Monday, December 20, 2010

ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്‌

ബിവറേജസ്‌ കോര്‍പറേഷനില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്‌
======================================================
കാഞ്ഞങ്ങാട്‌: ബീവറേജസ്‌ കോര്‍പറേഷനില്‍ ജോലി വാഗ്‌ദാനംചെയ്‌ത് യുവാവില്‍ നിന്നും ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പരപ്പ പ്ലാച്ചിക്കരയിലെ മുണ്ടക്കല്‍ വീട്ടില്‍ അഗസ്‌റ്റിന്റെ മകന്‍ എം.എ. ആന്റണിയാണ്‌ ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്‌. ബേക്കല്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തിലെ താമസക്കാരനായ കെ.കെ. ബാബു, കാസര്‍ഗോഡ്‌ സബ്‌ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ്‌ തിരുവനന്തപുരം സ്വദേശി പുഷ്‌പരാജ്‌, തിരുവനന്തപുരത്തെ കൃഷ്‌ണന്‍ നായര്‍ എന്നിവര്‍ക്കെതിരേയാണു പരാതി.

2002-ലാണ്‌ പരാതിക്കിടയായ സംഭവമുണ്ടായത്‌. ബാബു മുഖാന്തിരമാണ്‌ ആന്റണി പുഷ്‌പരാജിനെ പരിചയപ്പെട്ടത്‌. പുഷ്‌പരാജ്‌ ആന്റണിയെ കൃഷ്‌ണന്‍ നായരുമായി ബന്ധപ്പെടുത്തുകയായിരുന്നു. കൃഷ്‌ണന്‍നായര്‍ ആന്റണിയുടെ വീട്ടിലെത്തി ബീവറേജസ്‌ കോര്‍പറേഷനില്‍ ജോലി തരപ്പെടുത്തിത്തരാമെന്ന്‌ ഉറപ്പ്‌ നല്‍കുകയായിരുന്നുവെന്ന്‌ പരാതിയില്‍ പറയുന്നു. പലര്‍ക്കും നിയമനം നല്‍കിയതിന്റെ ഫോട്ടോസ്‌റ്റാറ്റ്‌ കോപ്പികള്‍ കാണിച്ച്‌ വിശ്വാസം നേടുകയും ചെയ്‌തു. അപ്പോള്‍ തന്നെ ആന്റണി 60,000 രൂപ കൃഷ്‌ണന്‍ നായരെ ഏല്‍പ്പിച്ചു. 2002 ഒക്‌ടോബര്‍ ഏഴിന്‌ ഇന്റര്‍വ്യൂവിന്‌ ഹാജരാകാനുള്ള നോട്ടീസ്‌ ആന്റണിക്ക്‌ ലഭിച്ചു. നവംബറില്‍ ആന്റണി തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചുകൊണ്ട്‌ മറ്റൊരു നോട്ടീസ്‌ ലഭിച്ചു.

2002 ഡിസംബര്‍26ന്‌ ജോലിയില്‍ പ്രവേശിക്കാനുള്ള ഓര്‍ഡര്‍ ലഭിച്ചു. ഇതേത്തുടര്‍ന്ന്‌ ആന്റണിയും സഹോദരനും കൃഷ്‌ണന്‍ നായര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിലെത്തി ബാക്കി തുകകൂടി നല്‍കി. ഒരാഴ്‌ച്ചയ്‌ക്കു ശേഷം ജോലി ചെയ്യേണ്ട ബിവറേജസ്‌ മദ്യശാല ഏതെന്ന്‌ അറിയിക്കാമെന്ന്‌ പറഞ്ഞ കൃഷ്‌ണന്‍ നായര്‍ പിന്നീട്‌ ആന്റണിയെ ബന്ധപ്പെട്ടില്ല.

ഇതേ തുടര്‍ന്ന്‌ ആന്റണി കൃഷ്‌ണന്‍ നായരെ അന്വേഷിച്ച്‌ വീണ്ടും ക്വാര്‍ട്ടേഴ്‌സിലെത്തിയെങ്കിലും അയാള്‍ അവിടെയുണ്ടായിരുന്നില്ല. ഇതോടെയാണു താന്‍ തട്ടിപ്പിനിരയായെന്ന്‌ ആന്റണിക്ക്‌ മനസിലായത്‌. കൃഷ്‌ണന്‍ നായരെ പരിചയപ്പെടുത്തിയ പുഷ്‌പരാജിനെയും ബാബുവിനേയും സമീപിച്ചപ്പോള്‍ അവര്‍ ഒഴിഞ്ഞു മാറുകയായിരുന്നു.

തുടര്‍ന്നാണ്‌ മുന്നു പേര്‍ക്കുമെതിരേ ആന്റണി മുഖ്യമന്ത്രിക്കും എക്‌സൈസ്‌ വകുപ്പിനും ജില്ലാ പോലീസ്‌ സൂപ്രണ്ടിനും പരാതി നല്‍കിയത്‌. ഉന്നതതല നിര്‍ദേശത്തെ തുടര്‍ന്ന്‌ സംഭവം സംബന്ധിച്ച്‌ എസ്‌.പി. അന്വേഷണമാരംഭിച്ചിട്ടുണ്ട്‌.
(mangalam)
===============================================================

No comments:

Post a Comment