Monday, November 29, 2010

'ചാരക്കണ്ണില്‍ ഇന്ത്യയും; ഇന്ത്യക്കു പിന്നാലെ യു.എസ്‌. ചാരന്‍മാരെന്ന്‌ വിക്കിലീക്‌സ്

വാഷിംഗ്‌ടണ്‍: യു.എന്‍. രക്ഷാസമിതി സ്‌ഥിരാംഗത്വം, ആണവ കരാര്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയുടെ ഓരോ നീക്കവും ചോര്‍ത്തിയെടുക്കാന്‍ അമേരിക്ക നയതന്ത്ര ഉദ്യോഗസ്‌ഥരെ ഉപയോഗിച്ചിരുന്നെന്നു വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍. വിദേശത്തെ എംബസികള്‍ അമേരിക്ക ചാരകേന്ദ്രങ്ങളായിക്കൂടിയാണ്‌ ഉപയോഗപ്പെടുത്തിയിരുന്നതെന്ന വെളിപ്പെടുത്തല്‍ നയതന്ത്രരംഗത്ത്‌ അമേരിക്കയുടെ മുഖംമൂടി പൊളിച്ചതിനു പിന്നാലെയാണ്‌ ഇന്ത്യയോടും യു.എസ്‌. സമീപനം വ്യത്യസ്‌തമായിരുന്നില്ലെന്നു വ്യക്‌തമായത്‌. യു.എന്‍. രക്ഷാസമിതി സ്‌ഥിരാംഗത്വത്തിനു ശ്രമിക്കുന്നവരിലെ 'സ്വയംപ്രഖ്യാപിത ഒന്നാമന്‍' എന്നാണു യു.എസ്‌. വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ ഇന്ത്യയെ വിശേഷിപ്പിച്ചത്‌.

യു.എന്‍. ആസ്‌ഥാനത്ത്‌ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്‌ഥരുടെ ചെറുചലനം പോലും ചോര്‍ത്തിയെടുത്ത്‌ ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ മുഖേന കൈമാറാന്‍ യു.എസ്‌. ഭരണകൂടം അവരുടെ നയതന്ത്ര ഉദ്യോഗസ്‌ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നെന്നും വിക്കിലീക്‌സ് വെളിപ്പെടുത്തി. രഹസ്യാന്വേഷണ ഏജന്‍സികളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ഐക്യരാഷ്‌ട്ര സംഘടനയുടെ ന്യൂയോര്‍ക്ക്‌, വിയന്ന, റോം ഓഫീസുകളിലെ യു.എസ്‌. നയതന്ത്ര ഉദ്യോഗസ്‌ഥര്‍ക്കും 33 രാജ്യങ്ങളിലെ എംബസികളിലേക്കും ഹിലാരി കഴിഞ്ഞ വര്‍ഷം ജൂലൈ 31നാണു 'വിവരശേഖരണ നിര്‍ദേശം' അയച്ചത്‌.

യു.എന്‍. രക്ഷാസമിതി വിപുലീകരണം, ഇന്ത്യാ-യു.എസ്‌. ആണവ കരാര്‍ തുടങ്ങിയവ സംബന്ധിച്ച ഇന്ത്യയുടെ നീക്കങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലാണു പുതുതായി പുറത്തുവന്ന രണ്ടര ലക്ഷത്തോളം രേഖകളില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനം. രക്ഷാസമിതി സ്‌ഥിരാംഗത്വത്തിനു ശ്രമിക്കുന്ന ജി4 (ഇന്ത്യ, ബ്രസീല്‍, ജര്‍മനി, ജപ്പാന്‍), സ്‌ഥിരാംഗത്വ വിപുലീകരണത്തെ എതിര്‍ക്കുന്ന സമവായ ഗ്രൂപ്പ്‌ (മെക്‌സിക്കോ, ഇറ്റലി, പാകിസ്‌താന്‍), ആഫ്രിക്കന്‍ സഖ്യം, യൂറോപ്യന്‍ യൂണിയന്‍ എന്നിവരുടെയും യു.എന്‍. പൊതുസഭ, യു.എന്‍. സെക്രട്ടേറിയറ്റ്‌ എന്നിവയിലെയും നയതന്ത്ര ഉദ്യോഗസ്‌ഥരുടെ വിവരശേഖരണമാണ്‌ ഇതില്‍ നിര്‍ണായകം.

