Saturday, April 16, 2011

Analysis: Mangalam.



 പെട്ടി പൊട്ടിക്കുമ്പോള്‍ അറിയാം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പോളിംഗ്‌ പാര്‍ലമെന്റ്‌, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളില്‍ കണ്ട യു.ഡി.എഫ്‌. തരംഗത്തിന്റെ തനിയാവര്‍ത്തനമോ, സംസ്‌ഥാനം ഇളക്കിമറിച്ചുകൊണ്ട്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ നടത്തിയ പ്രചാരണ പ്രവര്‍ത്തനത്തിന്റെ പ്രതിഫലനമോ?

അഭിപ്രായ സര്‍വ്വേകളും ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകളുമെല്ലാം യു.ഡി.എഫിന്‌ അനായാസ വിജയം പ്രവചിച്ചിരിക്കെ പോളിംഗ്‌ ശതമാനം സകല പ്രതീക്ഷകളെയും കടത്തിവെട്ടിയതാണ്‌ മുന്നണികളുടെ നെഞ്ചിടിപ്പു കൂട്ടുന്നത്‌.

എല്‍.ഡി.എഫിന്‌ മേല്‍ക്കൈ കിട്ടുമെന്നു കരുതപ്പെടുന്ന വടക്കന്‍ ജില്ലകളിലും യു.ഡി.എഫ്‌. തൂത്തുവാരുമെന്ന്‌ വിലയിരുത്തപ്പെട്ട മധ്യകേരളത്തിലും പോളിംഗ്‌ ശതമാനം കുത്തനെ വര്‍ധിച്ചതു പ്രവചനം അസാധ്യമാക്കിയിട്ടുണ്ട്‌. ഇരുമുന്നണികളുടെയും പരമാവധി വോട്ടുകള്‍ ഇക്കുറി പെട്ടിയിലെത്തിയിട്ടുണ്ടെന്നതു ഉറപ്പാണ്‌. കാലാകാലങ്ങളായി കേരളത്തിലെ 'ഭരണമാറ്റം' നിശ്‌ചയിക്കുന്ന 'നിഷ്‌പക്ഷം' ഇക്കുറി ഏതുപക്ഷത്ത്‌ നിലയുറപ്പിച്ചുവെന്നതാണു രാഷ്‌ട്രീയ നിരീക്ഷകര്‍ ഉത്തരം തേടുന്ന ചോദ്യം. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിലേക്ക്‌ എത്തുന്ന സമയംവരെ കേരളത്തില്‍ യു.ഡി.എഫിന്‌ വ്യക്‌തമായ മുന്‍തൂക്കമുണ്ടെന്നു ഇടതുപക്ഷക്കാര്‍പ്പോലും സമ്മതിച്ചുകൊടുത്തിരുന്നു. എന്നാല്‍, മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ സ്‌ഥാനാര്‍ഥിത്വം തെരഞ്ഞെടുപ്പു ചിത്രം ആകെ മാറ്റി. അഴിമതിക്കാരെയും പെണ്‍വാണിഭക്കാരെയും കൈയ്യാമം വയ്‌ക്കുമെന്ന്‌ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനവുമായി വി.എസ്‌. തെരഞ്ഞെടുപ്പു കളം നിറഞ്ഞതോടെ യു.ഡി.എഫ്‌. നേതൃത്വം ആശങ്കയിലായി. വി.എസിനു മറുപടിയായി കേന്ദ്ര മന്ത്രി എ.കെ. ആന്റണിയെ തന്നെ കോണ്‍ഗ്രസ്‌ രംഗത്തിറക്കിയെങ്കിലും അദ്ദേഹത്തിന്റെ പ്രചാരണ തന്ത്രങ്ങളെ തളയ്‌ക്കാന്‍ യു.ഡി.എഫിനായില്ല. കേരളത്തിലങ്ങോളമിങ്ങോളം അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പു യോഗങ്ങളില്‍ തടിച്ചുകൂടിയ ജനക്കൂട്ടമാണ്‌ ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌. നേതൃത്വത്തെ ഭയപ്പെടുത്തുന്ന ഏക ഘടകം. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും കിട്ടാത്ത ആവേശകരമായ സ്വീകരണമാണ്‌ വി.എസ്‌. അച്യുതാനന്ദനു തെരഞ്ഞെടുപ്പുയോഗങ്ങളില്‍ കിട്ടിയതെന്നതാണു ഇതിനു കാരണം.

