Tuesday, November 30, 2010

അഴിമതി നമ്മുടെ ശാപം

ഉത്തരക്കടലാസ്‌ തയാറാക്കല്‍: ലക്ഷങ്ങളുടെ അഴിമതി
======================================================
വാഴൂര്‍/കോട്ടയം: മാര്‍ച്ചിലെ എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടു, വി.എച്ച്‌.എസ്‌.സി. പരീക്ഷകള്‍ക്കുള്ള ഉത്തരക്കടലാസുകള്‍ തയാറാക്കുന്നതില്‍ ലക്ഷങ്ങളുടെ അഴിമതി. ഗുണനിലവാരം കുറഞ്ഞ പേപ്പറുകള്‍ സര്‍ക്കാര്‍ പ്രസുകളില്‍ എത്തിച്ചതു വഴിയാണ്‌ വന്‍ ക്രമക്കേട്‌ നടന്നത്‌. അന്വേഷണത്തില്‍ ക്രമക്കേട്‌ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ ഉത്തരക്കടലാസ്‌ തയാറാക്കുന്ന കോട്ടയം വാഴൂര്‍ ഗവ. പ്രസില്‍ എത്തിച്ച 100 ടണ്‍ പേപ്പര്‍ തിരിച്ചയച്ചു. കോഴിക്കോട്ടെ ഗവ. പ്രസിലെ ഓര്‍ഡര്‍ മടക്കി. 60 ജി.എസ്‌.എം. പേപ്പറുകളിലാണ്‌ മുമ്പ്‌ ഉത്തരക്കടലാസുകള്‍ അച്ചടിച്ചിരുന്നത്‌. ഗുണനിലവാരം വര്‍ധിപ്പിക്കാന്‍

2011 മാര്‍ച്ചിലെ പരീക്ഷകള്‍ മുതല്‍ 75 ജി.എസ്‌.എം. പേപ്പറില്‍ ഉത്തരക്കടലാസുകള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇതിനു ശേഷവും 60 ജി.എസ്‌.എം. പേപ്പറുകള്‍ എത്തിച്ചതാണ്‌ വിവാദത്തിനു കാരണം. നിലവില്‍ ഇരുനൂറു ടണ്ണോളം 60 ജി.എസ്‌.എം. പേപ്പര്‍ സ്‌റ്റോക്കുള്ളപ്പോഴാണ്‌ ഇതേ പേപ്പര്‍ ആവശ്യപ്പെടാതെ തന്നെ വീണ്ടും ഇറക്കിയത്‌. പേപ്പര്‍ സൂക്ഷിക്കാന്‍ പോലും വാഴൂരില്‍ ഇടമില്ല. തിരുവനന്തപുരം മണ്ണന്തല, വാഴൂര്‍, കോഴിക്കോട്‌ പ്രസുകളിലായാണ്‌ ഉത്തരക്കടലാസുകള്‍ അച്ചടിക്കുന്നത്‌. ഇതിനായി 1000 ടണ്‍ 60 ജി.എസ്‌.എം. പേപ്പറിന്‌ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്‌.

ഇവ മുഴുവന്‍ പിന്‍വലിച്ച്‌ വീണ്ടും 75 ജി.എസ്‌.എം. പേപ്പറുകള്‍ എത്തിച്ചുവേണം ഉത്തരക്കടലാസുകള്‍ തയാറാക്കാന്‍. ഇതിനു കാലതാമസം നേരിടും. കോഴിക്കോട്‌ പ്രസില്‍ പഴയ പേപ്പറിന്റെ ഓര്‍ഡര്‍ ലഭിച്ചപ്പോള്‍ തന്നെ മടക്കിയിരുന്നു. വാഴൂരില്‍ അഞ്ചു ലോറികളിലായി എത്തിച്ച പേപ്പറിനു നിലവാരമില്ലെന്നു ചൂണ്ടിക്കാട്ടി ഒരുവിഭാഗം ജീവനക്കാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നു എറണാകുളത്തെ ഗോഡൗണിലേക്ക്‌ തിരിച്ചയച്ചു. വ്യാഴാഴ്‌ച രാത്രിയാണു കോയമ്പത്തൂരിലെ മില്ലില്‍നിന്നു 100 ടണ്‍ വാഴൂരില്‍ എത്തിയത്‌. തിരുവനന്തപുരം സ്‌റ്റേഷനറി കണ്‍ട്രോളാണ്‌ ഇതിനായി നിര്‍ദേശിച്ചത്‌. ജില്ലാ സ്‌റ്റേഷനറി ഓഫീസറുടെ മേല്‍നോട്ടത്തില്‍ കയറ്റിറക്കുമതി കരാറുകാരന്റെ സാന്നിധ്യത്തില്‍ ഇറക്കേണ്ട പേപ്പര്‍ ലോഡുകള്‍ വാഴൂരിലേക്ക്‌ മില്ലുടമ നേരിട്ടെത്തിക്കുകയായിരുന്നു.
(mangalam)
========================================================

No comments:

Post a Comment