വിദേശ നയതന്ത്ര പ്രതിനിധികളുടെ യാത്രാവിവരങ്ങള്‍ നിരീക്ഷിക്കുന്നതിനായി അവരുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പറുകള്‍, വിമാനയാത്രാ നമ്പറുകള്‍ എന്നിവയും ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ചേരിചേരാസഖ്യം, ജി-77, ഇസ്ലാമിക രാജ്യങ്ങളുടെ സഖ്യം എന്നിവയിലെ സ്‌ഥിരാംഗങ്ങളുടെ നയതന്ത്ര പ്രതിനിധികളുടെ ഒപ്പ്‌, വിരലടയാളം, കൃഷ്‌ണമണിയുടെ അടയാളം എന്നിവയും അവര്‍ക്കു രാജ്യതലസ്‌ഥാനവുമായുള്ള ബന്ധങ്ങള്‍ എന്നിവയും ശേഖരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ആണവ വിതരണ ഗ്രൂപ്പ്‌, സമഗ്ര ആണവപരീക്ഷണ നിരോധന ഉടമ്പടി തുടങ്ങിയ കാര്യങ്ങളില്‍ വിവിധ രാജ്യങ്ങളുടെ നീക്കങ്ങള്‍ അറിയുക, രാജ്യാന്തര കരാറുകള്‍ക്ക്‌ അംഗീകാരം നല്‍കാനുള്ള ആഭ്യന്തര നടപടികളെക്കുറിച്ചുള്ള വിവരശേഖരണം തുടങ്ങിയ ദൗത്യങ്ങള്‍ക്കും അമേരിക്ക എംബസികളെ ചുമതലപ്പെടുത്തിയിരുന്നെന്നും ന്യൂയോര്‍ക്ക്‌ ടൈംസിലൂടെ വിക്കിലീക്‌സ് വെളിപ്പെടുത്തി.

നയതന്ത്ര ഉദ്യോഗസ്‌ഥര്‍ ചാരന്മാര്‍ കൂടിയാണെന്ന വെളിപ്പെടുത്തല്‍ വിദേശബന്ധത്തെ ബാധിക്കുമെന്ന തിരിച്ചറിവില്‍ അമേരിക്ക നിഷേധക്കുറിപ്പ്‌ ഇറക്കാന്‍ ഒട്ടും വൈകിയില്ല. ''നയതന്ത്ര ഉദ്യോഗസ്‌ഥര്‍ നയതന്ത്ര ഉദ്യോഗസ്‌ഥര്‍ മാത്രമാണ്‌. അവര്‍ ഇന്റലിജന്‍സ്‌ ഏജന്‍സികളുടെ ഭാഗമല്ല''- ട്വിറ്റര്‍ വെബ്‌സൈറ്റിലെ കുറിപ്പിലൂടെ യു.എസ്‌. വിദേശകാര്യ വക്‌താവ്‌ പി.ജെ. ക്രൗളി പറഞ്ഞു.

തങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തുനിന്നുള്ള പൊതുവായ വിവരശേഖരണം എല്ലാ രാജ്യങ്ങളുടെയും നയതന്ത്ര ഉദ്യോഗസ്‌ഥര്‍ ചെയ്യുന്നതാണ്‌. അവയുടെകൂടി അടിസ്‌ഥാനത്തിലാണു വിദേശനയത്തിനു രൂപം നല്‍കുന്നത്‌- ക്രൗളി പറഞ്ഞു. വിദേശകാര്യ വകുപ്പും നയതന്ത്ര ഉദ്യോഗസ്‌ഥരുമായുള്ള ആശയവിനിമയത്തില്‍ വിദേശരാജ്യങ്ങളിലെ ഉന്നതരെപ്പറ്റി മോശം പരാമര്‍ശങ്ങളുള്ളതിനെ ന്യായീകരിക്കാനും അമേരിക്ക ശ്രമം തുടങ്ങിയിട്ടുണ്ട്‌.

