സംസ്‌ഥാനത്തു നടന്നു വരുന്നതു പാര്‍ട്ടിക്കു വേണ്ടി മാത്രമുള്ള ഭരണം: രാഹുല്‍ ഗാന്ധി | ||
കൊച്ചി: കഴിഞ്ഞ അഞ്ചു വര്‍ഷമായി സംസ്‌ഥാനത്തു നടന്നു വരുന്നതു പാര്‍ട്ടിക്കു വേണ്ടി മാത്രമുള്ള ഭരണമാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. എല്‍.ഡി.എഫ്. സര്‍ക്കാര്‍ ജനത്തെ കുറിച്ചല്ല സ്വന്തം പാര്‍ട്ടിയെ കുറിച്ചാണ് ചിന്തിക്കുന്നത്. ജനങ്ങളോടുള്ള ഉത്തരവാദിത്വം അവര്‍ക്കു നിറവേറ്റാന്‍ കഴിഞ്ഞില്ല. സംസ്‌ഥാനത്തിന്റെ സമഗ്ര പുരോഗതി ഉണ്ടാക്കുന്നതില്‍ കേരള സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും തെരഞ്ഞെടുപ്പു പര്യടനത്തിനായി കൊച്ചിയിലെത്തിയ അദ്ദേഹം പറഞ്ഞു. കേരള ജനതയുടെ കഴിവുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. മധ്യപൂര്‍വ ദേശങ്ങളിലും ദുബായ് പോലുള്ള സ്‌ഥലങ്ങളിലും മലയാളികളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുകയും സാമ്പത്തിക വളര്‍ച്ച നേടുകയും ചെയ്‌തു. കേരളത്തെ രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്‌ഥാനമാക്കി തീര്‍ക്കുന്നതിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ സ്‌ഥാനാര്‍ഥി പട്ടികയിലുള്ളതു തികച്ചും അനുഭവ പരിചയമുള്ളവരാണ്. ഒപ്പം യുവാക്കള്‍ക്കു മതിയായ പ്രാതിനിധ്യവും ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ എല്‍.ഡി.എഫ്. വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ അഞ്ചു വര്‍ഷം ഭരണം പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ 93 വയസായ ഒരു മുഖ്യമന്ത്രിയാകും ഇവിടെയുണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ രാഷ്‌ട്രീയ സംവിധാനം അപ്പാടെ മാറ്റുന്നതിനാണ് യു.ഡി.എഫ്. ശ്രമിക്കുന്നത്. അക്രമമില്ലാത്ത, ജനങ്ങള്‍ക്കു ഭീതിയില്ലാതെ കഴിയാന്‍ സാധിക്കുന്ന സാഹചര്യം. അതിനൊപ്പം സമഗ്രമായ സാമ്പത്തിക വ്യാവസായിക വളര്‍ച്ച ഉറപ്പാക്കുകയും അതിന്റെ പ്രയോജനം താഴെ തട്ടില്‍ എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യും. കേന്ദ്രസര്‍ക്കാര്‍ നിരവധി വികസന പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നു. സാമ്പത്തിക മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിക്കുന്ന പണം പാവങ്ങളുടെ ക്ഷേമത്തിനായി വിതരണം ചെയ്യുന്നതിന് യു.പി.എ. സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. സമഗ്രസാമ്പത്തിക വളര്‍ച്ചയും അതിന്റെ സദ്‌ഫലങ്ങള്‍ സാധാരണക്കാരനിലേക്ക് എത്തിക്കാനുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കേന്ദ്രത്തിലെ സര്‍ക്കാരിന് അതേ അര്‍ഥത്തില്‍ പിന്തുണ നല്‍കുന്ന സംസ്‌ഥാന സര്‍ക്കാരുമുണ്ടായാല്‍ സാധാരണക്കാര്‍ക്കു കൂടുതല്‍ പ്രയോജനം ലഭിക്കും. തെരഞ്ഞെടുപ്പിനു ശേഷം തിരികെയെത്തുമ്പോള്‍ ഇവിടെ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു. യോഗത്തില്‍ ഡി.സി.സി. പ്രസിഡന്റ് വി.ജെ. പൗലോസ് അധ്യക്ഷത വഹിച്ചു. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന് അനുശോചനം രേഖപ്പെടുത്തി മൗനപ്രാര്‍ഥനയോടു കൂടിയാണ് യോഗം ആരംഭിച്ചത്. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ എം. പ്രേമചന്ദ്രന്‍ സ്വാഗതവും അബ്‌ദുല്‍ മുത്തലിബ് നന്ദിയും പറഞ്ഞു. (mangalam) |
Monday, April 18, 2011
പാര്‍ട്ടി പാര്‍ട്ടിക്കു വേണ്ടി
Subscribe to:
Post Comments (Atom)
No comments:
Post a Comment