Tuesday, November 30, 2010

ഇവരുടെ കാര്യം ആര് ശ്രദ്ധിക്കും ?

ശിക്ഷാകാലാവധി കഴിഞ്ഞ 50 മലയാളികള്‍ സൗദി ജയിലില്‍
റിയാദ്‌: ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചനം ലഭിക്കാതെ അമ്പതോളം മലയാളികള്‍ റിയാദിലെയും ദമാമിലെയും തടവറയില്‍ കഷ്‌ടപ്പെടുന്നു. ഇന്ത്യന്‍ എംബസിയില്‍നിന്നുള്ള നടപടിക്രമങ്ങള്‍ യഥാസമയം പൂര്‍ത്തിയാകാത്തതാണ്‌ ഇവരുടെ മോചനം നീണ്ടുപോകാന്‍ കാരണം.
റിയാദ്‌ സെന്‍ട്രല്‍ ജയിലില്‍ രണ്ടു സെല്ലിലായി 33 പേരും ദമാം സെന്‍ട്രല്‍ ജയിലില്‍ ഒരു സെല്ലില്‍ മാത്രം 17 പേരും ശിക്ഷാകാലാവധി കഴിഞ്ഞ്‌ മാസങ്ങളായി മോചനംകാത്ത്‌ കഴിയുന്നുണ്ട്‌. ഇവരില്‍ പലരും വിധിക്കപ്പെട്ട ശിക്ഷയുടെ ഇരട്ടി തടവറയില്‍ കഴിഞ്ഞവരാണ്‌.

തിരുവനന്തപുരം സ്വദേശി അജി വിശ്വനാഥന്‌ ആറുമാസത്തെ തടവാണ്‌ കോടതി വിധിച്ചതെങ്കിലും രണ്ടരവര്‍ഷം കഴിഞ്ഞിട്ടും മോചനം നീളുകയാണ്‌. സ്‌പോണ്‍സര്‍ കള്ളക്കേസില്‍ കുടുക്കി തന്നെ ജയിലില്‍ അടയ്‌ക്കുകയായിരുന്നുവെന്നും അതോടെ തന്റെ കുടുംബം നിത്യപട്ടിണിയിലായെന്നും ഇയാള്‍ വിലപിക്കുന്നു. ഇതേ ജില്ലക്കാരനായ മാര്‍ക്കോസ്‌ സേവ്യര്‍ക്കും ആറുമാസം ശിക്ഷയാണ്‌ വിധിച്ചതെങ്കിലും ഒന്നരവര്‍ഷം കഴിഞ്ഞിട്ടും ജീവിതം ജയിലില്‍ത്തന്നെ. 80 അടി മാത്രം വിധിക്കപ്പെട്ട്‌ തടവറയില്‍ എത്തിയ സുനില്‍കുമാര്‍ 16 മാസം കഴിഞ്ഞിട്ടും പുറംലോകം കണ്ടിട്ടില്ല.

കൈക്കൂലി കേസില്‍ ഒരു മാസം ശിക്ഷ വിധിക്കപ്പെട്ട മലപ്പുറം സ്വദേശി ഹാരിസിന്‌ ആറുമാസം കഴിഞ്ഞിട്ടും മോചനമായില്ല.

ശിക്ഷാകാലാവധി കഴിയുന്നവരെ നാട്ടിലേക്ക്‌ കയറ്റിവിടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്‌ ഇന്ത്യന്‍ എംബസി അധികൃതര്‍ കൃത്യമായി ജയിലില്‍ എത്തുന്നില്ലെന്നാണ്‌ തടവുകാരുടെ പരാതി. 28 മാസമായി തടവിലുള്ള താന്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ്‌ എംബസി സംഘത്തെ കണ്ടതെന്ന്‌ ഒരു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട എറണാകുളം സ്വദേശി ഷാല്‍ബന്‍ പറഞ്ഞു.
-ചെറിയാന്‍ കിടങ്ങന്നൂര്‍
=======================================================

No comments:

Post a Comment