|
|
2000ലെ വിദഗ്‌ധസമിതി റിപ്പോര്‍ട്ട് മുല്ലപ്പെരിയാര്‍ പരിശോധിക്കാതെ |
|
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി 2000-ല്‍ എത്തിയ കേന്ദ്ര ജല വിഭവ മന്ത്രാലയത്തിന്റെ വിദഗ്‌ധ സമിതി പ്രധാന അണക്കെട്ടു പരിശോധിച്ചില്ല. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി മുമ്പാകെ കേരളം സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. 50 അടിമാത്രം ഉയരമുളള ബേബിഡാമില്‍ മാത്രമാണ് സമിതി പരീക്ഷണങ്ങളും പഠനങ്ങളും നടത്തിയത്. ഇതിലൂടെ മുഖ്യഅണക്കെട്ടിനെ വിലയിരുത്താനാവില്ല. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് കേരള താല്‍പര്യത്തിനെതിരായി 2006-ല്‍ ജലനിരപ്പുയര്‍ത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.
പുതിയ അണക്കെട്ടും പുതിയ കരാറുമാണ് പ്രശ്‌നത്തിന് ഏക പരിഹാരമെന്നു ചൂണ്ടിക്കാട്ടി അവസാന തിരുത്തലുകള്‍ക്കു ശേഷം ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് സത്യവാങ്‌മൂലം സമര്‍പ്പിച്ചത്.
അണക്കെട്ടിന്റെ സംഭരണശേഷി വര്‍ധിപ്പിക്കാനുതകുന്നരീതിയില്‍ കേന്ദ്രജലകമ്മിഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടോ എന്നതടക്കമുളള അഞ്ചു ചോദ്യങ്ങള്‍ക്ക് കൃത്യമായ രേഖകളുടെ അടിസ്‌ഥാനത്തില്‍ ഉത്തരം നല്‍കിയെന്നു മാത്രമല്ല കമ്മിഷനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് 100 പേജുളള സത്യവാങ്‌മൂലം അവസാനിപ്പിച്ചത്. രേഖകള്‍ മാത്രം 66 പേജ് വരും. നിലവിലെ അണക്കെട്ടിന് പ്രളയസാധ്യതയെ മറികടക്കാനാവില്ലെന്നും ഭൂകമ്പത്തെ ചെറുക്കാനാവില്ലെന്നും ഡല്‍ഹി, റൂര്‍ക്കി ഐ.ഐ.ടികളുടെ ശാസ്‌ത്രീയ പഠനറിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തില്‍ വ്യക്‌തമാക്കി. ജലകമ്മീഷന്‍ നിര്‍ദേശിച്ചതില്‍ അണക്കെട്ടിന് കോണ്‍ക്രീറ്റ് തൊപ്പി, ചേര്‍പ്പ് എന്നീ ബലപ്പെടുത്തല്‍ മാത്രമാണ് തമിഴ്‌നാട് ചെയ്‌തത്.
പത്തു സ്‌പില്‍വേ 13 ആക്കി വര്‍ധിപ്പിച്ചെങ്കിലും പ്രളയ സാധ്യത കണക്കിലെടുക്കാത്തത് വലിയ പോരായ്‌മയായി. ഭൂമികുലുക്കത്തെ പ്രതിരോധിക്കാനെന്ന പേരില്‍ പ്രത്യേകമായി കോണ്‍ക്രീറ്റ് ചേര്‍പ്പ് നടത്തിയെങ്കിലും സ്‌ഥലത്തെ ഭൂകമ്പ തീവ്രത ശാസ്‌ത്രീയമായി കണക്കാക്കിയിട്ടില്ല. പ്രളയം വന്നാല്‍ മൂന്നു ദിവസത്തിലധികം നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് തമിഴ്‌നാട് തന്നെ സാക്ഷി വിസ്‌താരവേളയില്‍ സമ്മതിച്ചിട്ടുണ്ട്. ഈ ജലം അണക്കെട്ടിനു മുകളിലൂടെ ഒഴുകിപ്പോകുന്നതു അണക്കെട്ടു തകരാന്‍ ഇടയാക്കും.
