പ്രമേഹം നിയന്ത്രിക്കുക... | ||
ഓരോ രോഗിയുടെയും പ്രായം, രോഗാവസ്‌ഥ എന്നിവ പരിഗണിച്ചാണ് ആഹാരക്രമീകരണം നടത്തേണ്ടത്. ഇലക്കറികള്‍, പാവയ്‌ക്ക, മുരിങ്ങയ്‌ക്ക, വാഴച്ചുണ്ട്, വാഴപ്പിണ്ടി എന്നിവ പോലെ പച്ചക്കറികള്‍ കൂടുതല്‍ അളവില്‍ കഴിക്കാം. അരി, ഗോതമ്പ്, പയര്‍വര്‍ഗം, പാല്‍, മുട്ട, മാംസം എന്നിവയുടെ അളവ് കുറയ്‌ക്കാന്‍ ശ്രമിക്കുകയും വേണം. മധുരപലഹാരങ്ങള്‍ ഒഴിവാക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പഞ്ചസാരയുടെ മധുരംപോലെ അപകടകരമാണ് തേന്‍, ശര്‍ക്കര എന്നിവ ചേര്‍ത്ത മധുരപലഹാരങ്ങളും. നാരുകലര്‍ന്ന പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉപയോഗിക്കുന്നത് നന്ന്. നാരുകലര്‍ന്ന ആഹാരം രക്‌തത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് വര്‍ധിപ്പിക്കുകയില്ല. പച്ചക്കറികള്‍, പഴവര്‍ഗം, പയര്‍വര്‍ഗം എന്നിവയില്‍ കൂടിയ അളവില്‍ നാര് അടങ്ങിയിട്ടുണ്ട്. പഴവര്‍ഗങ്ങള്‍ പാടേ ഉപേക്ഷിക്കേണ്ടതില്ല. റോബസ്‌റ്റ പഴം, ഓറഞ്ച്, ചെറിയ കഷ്‌ണം പപ്പായ, മുസംബി എന്നിവ കഴിക്കാമെങ്കിലും, ചക്കപ്പഴം, ഏത്തപ്പഴം, മാമ്പഴം എന്നിവ അധികം കഴിക്കരുത്. അരിയാഹാരം ഉപേക്ഷിച്ച് ചപ്പാത്തി കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതിലും കാര്യമുണ്ട്. രണ്ടും ഉത്‌പാദിപ്പിക്കുന്ന ഗ്ലൂക്കോസിന്റെ അളവില്‍ വലിയ വ്യത്യാസമില്ലെങ്കിലും ഇവ ദഹിച്ച് ഗ്ലൂക്കോസായി രക്‌തത്തില്‍ എത്താന്‍ അല്‌പം താമസം വരുന്നത് ഗോതമ്പിന്റെ കാര്യത്തിലാണ്. അരിയാഹാരം കഴിയുന്നത്ര അളവില്‍ ഗോതമ്പ് ആഹാരം കഴിക്കില്ലെന്ന ഗുണം കൂടി ഇതിലുണ്ട്. പ്രമേഹരോഗികളില്‍ മിക്ക അവയവങ്ങളെയും രോഗാവസ്‌ഥ പ്രതികൂലമായി ബാധിച്ചേക്കാം. കണ്ണ്, കാലുകള്‍, വൃക്കകള്‍, ഹൃദയം.... ഇക്കാര്യത്തില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് രോഗം നിയന്ത്രിച്ചുനിര്‍ത്തുകയാണ്. അല്ലെങ്കില്‍ പലതരം കാഴ്‌ചവൈകല്യങ്ങള്‍ ഉണ്ടായേക്കാം. ഇവരില്‍ വളരെ നേരത്തേ തിമിരം പിടികൂടാം. കണ്ണിലെ രക്‌തധമനികളില്‍ സംഭവിക്കുന്ന അപാകതമൂലം ചിലപ്പോള്‍ പൂര്‍ണമായ അന്ധതയ്‌ക്കുപോലും കാരണമാകും. കാലുകളുടെ സംരക്ഷണവും പ്രത്യേകം ശ്രദ്ധിക്കണം. ഇവരില്‍ ഡയബറ്റിക്ക് ഫുട് എന്നാണ് ഇത് അറിയപ്പെടുന്നത്. കാലിലെ ചര്‍മ്മത്തില്‍ ചൊറിഞ്ഞുപൊട്ടുന്നതുപോലെയുള്ള വിള്ളല്‍, പൂപ്പല്‍ബാധ എന്നിവയ്‌ക്ക് പുറമേ രക്‌തധമനികളില്‍ തടസം ഉണ്ടായി നീര്, നിറവ്യത്യാസം എന്നിവയുണ്ടാകാം. വ്രണങ്ങള്‍ ഉണ്ടായാല്‍ ഭേദപ്പെടാന്‍ കാലതാമസമുണ്ടാകും. അതിനാല്‍ കാലുകളുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കണം. എപ്പോഴും മേല്‍ത്തരം ചെരുപ്പ് ഉപയോഗിക്കാന്‍ ശ്രമിക്കണം. അല്‌പം അയവുള്ള ഷൂസ് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ദിവസവും ഇളം ചൂടുവെള്ളത്തില്‍ കാലുകള്‍ കഴുകി വൃത്തിയാക്കി നനവില്ലാതാക്കി പൗഡര്‍ ഇട്ടുവയ്‌ക്കണം. കോട്ടണ്‍ സോക്‌സ് ഉപയോഗിക്കണം. തണുപ്പ്, ഈര്‍പ്പം എന്നിവയുള്ള സ്‌ഥലങ്ങളില്‍ ഏറെനേരം ഇരിക്കരുത്. മാസത്തില്‍ ഒരുതവണയെങ്കിലും രക്‌തപരിശോധന നടത്തണം. (mangalam) ============================================= | ||
Tuesday, November 30, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment