Tuesday, December 21, 2010

Threat within: തീവ്രവാദം പോയ വഴി

പാനായിക്കുളം കറാച്ചി; തീവ്രവാദം പോയ വഴി
പാനായിക്കുളം സിമി ക്യാമ്പിനു കുപ്രസിദ്ധമായ കറാച്ചി പ്രോജക്‌ടുമായി ബന്ധമുണ്ടെന്നു സൂചന. ലഷ്‌കറിന്റെ സഹായത്തോടെ കേരളത്തില്‍ തീവ്രവാദ പരിശീലനക്യാമ്പുകള്‍ നടന്നെന്ന്‌ വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലിനുശേഷമാണ്‌ എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്‌. കളമശേരി ബസ്‌ കത്തിക്കല്‍ കേസില്‍ സൂഫിയ മഅദനിയെ പ്രതിചേര്‍ത്തതോടെ തീവ്രവാദക്കേസുകളുമായി ബന്ധപ്പെട്ടു കേരളം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

പാനായിക്കുളത്ത്‌ 2006-ല്‍ സംഘടിപ്പിക്കപ്പെട്ട സിമി ക്യാമ്പിനെതുടര്‍ന്നാണ്‌ 2008 ല്‍ അഞ്ചു മലയാളികളെ കാശ്‌മീരില്‍ പരിശീലനത്തിനയച്ചത്‌. ഈ അഞ്ചുപേരും പാകിസ്‌താന്‍ ചാരസംഘടനയായ ഐ.എസ്‌.ഐയും രാജ്യാന്തര തീവ്രവാദ ബന്ധമുളള ലഷ്‌കറെ തോയ്‌ബയുമായി ചേര്‍ന്ന്‌ ആസൂത്രണം ചെയ്‌ത കറാച്ചി പ്രോജക്‌ടുമായി ബന്ധപ്പെട്ടിരുന്നു.

സിമിയുടെ ഏറ്റവും പ്രധാനപ്പെട്ട ക്യാമ്പുകളില്‍ ഒന്നായിരുന്നു പാനായിക്കുളത്ത്‌ നടന്നത്‌. തെരഞ്ഞെടുക്കപ്പെട്ട മലയാളികളെ പാക്‌ അധിനിവേശ കാശ്‌മീരില്‍ പരിശീലനം നല്‍കിയശേഷം സ്‌ഫോടനങ്ങള്‍ നടത്താന്‍വേണ്ടി കേരളത്തിലേക്കു മടക്കി അയയ്‌ക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്‌.

മലയാളി യുവാക്കള്‍ സ്‌ഫോടനത്തിനു പിന്നിലുണ്ടെന്നു വരുത്തിയാല്‍ ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുപിന്നില്‍ പാകിസ്‌താനാണെന്ന ആരോപണം ഒഴിവാക്കാന്‍ കഴിയും എന്നായിരുന്നു ഇവര്‍ കണക്കുകൂട്ടിയിരുന്നത്‌. മാത്രമല്ല, കേരളത്തില്‍ വര്‍ഗീയ സ്‌പര്‍ധയ്‌ക്കു വിത്തിടാനും ഈ പദ്ധതിയിലൂടെ സാധിക്കുമായിരുന്നെന്നും അന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നു. തീവ്രവാദം എന്നത്‌ ഇന്ത്യയിലെയും കേരളത്തിലെയും സൃഷ്‌ടിയാണെന്നു വരുത്താനായിരുന്നു ഈ മലയാളി യുവാക്കളെ ഉപയോഗിച്ചത്‌. ഇവരില്‍ നാലുപേര്‍ കാശ്‌മീരില്‍ അതിര്‍ത്തി രക്ഷാസേനയുടെ വെടിയേറ്റു മരിച്ചതോടെ പദ്ധതി പാളുകയായിരുന്നു.

രാംപൂരിലെ സി.ആര്‍.പി.എഫ്‌. ക്യാമ്പ്‌ ആക്രമിച്ച ഫഹീം അന്‍സാരി, ബംഗളുരുവില്‍ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സ്‌ സ്‌ഫോടനത്തിനു പിന്നിലുണ്ടായിരുന്ന സബാഹുദീന്‍ അഹമ്മദ്‌, ഗോവയില്‍ തീവ്രവാദ ക്യാമ്പുകള്‍ നടത്തിയതിനു പിടിയിലായ റസിയുദീന്‍ നസീര്‍ എന്നിവര്‍ക്കും ഇതേ മാതൃകയില്‍ പാക്‌ അധീന കാശ്‌മീരില്‍ പരിശീലനം ലഭിച്ചിരുന്നു.

മുഹമ്മദ്‌ ഫയാസ്‌, ഫൈസ്‌, അബ്‌ദുള്‍ ജബ്ബാര്‍, അബ്‌ദുള്‍ റഹിം, യാസിന്‍ എന്നിവരായിരുന്നു പരിശീലനം ലഭിച്ച മലയാളികള്‍. പിടിയിലായ റസിയുദീന്‍ നസീര്‍ ആയിരുന്നു കേരളത്തിലെ സിമി നേതൃത്വവുമായി നേരിട്ടു ബന്ധമുണ്ടായിരുന്നത്‌.

സിമി ആയിരുന്നു ഈ അഞ്ചുയുവാക്കളെ പരിശീലനത്തിനു തെരഞ്ഞെടുത്തത്‌. നസീറിന്‌ ഇന്‍ഡോറില്‍ പി.എ. ഷാദുലിക്കൊപ്പം അറസ്‌റ്റിലായ അന്‍സാര്‍ നദ്‌വിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു.

നദ്‌വി കൊടും തീവ്രവാദി സര്‍ഫറാസ്‌് നവാസുമായി ചേര്‍ന്ന്‌ തടിയന്റവിട നസീറിനെ കാണുകയും ഈ സംഘം സിമി നേതൃത്വവുമായി ബന്ധപ്പെട്ടു ലിസ്‌റ്റ് തയാറാക്കുകയുമായിരുന്നു. ഇതിനുവേണ്ടി പ്രധാന ആസൂത്രണം നടന്നത്‌ പാനായിക്കുളം ക്യാമ്പിലായിരുന്നു. മണി എന്നു വിളിക്കുന്ന യൂസഫും പരിശീലനത്തിനു തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയില്‍ ഉണ്ടായിരുന്നു. ഇയാള്‍ക്ക്‌ കേരളത്തിലെ പ്രമുഖ നേതാവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. (mangalam)
=================================================

No comments:

Post a Comment