വിക്കിലീക്‌സ് വെളിപ്പെടുത്തലുകളോടു പ്രതികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ല. അമേരിക്കയുമായി ഊഷ്‌മളമായ ബന്ധമാണ്‌ ഇന്ത്യക്കുള്ളതെന്നും അവര്‍ നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നതാണെന്നും വിദേശകാര്യ സഹമന്ത്രി പ്രണീത്‌ കൗര്‍ പറഞ്ഞു. നയതന്ത്ര ഉദ്യോഗസ്‌ഥരുമായുള്ള ആശയവിനിമയം ഓരോ രാജ്യത്തിന്റെയും സ്വന്തം കാര്യമാണ്‌. സങ്കീര്‍ണമായ ഈ വിഷയത്തില്‍ തല്‍ക്കാലം പ്രതികരിക്കുന്നില്ലെന്നും അവര്‍ വ്യക്‌തമാക്കി.

വിക്കിലീക്‌സ് പുറത്തുവിട്ട രണ്ടര ലക്ഷത്തോളം രേഖകളില്‍ 3,038 എണ്ണം ഇന്ത്യയിലെ അമേരിക്കന്‍ എംബസിയുമായി ബന്ധപ്പെട്ടതാണ്‌. വിവിധ യു.എസ്‌. എംബസികളുടെ ആശയവിനിമയത്തിന്റെ 2,51,287 രേഖകളാണു പുറത്തുവന്നിരിക്കുന്നത്‌. ഇവയില്‍ 11,000 എണ്ണം 'രഹസ്യം' എന്നു രേഖപ്പെടുത്തിയവയാണ്‌. വിദേശരാജ്യങ്ങളുമായി പങ്കുവയ്‌ക്കരുതെന്നു രേഖപ്പെടുത്തിയവയാണ്‌ 9,000 എണ്ണം. ഈ രണ്ടു കുറിപ്പുകളുമുള്ളവ നാലായിരത്തോളം വരും.

രഹസ്യരേഖകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ നാലു വര്‍ഷം മുമ്പു സ്‌ഥാപിതമായതാണ്‌ വിക്കിലീക്‌സ് എന്ന സംഘടന. ഇറാഖ്‌, അഫ്‌ഗാന്‍ യുദ്ധങ്ങള്‍ സംബന്ധിച്ച അമേരിക്കയുടെ രഹസ്യ സൈനികരേഖകള്‍ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടതോടെ അവര്‍ രാജ്യാന്തരശ്രദ്ധ നേടി. ഇതുവരെ പത്തുലക്ഷത്തിലേറെ രേഖകള്‍ പുറത്തുവിട്ട വിക്കിലീക്‌സ് ചെറിയ കാലയളവില്‍ സ്വന്തമാക്കിയ പുരസ്‌കാരങ്ങള്‍ എണ്ണമറ്റതാണ്‌. നേരത്തേതന്നെ അമേരിക്കയ്‌ക്കു തലവേദനയായ വിക്കിലീക്‌സ് ഇത്തവണ പരസ്യമാക്കിയ നയതന്ത്ര വെളിപ്പെടുത്തലുകള്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കയുടെ മുഖം നഷ്‌ടമാക്കിയിരിക്കുന്നു. അമേരിക്കയുടെ വിദേശബന്ധങ്ങള്‍ ഉലച്ചേക്കാവുന്ന രേഖകള്‍ പുറത്തുവിടുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ വിക്കിലീക്‌സിന്റെ വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു. വിവിധ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിലൂടെയാണ്‌ ഇപ്പോള്‍ രണ്ടര ലക്ഷത്തോളം രേഖകള്‍ അവര്‍ പരസ്യമാക്കിയത്‌.
(mangalam report)
=======================================================

No comments:

Post a Comment