Thursday, April 14, 2011


അമ്മതന്‍ നേത്രത്തില്‍നിന്നുതിര്‍ന്ന ചുടുകണ്ണീരായ്‌ കണ്ണനും നന്ദനയും

മൂവാറ്റുപുഴ: കൊഞ്ചിച്ചു കൊതി തീരുംമുമ്പേ മകളെ നഷ്‌ടപ്പെട്ട ഗായിക ചിത്രയുടെ ദുഃഖം നെഞ്ചേറ്റാന്‍ ഏതൊരമ്മയ്‌ക്കുമാകും. എന്നാല്‍, ഹൃദയം പറിച്ചെടുക്കുന്ന ആ നൊമ്പരം അതേപടി അനുഭവിച്ച മറ്റൊരമ്മയുണ്ട്‌. ആറ്റുനോറ്റ്‌ 62-ാം വയസില്‍ അമ്മയാകുകയും സമൂഹത്തിന്റെ ദൃഷ്‌ടിദോഷമെന്നോണം രണ്ടാം വയസില്‍ കുഞ്ഞിനെ നഷ്‌ടപ്പെടുകയും ചെയ്‌ത ഭവാനിയമ്മ.

മകള്‍ നന്ദനയെ നഷ്‌ടപ്പെട്ട ചിത്രയുടേയും കണ്ണനെ നഷ്‌ടപ്പെട്ട ഭവാനിയമ്മയുടേയും ദുര്‍വിധിക്കു സമാനതകളേറെ. ജീവിച്ചിരുന്നെങ്കില്‍ കഴിഞ്ഞ 12-നു കണ്ണന്‌ ഏഴുവയസായിരുന്നേനേ. നന്ദനയേക്കാള്‍ ഒരുവയസിന്‌ ഇളപ്പം.

വാര്‍ധക്യത്തിലെത്തിയപ്പോഴാണ്‌ ഭവാനിയമ്മയ്‌ക്കു കുഞ്ഞുണ്ടായ വാര്‍ത്ത എല്ലാവരേയും അമ്പരപ്പിച്ചത്‌. 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രയ്‌ക്കു കുഞ്ഞു പിറന്നപ്പോള്‍ പ്രിയഗായികയെ സ്‌നേഹിക്കുന്ന മലയാളികള്‍ അവരുടെ അതിരറ്റ ആഹ്‌ളാദത്തില്‍ പങ്കുചേര്‍ന്നു.

ജീവിച്ചിരുന്നപ്പോള്‍ ആഘോഷിച്ച കണ്ണന്റെ പിറന്നാള്‍ ഓര്‍മകള്‍ക്കിടെയാണു ഭവാനിയമ്മ ടിവിയില്‍ ചിത്രയുടെ മകളുടെ മരണവാര്‍ത്തയറിഞ്ഞത്‌. അതുകേട്ട്‌ കണ്ണനെ നഷ്‌ടപ്പെട്ടപ്പോള്‍ എന്നതുപോലെ തകര്‍ന്നുപോയി. പതിറ്റാണ്ടുകള്‍ കാത്തിരുന്നിട്ടും കുഞ്ഞു പിറക്കാതിരുന്നതിനാലാണ്‌ ഒടുവില്‍ ഭവാനിയമ്മ ടെസ്‌റ്റ് ട്യൂബ്‌ മാര്‍ഗം തിരഞ്ഞെടുത്തത്‌.

കണ്‍നിറയെ കാണാന്‍ കണ്ണന്‍ പിറന്നപ്പോള്‍ അതുവരെ അനുഭവിച്ച യാതനകളെല്ലാം വാത്സല്യമാക്കി അവനു നല്‍കി. ലോകമെന്നാല്‍ അവനായി. 2004 ഏപ്രില്‍ പന്ത്രണ്ടിനാണു കണ്ണന്‍ പിറന്നത്‌. താലോലിച്ചു മതിവരാതെ ദിനങ്ങള്‍ കടന്നുപോയി. 2006 ഫെബ്രുവരി പതിനൊന്നിന്‌ ഭവാനിയമ്മയുടെ ആഹ്‌ളാദങ്ങള്‍ വീണ്ടും വിധി തല്ലിക്കെടുത്തി.

ഒരു വിവാഹത്തില്‍ പങ്കെടുത്തു മടങ്ങിയെത്തി ഭവാനിയമ്മ വീടിനുള്ളില്‍ വസ്‌ത്രം മാറുമ്പോള്‍ മുറ്റത്ത്‌ ബക്കറ്റിലെ വെള്ളത്തില്‍ വീണു കണ്ണന്‍ മരിച്ചു. കാലമെത്രയായാലും ആ ഓര്‍മകള്‍ ഭവാനിയമ്മയെ പൊട്ടിക്കരയിക്കും.

എത്ര കാത്തിരുന്നിട്ടാണു ചിത്രയ്‌ക്കു കുഞ്ഞു പിറന്നത്‌. അതു നഷ്‌ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന ആര്‍ക്കും പങ്കുവയ്‌ക്കാനാകില്ല. ആര്‍ക്കും ആശ്വസിപ്പിക്കാനുമാവില്ല- ഭവാനിയമ്മ പറഞ്ഞു.

കണ്ണന്റെ വേര്‍പാടിനു ശേഷം ഒരിക്കല്‍ക്കൂടി കുഞ്ഞു വേണമെന്ന്‌ ആഗ്രഹിച്ചിരുന്നു. പക്ഷേ, അപ്പോഴേക്കു പ്രായമേറെ കടന്നുപോയി. മൂവാറ്റുപുഴയില്‍ താമസിക്കുമ്പോഴാണു കണ്ണന്‍ പിറന്നത്‌. ഏതാനും നാള്‍കൂടി അവിടെക്കഴിഞ്ഞു. മൂവാറ്റുപുഴയിലെ വീടു വിറ്റ്‌ ഇപ്പോള്‍ കുമളിയിലാണു ഭവാനിയമ്മ താമസിക്കുന്നത്‌. ...- ബൈജു ഭാസി

(mangalam)
==================================================

No comments:

Post a Comment