാന്‍ മലപ്പുറം ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. അബ്‌ദുള്‍ കരീമിനെ ചുമതലപ്പെടുത്തി. ഡി.ഐ.ജി. ശ്രീജിത്തിനെതിരായി പരാതി നല്‍കി വിവാദ നായകനായി മാറിയ ഷാജുവിനെതിരേ കൂടുതല്‍ കേസുകള്‍ ഉണ്ടാകുമെന്നാണ് സൂചന. വ്യാജ ചെക്ക് നല്‍കി നിരവധി പേരെ കബളിപ്പിച്ചതായി ഇയാള്‍ക്കെതിരേ ആരോപണമുണ്ട്. ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ നൂറോളം ചെക്കുകള്‍ മോഷണം പോയതായി കാണിച്ച് ഷാജു റെയില്‍വേ പോലീസിനു നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരേ റെയില്‍വേ എസ്.പി. അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ചെക്ക് കേസുമായി ബന്ധപ്പെട്ടു മധുര പോലീസ് അറസ്‌റ്റ് ചെയ്‌ത ഷാജു ഇപ്പോള്‍ തമിഴ്‌നാട് ജയിലിലാണ്. ഇയാളുടെ പാസ്‌പോര്‍ട്ടിലും കോടതിയില്‍ ഒരു കേസുമായി ബന്ധപ്പെട്ടു നല്‍കിയ രേഖയിലും ഒപ്പും വിലാസവും വ്യത്യസ്‌തമാണെന്നു കണ്ടെത്തിയ തമിഴ്‌നാട് പോലീസാണ് ഷാജുവിന്റെ പാസ്‌പോര്‍ട്ടിനെക്കുറിച്ചു സംശയം പ്രകടിപ്പിച്ചത്. തുടര്‍ന്ന്, ഇതേക്കുറിച്ച് അന്വേഷിക്കാനാവശ്യപ്പെട്ടു മധുര പോലീസ് പാസ്‌പോര്‍ട്ടിന്റെ കോപ്പികള്‍ അടക്കം കേരളാ പോലീസിലെ സെക്യൂരിറ്റി വിഭാഗം ഐ.ജിക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഇന്റലിജന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ പാസ്‌പോര്‍ട്ട് വ്യാജ വിലാസത്തിലാണെന്നു കണ്ടെത്തിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് എടുക്കുന്നതിനായി നല്‍കിയ ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍കാര്‍ഡ്, എസ്.എസ്.എല്‍.സി. ബുക്ക് എന്നിവയുടെ പകര്‍പ്പുകളും വ്യാജമാണെന്നാണ് കണ്ടെത്തല്‍. -കെ.കെ. സുനില്‍ (mangalam) ================================================= |
Tuesday, December 21, 2010
വ്യാജ കേരളം
Subscribe to:
Post Comments (Atom)
No comments:
Post a Comment