വിദേശയാത്രക്കാരില്‍നിന്ന് പിരിച്ച ടി.എല്‍.പി. ഫണ്ടില്‍ തിരിമറി |
തൃശൂര്‍: നെടുമ്പാശേരി, കരിപ്പൂര്‍, തിരുവനന്തപുരം രാജ്യാന്തര വിമാന ത്താവള ങ്ങളില്‍ സുരക്ഷാ ചുമതല വഹിക്കുന്ന പോളിംഗ് ഉദ്യോഗസ്‌ഥര്‍ ടെമ്പററി ലാന്‍ഡിംഗ് പെര്‍മിറ്റ് (ടി.എല്‍.പി.) ഇനത്തില്‍ വിദേശ യാത്ര ക്കാരില്‍നിന്നു വസൂലാക്കിയ ഫീസില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. പോലീസിന്റെ ആഭ്യന്തര ഓഡിറ്റിംഗ് വിഭാഗമാണു തട്ടിപ്പു കണ്ടെത്തിയത്‌്. വിദേശ യാത്ര ക്കാരില്‍നിന്നു പിരിച്ച ടി.എല്‍.പി. ഫണ്ടില്‍നിന്നു ലക്ഷങ്ങളാണു പോലീസ് ഉദ്യോഗസ്‌ഥര്‍ മുക്കിയത്. വിദേശ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കു വിസാ രേഖകള്‍ പ്രകാരം നിശ്‌ചിത വിമാനത്താവളങ്ങള്‍ക്കു പുറമേ പ്രത്യേക വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിനു ടെമ്പററി ലാന്‍ഡിംഗ് പെര്‍മിറ്റ് അനുവദിക്കുക പതിവുണ്ട്. നിരവധി യാത്രക്കാര്‍ ടി.എല്‍.പി. തുക അടച്ച് കേരളത്തില്‍ വന്നുപോവുക പതിവാണ്. ടി.എല്‍.പി. തുകയായി ലഭിച്ച ലക്ഷങ്ങളുടെ ഫണ്ടില്‍ തിരിമറിയും കൃത്രിമവും നടത്തിയെന്നാണ് ഉദ്യോഗസ്‌ഥര്‍ കണ്ടെത്തിയത്. ടി.എല്‍.പി. രജിസ്‌റ്റര്‍ ബുക്ക് കൃത്യമായി സൂക്ഷിക്കാതെയും മുഴുവന്‍ യാത്രക്കാരേക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചുമാണു തട്ടിപ്പു നടത്തുന്നത്. എസ്.പി. റാങ്കിലോ സീനിയര്‍ ഡിവൈ.എസ്.പി. റാങ്കിലോ ഉള്ള പോര്‍ട്ട് രജിസ്‌ട്രേഷന്‍ ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന എസ്.ഐ. റാങ്കില്‍ കുറയാത്ത ഉദ്യോഗസ്‌ഥരോ ആണ് ടി.എല്‍.പി. രജിസ്‌ട്രേഷന്‍ ചുമതല നിര്‍വഹിക്കേണ്ടത്. 2004 മുതല്‍ 2007 വരെയുള്ള കണക്കുകള്‍ പരിശോധിച്ച ഓഡിറ്റിംഗ് വിഭാഗം ഫീസ് ഇനത്തില്‍ ഈടാക്കിയ സംഖ്യ ബന്ധപ്പെട്ട അക്കൗണ്ടില്‍ അടയ്‌ക്കാതെ ഉദ്യോഗസ്‌ഥര്‍ വീതിച്ചെടുത്തതായി കണ്ടെത്തി. പി.കെ. കനകമ്മ മേധാവിയായ ഓഡിറ്റിംഗ് സെല്ലില്‍ കെ. ദേവദാസന്‍, എസ്.ജെ. പാണ്ഡ്യന്‍, എസ്. സന്തോഷ്, ബൈജു മാത്യു എന്നിവരായിരുന്നു അംഗങ്ങള്‍. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ പോര്‍ട്ട് രജിസ്‌ട്രേഷന്‍ ഓഫീസറാ (പി.