Thursday, April 14, 2011


സോനു സിന്‍ഹയ്‌ക്ക് റെയില്‍വേയുടെ ജോലി വാഗ്‌ദാനം

ന്യൂഡല്‍ഹി/ബറേലി: മോഷ്‌ടാക്കള്‍ ട്രെയിനില്‍നിന്നു തള്ളിയിട്ട്‌ കാല്‍ നഷ്‌ടപ്പെട്ട വനിതാ കായികതാരത്തിനു ജോലിയും മറ്റെല്ലാ സഹായങ്ങളും നല്‍കുമെന്നു റെയില്‍വേ പ്രഖ്യാപിച്ചു. വോളിബോള്‍, ഫുട്‌ബോള്‍ ഇനങ്ങളില്‍ ദേശീയതലത്തില്‍ കളിച്ചിട്ടുള്ള അരുണിമ എന്ന സോനു സിന്‍ഹയ്‌ക്കാണ്‌ റെയില്‍വേ സഹായം പ്രഖ്യാപിച്ചത്‌. 
ചികിത്സയ്‌ക്ക് ആവശ്യമായ ധനസഹായം നല്‍കാനും മന്ത്രി മമതാ ബാനര്‍ജി നിര്‍ദേശിച്ചിട്ടുണ്ടെന്ന്‌ റെയില്‍വേ ബോര്‍ഡ്‌ ചെയര്‍മാന്‍ വിവേക്‌ സഹായ്‌ അറിയിച്ചു. ഉന്നതതല അന്വേഷണത്തിനും റെയില്‍വേ ഉത്തരവിട്ടു. റെയില്‍വേ മന്ത്രാലയത്തോട്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ വിശദമായ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

സി.ഐ.എസ്‌.എഫ്‌. റിക്രൂട്ട്‌മെന്റ്‌ പരീക്ഷയ്‌ക്കായി ഡല്‍ഹിയിലേക്കുള്ള യാത്രയ്‌ക്കിടയിലാണ്‌ സോനുവിനു ദുരന്തമുണ്ടായത്‌.

മാല പിടിച്ചുപറിക്കാനുള്ള ശ്രമം ചെറുത്ത അവരെ മോഷ്‌ടാക്കള്‍ ഓടിക്കൊണ്ടിരുന്ന പത്മാവതി എക്‌സ്പ്രസ്‌ ട്രെയിനില്‍നിന്നു തള്ളിയിടുകയായിരുന്നു. സമാന്തര പാതയിലൂടെ വന്ന മറ്റൊരു ട്രെയിന്‍ കയറിയാണ്‌ സോനുവിന്‌ ഇടതുകാല്‍ നഷ്‌ടമായത്‌.

നഷ്‌ടപരിഹാരമായി തനിക്കു പണമല്ല, ജീവിക്കാന്‍ ഒരു ജോലിയാണു വേണ്ടതെന്നു ബറേലിയിലെ ആശുപത്രിയില്‍ സോനു സിന്‍ഹ പറഞ്ഞതിനു പിന്നാലെയാണ്‌ റെയില്‍വേയുടെ ജോലിവാഗ്‌ദാനം. സോനുവിന്‌ അടിയന്തര ചികിത്സാ സഹായമായി 25,000 രൂപ പ്രഖ്യാപിച്ച കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയം ഇന്നലെ രണ്ടു ലക്ഷം രൂപ കൂടി അനുവദിച്ചു.ട്രെയിനില്‍ വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു കര്‍ശന നടപടി വേണമെന്ന്‌ ആവശ്യപ്പെട്ട ദേശീയ വനിതാ കമ്മിഷന്‍ യു.പി. സര്‍ക്കാരിനോട്‌ വിശദമായ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

റെയില്‍വേ സുരക്ഷാ സേനയിലെ ഒഴിവുകള്‍ നികത്താത്തതാണ്‌ ഇത്തരം ദുരന്തങ്ങള്‍ക്കു കാരണമെന്നു സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം വൃന്ദാ കാരാട്ട്‌ അഭിപ്രായപ്പെട്ടു.

===============================================

No comments:

Post a Comment