അച്യുതാനന്ദന്റെ 'മിമിക്രി' കാണാനാണ്‌ ആള്‍ക്കൂട്ടം എത്തുന്നതെന്നു കോണ്‍ഗ്രസ്‌ നേതാക്കള്‍ പരിഹസിച്ചെങ്കിലും അദ്ദേഹത്തിന്റെ ജനപിന്തുണയില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിനു ഭയമുണ്ട്‌. സ്വന്തം പാര്‍ട്ടിയിലെ കടുത്ത എതിരാളികള്‍പോലും വി.എസിന്റെ പടംവച്ചാണു തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. വി.എസ്‌. വിരുദ്ധര്‍പോലും അദ്ദേഹത്തിന്റെ പടം ഉപയോഗിച്ചു നടത്തിയ പ്രചാരണം വോട്ടായി മാറിയിട്ടുണ്ടോയെന്നതാണ്‌ ഉയര്‍ന്ന പോളിംഗ്‌ ശതമാനം ഉയര്‍ത്തുന്ന പ്രധാന ചോദ്യം.

അതേസമയം, പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിനു പിന്നാലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടാനായത്‌ സംസ്‌ഥാനത്തെ പ്രകടമായ ഭരണ വിരുദ്ധ വികാരത്തെയാണ്‌ കാണിക്കുന്നതെന്നു യു.ഡി.എഫ്‌. നേതൃത്വം പറയുന്നു. ഇടതുമുന്നണി ഒരിക്കല്‍പ്പോലും പിന്നാക്കം പോയിട്ടില്ലാത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ അവരുടെ കോട്ടകളില്‍പ്പോലും വിള്ളല്‍ വീഴ്‌ത്താനായതും യു.ഡി.എഫ്‌. ചൂണ്ടിക്കാട്ടുന്നു. മുന്നണി സമവാക്യങ്ങളിലുണ്ടായ മാറ്റം എല്‍.ഡി.എഫിന്റെ അടിത്തറ തകര്‍ത്തിട്ടുണ്ട്‌. കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗം മുന്നണിയിലെത്തിയതോടെ മധ്യകേരളത്തില്‍ യു.ഡി.എഫ്‌. ചോദ്യം ചെയ്യപ്പെടാനാകാത്തത്ര ശക്‌തിയായി വളര്‍ന്നിട്ടുണ്ടെന്ന്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ഫലം ചൂണ്ടിക്കാട്ടി നേതൃത്വം അവകാശപ്പെടുന്നു. സോഷ്യലിസ്‌റ്റ് ജനത, ഐ.എന്‍.എല്‍. എന്നീ പാര്‍ട്ടികള്‍ യു.ഡി.എഫിലെത്തിയതു വടക്കന്‍ കേരളത്തിലും യു.ഡി.എഫിനു ഏറെ ഗുണം ചെയ്യും. പോളിംഗ്‌ ശതമാനം കൂടിയതു മുന്നണി മാറ്റത്തിലൂടെ കിട്ടിയ ഈ വോട്ടുകളും തങ്ങളുടെ പെട്ടിയില്‍ വീണുവെന്ന്‌ ഉറപ്പാക്കാനായിട്ടുണ്ടെന്നാണ്‌ യു.ഡി.എഫിന്റെ വാദം. അതിനാല്‍ തന്നെ, അച്യുതാനന്ദന്‍ ഫാക്‌ടര്‍ ഒന്നുകൊണ്ടുമാത്രം ഇപ്പോഴുണ്ടായിരുന്ന യു.ഡി.എഫ്‌. അനുകൂല തരംഗം മറികടക്കാനാകില്ലെന്നാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

(mangalam analysis)
=================================================

No comments:

Post a Comment