Monday, November 29, 2010

അധികാരം ദുഷിപ്പിക്കും: അധികാര മോഹവും

ജഗന്‍മോഹനും അമ്മയും കോണ്‍ഗ്രസ്‌ വിട്ടു

ഹൈദരാബാദ്‌/ന്യൂഡല്‍ഹി: അന്തരിച്ച ആന്‌ധ്രാ മുഖ്യമന്ത്രി വൈ.എസ്‌. രാജശേഖര റെഡ്‌ഡിയുടെ മകനും കഡപ്പയില്‍നിന്നുള്ള ലോക്‌സഭാംഗവുമായ വൈ.എസ്‌. ജഗന്‍മോഹന്‍ റെഡ്‌ഡി കോണ്‍ഗ്രസ്‌ അംഗത്വവും എം.പി. സ്‌ഥാനവും രാജിവച്ചു. കോണ്‍ഗ്രസ്‌ നേതൃത്വം തന്റെ കുടുംബത്തെ അവഗണിച്ചതിലും അപമാനിച്ചതിലും പ്രതിഷേധിച്ചാണു രാജിയെന്ന്‌ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക്‌ അയച്ച 'തുറന്ന' രാജിക്കത്തില്‍ ജഗന്‍ വ്യക്‌തമാക്കി. ജഗന്റെ അമ്മയും പുളിവേണ്ടുല എം.എല്‍.എയുമായ വിജയമ്മയും രാജിവച്ചു. 
സംസ്‌ഥാന കോണ്‍ഗ്രസില്‍ തന്നോടും കുടുംബത്തോടും അടുപ്പമുള്ളവരെ അണിചേര്‍ത്ത്‌ യൂത്ത്‌ ശ്രമിക്‌ റിയോത്ത്‌ (വൈ.എസ്‌.ആര്‍.) കോണ്‍ഗ്രസ്‌ എന്ന പേരില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കാനാണു ജഗന്റെ നീക്കം. പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ കഡപ്പയില്‍ ഉണ്ടാകുമെന്നാണു ജഗന്റെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കോണ്‍ഗ്രസ്‌ അണികള്‍ക്കിടയില്‍ വമ്പിച്ച സ്വാധീനമുള്ള ജഗന്‍ പാര്‍ട്ടി പിളര്‍ത്തിയാല്‍ കഷ്‌ടിച്ച്‌ ഒരാഴ്‌ച മാത്രം പ്രായമായ ആന്‌ധ്രയിലെ കിരണ്‍ കുമാര്‍ റെഡ്‌ഡി സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. 36 എം.എല്‍.എമാരുടെയും നാല്‌ എം.പി, എം.എല്‍.സിമാരുടെയും പിന്തുണയുണ്ടെന്നാണ്‌ ജഗന്‍ ക്യാമ്പിന്റെ അവകാശവാദം. തനിക്കുവേണ്ടി രാജി വയ്‌ക്കരുതെന്നും എല്ലാവരുടേയും സ്‌നേഹം മാത്രം മതിയെന്നും ജഗന്‍ പരസ്യമായി അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടി പിളര്‍ത്താന്‍ തന്നെയാണ്‌ നീക്കമെന്നാണു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. അങ്ങനെ വന്നാല്‍ 294 അംഗ നിയമസഭയില്‍ കിരണ്‍ കുമാര്‍ റെഡ്‌ഡി മന്ത്രിസഭ ന്യൂനപക്ഷമാകും.ഇന്റര്‍നെറ്റിലൂടെ ജഗന്‍ സമര്‍പ്പിച്ച രാജി ലോക്‌സഭാ സ്‌പീക്കര്‍ മീരാകുമാര്‍ സ്വീകരിച്ചു. വിജയമ്മ ഇന്നു നിയമസഭാ സ്‌പീക്കറെക്കണ്ട്‌ രാജി നല്‍കും.

ജഗന്റെ രാജി പാര്‍ട്ടിയെ ബാധിക്കില്ലെന്നാണു കോണ്‍ഗ്രസ്‌ സംസ്‌ഥാന നേതൃത്വത്തിന്റെ പ്രതികരണം. ഒരു വര്‍ഷത്തിനിടയില്‍ ജഗന്റെ ജനപ്രതീയില്‍ ഇടിവുണ്ടായിട്ടുണ്ടെന്നാണ്‌ അവരുടെ വിലയിരുത്തല്‍. രാജി തീരുമാനം നിര്‍ഭാഗ്യകരവും തെറ്റായ ഉപദേശത്തിന്മേലുള്ളതുമാണെന്നു കേന്ദ്ര നിയമമന്ത്രിയും എ.ഐ.സി.സിയില്‍ ആന്‌ധ്രയുടെ ചുമതലക്കാരനുമായ വീരപ്പ മൊയ്‌ലി പറഞ്ഞു.വൈ.എസ്‌. രാജശേഖര റെഡ്‌ഡി കോപ്‌ടര്‍ അപകടത്തില്‍ മരിച്ച ശേഷം മുഖ്യമന്ത്രിക്കസേരയാണു ജഗന്റെ സ്വപ്‌നം. വൈ.എസ്‌.ആറിനോടു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കു പൊതുവേയുമുള്ള സ്‌നേഹവായ്‌പ് മുതലാക്കി പാര്‍ട്ടിയെ ബ്ലാക്‌മെയില്‍ ചെയ്‌ത് മുഖമന്ത്രിക്കസേരയില്‍ അവരോധിതനാകാന്‍ പതിനാലു മാസമായി ജഗന്‍ ശ്രമിക്കുകയാണ്‌.

കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ച്‌ സാന്ത്വനയാത്ര നടത്തുകയും സോണിയയ്‌ക്കും രാഹുലിനും പ്രധാനമന്ത്രിക്കുമെതിരേ സ്വന്തം ടിവി ചാനലില്‍ നിശിത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്‌തിട്ടും ജനങ്ങളുടെ വൈ.എസ്‌.ആര്‍. വികാരവും ജഗനു റായലസീമ, തീരദേശ പ്രദേശങ്ങളിലുള്ള സ്വാധീനവും നന്നായറിയാവുന്ന കോണ്‍ഗ്രസ്‌ നടപടിയെടുത്തില്ല. തുടര്‍ന്നാണു ജഗന്‍ നാടകീയമായി രാജി പ്രഖ്യാപിച്ചത്‌. റോസയ്യയ്‌ക്കു പകരം കിരണ്‍ റെഡ്‌ഡിയെ മുഖ്യമന്ത്രിയാക്കിയതും ജഗനെ പ്രകോപിപ്പിച്ചു.
======================================================

No comments:

Post a Comment