Tuesday, November 30, 2010

അനേകം ചാവേറുകളെ റിക്രൂട്ട്‌ ചെയ്‌തു

അറസ്‌റ്റിലായ ഭീകരര്‍ അനേകം ചാവേറുകളെ റിക്രൂട്ട്‌ ചെയ്‌തു
തൃശൂര്‍: ഇന്ത്യയില്‍ വന്‍ സ്‌ഫോടന പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ അറസ്‌റ്റിലായ രണ്ടു കാശ്‌മീര്‍ ഭീകരര്‍ നിരവധി ചാവേര്‍ പോരാളികളെ ലഷ്‌കറെ തോയ്‌ബയിലേക്കു റിക്രൂട്ട്‌ ചെയ്‌തതായി കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സിക്കു സൂചന ലഭിച്ചു. ഇന്ത്യന്‍ സമ്പദ്‌ഘടനയ്‌ക്കു കനത്ത പ്രഹരമേല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ മഹാരാഷ്‌ട്ര, ഗുജറാത്ത്‌, രാജസ്‌ഥാന്‍ സംസ്‌ഥാനങ്ങളില്‍ വ്യാപകമായ സ്‌ഫോടന പരമ്പരകളാണ്‌ ഇവരുടെ നേതൃത്വത്തില്‍ ലഷ്‌കര്‍ ആസൂത്രണം ചെയ്‌തിരുന്നത്‌. 

ജമ്മു കാശ്‌മീരിലെ രജൂരി ജില്ലയിലെ ഗഗറൂട്ട്‌ സ്വദേശികളായ മുഹമ്മദ്‌ ഷെരീഫ്‌ എന്ന മഹദീന്‍ താക്കര്‍ (33), മുഹമ്മദ്‌ ഇസാഖ്‌ കുംലാഖ്‌(29) എന്നിവരെയാണ്‌ കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ നല്‍കിയ സൂചനയനുസരിച്ച്‌ മഹാരാഷ്‌ട്ര തീവ്രവാദവിരുദ്ധ സ്‌ക്വാഡ്‌ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തത്‌. 
മുംബൈ താനെയിലെ കബൂര്‍ഭട്ടിലെ സണ്‍സിറ്റി ഹോട്ടലില്‍നിന്നാണ്‌ ഇരുവരും അറസ്‌റ്റിലായത്‌. റഷ്യയുടെ അത്യാധുനിക തുക്കറായ്‌ പിസ്‌റ്റളുകള്‍ ഇവരില്‍നിന്നു പിടിച്ചെടുത്തു. ഏതു സമയവും നിറയൊഴിക്കാന്‍ കഴിയുന്ന വിധത്തില്‍ ഷെരീഫിന്റെ പക്കല്‍ നിന്ന്‌ ഏഴു കാഡ്രിഡ്‌ജുകളും ഇസാഖിന്റെ പക്കല്‍നിന്ന്‌ ആറു കാഡ്രിഡ്‌ജുകളും കണ്ടെത്തി.

കാശ്‌മീരില്‍നിന്ന്‌ മുംബൈയിലെത്തിയ ഇരുവരും താനയിലെ എന്‍.എന്‍. സണ്‍സ്‌ പെട്രോളിയം കമ്പനിയില്‍ ട്രക്ക്‌ ഡ്രൈവര്‍മാരായി ജോലി നോക്കുകയായിരുന്നു. 
ഇതിനിടെ മഹാരാഷ്‌ട്ര, ഗുജറാത്ത്‌, രാജസ്‌ഥാന്‍ എന്നിവിടങ്ങളിലെ എണ്ണ ശുദ്ധീകരണശാലകള്‍, മഹാരാഷ്‌ട്ര-ഗുജറാത്ത്‌ അതിര്‍ത്തിയിലെ ഗില്‍വാസ, വാപി എന്നിവിടങ്ങളിലെ വ്യവസായകേന്ദ്രങ്ങള്‍, മുംബൈ, പൂനെ, ഔറംഗബാദ്‌ എന്നിവിടങ്ങളിലെ പട്ടാളക്യാമ്പുകള്‍ എന്നിവയുടെ രേഖാചിത്രങ്ങളും റൂട്ട്‌ മാപ്പുകളും സംഘടിപ്പിച്ചു. മുംബൈയിലെ താമസത്തിനിടെ നിരവധി യുവാക്കളെ ലഷ്‌കറെ തോയ്‌ബയുടെ ചാവേര്‍ ഗ്രൂപ്പിലേക്ക്‌ ഇരുവരും റിക്രൂട്ട്‌ ചെയ്‌തു. വന്‍ പ്രതിഫലവും വാഹനങ്ങളും നല്‍കിയാണ്‌ ഏതാനും യുവാക്കളെ ഇവര്‍ റിക്രൂട്ട്‌ ചെയ്‌തത്‌.

കാശ്‌മീരില്‍ മൂന്നുവര്‍ഷം മുമ്പ്‌ രക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റു മരിച്ച ലഷ്‌കറെ തോയ്‌ബ കമാന്‍ഡന്റ്‌ മുഹമ്മദ്‌ അയൂബിന്റെ ഭാര്യാസഹോദരനാണ്‌ ഇസാഖ്‌. അയൂബിന്റെ ബാല്യകാല സുഹൃത്താണ്‌ ഷെരീഫ്‌. 
പുനെയില്‍ ഫെബ്രുവരി 13ന്‌ ജര്‍മ്മന്‍ ബേക്കറിയില്‍ നടന്ന സ്‌ഫോടനക്കേസിലെ പ്രതികളുമായി ഇരുവരും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പുനെയിലെ ഗണപതിക്ഷേത്രം ബോംബ്‌ വച്ച്‌ തകര്‍ക്കാന്‍ കഴിഞ്ഞ സെപ്‌റ്റംബറില്‍ ഇരുവരും പദ്ധതിയിട്ടിരുന്നെങ്കിലും ലഷ്‌കറെ തോയ്‌ബയുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ അവസാന നിമിഷം നീക്കം ഉപേക്ഷിക്കുകയായിരുന്നു. ലഷ്‌കറെ തോയ്‌ബയുടെ ചാവേര്‍ ഗ്രൂപ്പിലേക്കു റിക്രൂട്ട്‌ ചെയ്യപ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇരുവരിലുംനിന്ന്‌ ലഭിക്കുമെന്ന്‌ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നു.
-ജോയ്‌ എം. മണ്ണൂര്‍ (mangalam report)
=======================================================

No comments:

Post a Comment