Thursday, April 14, 2011


വിധി എന്തേ ഈ അമ്മയോടിങ്ങനെ?

'എപ്പോഴും എനിക്ക്‌ സങ്കടങ്ങളെന്തെങ്കിലും കാണും. മകളെ കിട്ടുന്നതുവരെ അതായിരുന്നു സങ്കടം...' ആറുവര്‍ഷം മുമ്പ്‌ 'കന്യക' ദ്വൈവാരികയ്‌ക്കുവേണ്ടി ചിത്രയെ ഇന്റര്‍വ്യൂ ചെയ്‌തപ്പോള്‍ അവര്‍ പറഞ്ഞ ഈ വാക്കുകള്‍ ഇപ്പോഴും എന്റെ മനസിലുണ്ട്‌. ചിത്രയെന്ന വിഖ്യാത ഗായികയെയല്ല, ഒന്നരപ്പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിനൊടുവില്‍ ലഭിച്ച പൊന്നോമനയിലൂടെ സങ്കടങ്ങളെല്ലാം ഇറക്കിവച്ച ഒരമ്മയേയാണ്‌ ആ അഭിമുഖത്തിലുടനീളം ഞാന്‍ കണ്ടത്‌, പക്ഷേ...

കോടിക്കണക്കിനു മലയാളികള്‍ക്കു സാന്ത്വനഗീതമായ ചിത്രയെന്ന രണ്ടക്ഷരം വീണ്ടും സങ്കടത്തിന്റെ പര്യായമാകുകയാണ്‌. സങ്കടങ്ങള്‍ക്കുമേല്‍ എപ്പോഴും ചിരി തൂകിയിരുന്ന ഈ പാവം സ്‌ത്രീയോടു വിധിയെന്തേ ഇങ്ങനെ? ഇന്നലെ ഉച്ചയോടെ 'ചിത്രയുടെ മകള്‍ മരിച്ചു' എന്ന വാര്‍ത്ത കേട്ടപ്പോഴേ മനസില്‍ വിഷുവിളക്കണഞ്ഞു. വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷം നന്ദനയെന്ന പൊന്നുമോള്‍ ജീവിതത്തില്‍ പുതിയൊരു പ്രകാശം ചൊരിഞ്ഞപ്പോള്‍ ചിത്ര പറഞ്ഞതോര്‍ക്കുന്നു- 'എന്നെ സ്‌നേഹിക്കുന്ന എത്രയോ പേരുടെ പ്രാര്‍ഥനയുടെ ഫലമാണിത്‌'. ആറുവര്‍ഷം മുമ്പ്‌ തിരുവനന്തപുരത്തുവച്ച്‌ ആദ്യമായി ചിത്രയേയും മകളേയും കാണുമ്പോള്‍ നന്ദനയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചിട്ട്‌ അധികമായിരുന്നില്ല. ചിത്രയുമായി സംസാരിക്കുമ്പോള്‍, അമ്മ എന്റേതെന്ന വാശിയില്‍ കൂടെക്കൂടെ അരികിലെത്തി. അപ്പോഴൊക്കെ ചിത്ര കുഞ്ഞിനെ വാരിയെടുത്തു. 'ആദ്യ പിറന്നാള്‍ ദിവസം മോള്‍ക്കു പനിയായിരുന്നു. അതുകൊണ്ടു വലിയ ആഘോഷമൊന്നും വേണ്ടെന്നുവച്ചു. അവളുടെ ഓരോ വളര്‍ച്ചയും എനിക്കു കൗതുകമാണ്‌'- മകളെക്കുറിച്ചു പറയുമ്പോള്‍ ഗായികയ്‌ക്കു നൂറുനാവ്‌. 'ആറ്റുനോറ്റുണ്ടായൊരുണ്ണീ...' എന്ന പാട്ടു പാടുമ്പോള്‍ കുട്ടിയെ സ്വപ്‌നംകണ്ടിരുന്നോയെന്ന ചോദ്യത്തിന്‌, ആ പാട്ടു പാടിയത്‌ നെഞ്ചില്‍ത്തൊട്ടാണെന്നു മറുപടി. 'നന്ദനം' എന്ന സിനിമയിലെ ' കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍...'എന്ന പാട്ടു കേട്ട്‌ ആരാധകരും

ചിത്രയ്‌ക്കു വേണ്ടി കരഞ്ഞു പ്രാര്‍ഥിച്ചിരിക്കാം. ആ പാട്ടും ആരാധകരുടെ പ്രാര്‍ഥനയും ഫലിച്ചു. ഒരു രോഹിണി നാളില്‍ നന്ദനയുടെ ജനനം. മാസങ്ങള്‍ കഴിയും മുമ്പേ നന്ദനത്തിലെ പാട്ടിനു സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ്‌. മകള്‍ക്കു വേണ്ടി പാടിയ പാട്ടിനു മകള്‍ നേടിത്തന്ന അവാര്‍ഡ്‌ പോലെ.

നന്ദനം സിനിമയില്‍ പാടിയശേഷം ജനിച്ച മകള്‍ക്കു നന്ദനയെന്നുതന്നെ പേര്‌. തങ്ങള്‍ക്കു കുഞ്ഞുണ്ടാകണമെന്ന്‌ ഏറ്റവും ആഗ്രഹിച്ചിരുന്ന, ഭര്‍തൃമാതാവ്‌ ആനന്ദവല്ലിയുടെ പേരില്‍നിന്നാണ്‌ ആ പേരിട്ടതെന്നാണു പക്ഷേ ചിത്ര പറഞ്ഞത്‌. നന്ദനം എന്ന സിനിമ മനസില്‍ വന്നിരുന്നേയില്ലത്രേ. പിന്നീട്‌ പേരറിഞ്ഞു പലരും ഓര്‍മിപ്പിച്ചപ്പോഴാണ്‌ ആ സാമ്യം തിരിച്ചറിഞ്ഞത്‌. 'നിന്റെ കൃഷ്‌ണാ വിളി ദൈവം കേട്ടു'വെന്നു യേശുദാസ്‌ പോലും പറഞ്ഞപ്പോള്‍ ചിത്രയ്‌ക്കു സമ്മതിക്കാതെ തരമില്ലായിരുന്നു. മകള്‍ക്കായി പാടുന്ന താരാട്ട്‌ ഏതൊരമ്മയും പാടുന്നപോലെ എന്നാണു ചിത്ര പറഞ്ഞത്‌. അതിനു സ്വയം നല്‍കിയ ഒരു പ്രത്യേക ഈണമുണ്ടെന്നു മാത്രം. കഴിഞ്ഞവര്‍ഷം വീണ്ടും ചിത്രയെ കണ്ടു, തിരുവനന്തപുരത്ത്‌. മകള്‍ ചെന്നൈയില്‍ സ്‌കൂളില്‍ പോകുന്നതുകൊണ്ട്‌ ഭര്‍ത്താവ്‌ അവിടെ. മകള്‍ക്ക്‌ അമ്മയുടെ ശബ്‌ദത്തിലുള്ള താരാട്ടുതന്നെ വേണമത്രേ ഉറങ്ങാന്‍. അമ്മയുടെ വാസന കൊച്ചു നന്ദനയ്‌ക്കുമുണ്ടായിരുന്നു. കൊച്ചിലേമുതല്‍ സംഗീതപരിപാടികള്‍ മാത്രമാണു നന്ദന ക്ഷമയോടെ കേട്ടിരുന്ന പരിപാടികള്‍.

അമ്മയും നന്ദനയെ സംഗീതപരിപാടികള്‍ക്കല്ലാതെ മറ്റൊന്നിനും കൂട്ടിക്കൊണ്ടു പോകുമായിരുന്നില്ല. എപ്പോഴും ചിരിച്ചു സന്തോഷിച്ചല്ലാതെ ചിത്രയെ കാണാറില്ലെന്നു പറഞ്ഞപ്പോഴും നിറചിരിതന്നെ മറുപടി. ആ ചിരിക്കുമേലാണു വിധി വീണ്ടും കരിനിഴല്‍ പരത്തിയത്‌.  -----  രശ്‌മി രഘുനാഥ്‌
(mangalam)
================================================

No comments:

Post a Comment