ആര്‍.ഒ.)യി സേവനമനുഷ്‌ഠിച്ച കെ.ജി. ജെയിംസ്, കെ. സദാശിവന്‍, പി.സി. ഫിലിപ്പ്, പി.വി. ഏലിയാസ്, കെ.ഇ. ജോയ്, വി.ജി. ബാബു എന്നിവര്‍ സേവനമനുഷ്‌ഠിച്ച കാലയളവിലെ രേഖകളും ബില്ലുകളും പാസ് ബുക്കുകളുമാണ് ഓഡിറ്റിംഗ് വിഭാഗം പരിശോധിച്ചത്. 2007 നവംബര്‍ 15ന് രാവിലെ 11.30ന് എസ്.ഐ. ജയദാസിന്റെ സാന്നിധ്യത്തില്‍ നടന്ന പരിശോധനയില്‍ കാഷ് കൗണ്ടറില്‍ 10,238 രൂപയുടെ കുറവു കണ്ടെത്തി. രേഖപ്രകാരം 11,142 രൂപ മിച്ചം കാണേണ്ട സ്‌ഥാനത്ത് 904 രൂപ മാത്രമായിരുന്നു പണപ്പെട്ടിയിലുണ്ടായിരുന്നത്. 2005 ജൂണ്‍ 13ന് അഞ്ചു യാത്രക്കാരില്‍നിന്ന് ഈടാക്കിയ ടി.എല്‍.പി. ഫണ്ട് രജിസ്‌റ്ററില്‍ ചേര്‍ത്തിട്ടില്ലെന്നു പരിശോധനയില്‍ കണ്ടെത്തി. 2006 ഏപ്രില്‍ ഏഴിന് അമേരിക്കന്‍ പൗരത്വമുള്ള മലയാളി പട്ടാറ തെരസാ ജോസിന്റെ പക്കല്‍നിന്നു ടി.എല്‍.പി. രസീതു നല്‍കി ഈടാക്കിയ തുക അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 2006 ജൂലൈ 14ന് ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന അനിത പ്രണവ്, യു.എ.ഇ. പൗരനായ അല്‍സുബന്‍സി മുഹമ്മദ്, കാനഡയില്‍ ജോലി ചെയ്യുന്ന താടിക്കാരന്‍ ചാര്‍ളി ജോണ്‍, റാണി ചാര്‍ളി, അമേരിക്കയില്‍ ജോലി ചെയ്യുന്ന തോമസ് ബിജി, ലൂയിസ് കുരിയന്‍ എന്നിവരില്‍നിന്ന് 2007 മേയ് 12ന് ഈടാക്കിയ ടി.എല്‍.പി. ഫീസിലും തട്ടിപ്പു നടന്നതായി കണ്ടെത്തി. ടി.എല്‍.പി. ഫീസായി പിരിക്കുന്ന സംഖ്യ ഉടന്‍തന്നെ ബാങ്ക് അക്കൗണ്ടില്‍ അടയ്‌ക്കണമെന്നാണു ചട്ടം. രസീതു പ്രകാരമുള്ള തുകകള്‍ അടച്ചതുപോലും മാസങ്ങള്‍ കഴിഞ്ഞാണെന്ന് ഓഡിറ്റിംഗ് വിഭാഗം കണ്ടെത്തി. തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ കൂടുതല്‍ ഗൗരവമായ ക്രമക്കേടുകളും ടി.എല്‍.പി. ഫണ്ട് തിരിമറികളും നടന്നതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. -ജോയ് എം. മണ്ണൂര്‍ (mangalam) ==================================================== |
Saturday, April 16, 2011
അഴിമതി നമ്മുടെ ശാപം
Subscribe to:
Post Comments (Atom)
No comments:
Post a Comment