ബേബി ഡാം ബലപ്പെടുത്തണമെന്ന ബോര്‍ഡ് നിര്‍ദേശം തമിഴ്‌നാട് പാലിച്ചില്ല. ബേബി ഡാമിന്റെ അടിത്തട്ടില്‍ വിളളല്‍ ഉണ്ടെന്ന ഔദ്യോഗിക രേഖ ഉയര്‍ത്തിക്കാട്ടി കേരളം എതിര്‍ത്തതാണു കാരണം. പ്രധാന അണക്കെട്ടിന്റെ പാരപ്പറ്റിന്റെ ഉയരം വര്‍ധിപ്പിക്കുക എന്ന നിര്‍ദേശവും കടലാസിലൊതുങ്ങി. പാരപ്പറ്റിന്റെ ഉയരം വര്‍ധിപ്പിക്കില്ലെന്ന് കമ്മിഷന്‍ കേരളത്തിന് 1980-ല്‍ നല്‍കിയ ഉറപ്പിനു വിരുദ്ധമായതിനാലാണ് ഇക്കാര്യം പാലിക്കാന്‍ കഴിയാതിരുന്നത്. അണക്കെട്ട് തമിഴ്‌നാടിന്റെ ഉടമസ്‌ഥതയില്‍ ആയതിനാല്‍ കേരളം എന്തു ചെയ്‌തു എന്ന ചോദ്യത്തിനു പ്രസക്‌തിയില്ലെന്നും കേരളം ബോധിപ്പിച്ചു.
ജലനിരപ്പ് 136 അടിയിലേറെ വര്‍ധിപ്പിക്കാനാകുമോ എങ്കില്‍ എന്തു നടപടികള്‍ എന്ന നാലാമത്തെ ചോദ്യത്തിന് 'അസാധ്യ'മാണെന്നാണ് ഉത്തരം. 136 അടിയായി ജലനിരപ്പു സൂക്ഷിക്കുന്നതു തന്നെ അപകടരമാണെന്നാണ് കേരളം സമര്‍ത്ഥിക്കുന്നത്‌്. പുതിയ അണക്കെട്ടും പുതിയ കരാറും മാത്രമാണ് പരിഹാര മാര്‍ഗം. അടുത്ത ജൂണ്‍ മാസത്തോടെ വിശദമായ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കും. നാലു വര്‍ഷം കൊണ്ട് അണക്കെട്ട് നിര്‍മിക്കും. ജലവിനിയോഗത്തില്‍ മാത്രമാണ് തമിഴ്‌നാടിന് പങ്കാളിത്തമുണ്ടാകുക. നിര്‍മാണം, ഉടമസ്‌ഥത, അറ്റകുറ്റപ്പണികള്‍ എന്നിവ പൂര്‍ണമായും കേരളത്തിന്റെ നിയന്ത്രണത്തിലായിരിക്കും. തമിഴ്‌നാടിന് കൃഷിയ്‌ക്കുളള വെളളം വിട്ടുകൊടുക്കും. 136 അടിയായി ജലനിരപ്പു സൂക്ഷിക്കുന്നതു മൂലം തമിഴ്‌നാടിന്റെ കൃഷിക്ക് എന്തെങ്കിലും കോട്ടമുണ്ടായിട്ടുണ്ടോയെന്ന വെട്ടിലാക്കുന്ന ചോദ്യവും കേരളം ഉയര്‍ത്തുന്നുണ്ട്. നിലവിലെ അണക്കെട്ടു തകര്‍ന്നാലുണ്ടാകുന്ന ദുരന്തത്തിലേക്കും വിരല്‍ ചൂണ്ടിയാണ് സത്യവാങ്‌മൂലം അവസാനിപ്പിക്കുന്നത്. *ഡി. ധനസുമോദ്... (mangalam report)
================================================= |
|
|
|
No comments:
Post a Comment