Sunday, November 28, 2010

അഴിമതി നമ്മുടെ ശാപം :കാറ്റാടി

കാറ്റാടിയന്ത്രം: കുത്തക സ്‌ഥാപനങ്ങള്‍ കൊയ്യുന്നതു കോടികള്‍
അഗളി: ഉടമകള്‍ ആദിവാസികളാണെന്നു വ്യക്‌തമായി മാസങ്ങള്‍ പിന്നിടുമ്പോഴും അട്ടപ്പാടി നല്ലശിങ്കയിലെ കാറ്റാടിയന്ത്രങ്ങള്‍ വഴി കുത്തക ബിസിനസ്‌ സ്‌ഥാപനങ്ങള്‍ കോടികള്‍ കൊയ്യുന്നു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ വിവാദപ്രദേശത്തെ കാറ്റാടികള്‍ വഴി ഇവര്‍ നേടിയതു രണ്ടു കോടിയോളം രൂപയാണ്‌. അട്ടപ്പാടി ഭൂമിതട്ടിപ്പു നടന്ന സര്‍വേനമ്പര്‍ 1225ല്‍ 12 കാറ്റാടിയന്ത്രങ്ങളാണു സ്‌ഥിതി ചെയ്യുന്നത്‌. യൂണിറ്റ്‌ ഒന്നിന്‌ 3.14 രൂപയാണു കെ.എസ്‌.ഇ.ബി. കാറ്റാടിയുടെ ഉടമകള്‍ക്കു പ്രതിഫലമായി നല്‍കുന്നത്‌. കഴിഞ്ഞ ഓഗസ്‌റ്റ്, സെപ്‌റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലായി 63,22,512 യൂണിറ്റ്‌ വൈദ്യുതിയാണ്‌ ഈ 12 കാറ്റാടികളില്‍നിന്ന്‌ ഉല്‍പാദിപ്പിച്ചത്‌.

ഇതുപ്രകാരം 1,98,52,0687 രൂപ കാറ്റാടിയന്ത്രങ്ങളുടെ ഉടമസ്‌ഥരായ വന്‍കിട സ്‌ഥാപനങ്ങള്‍ക്കും സ്വകാര്യവ്യക്‌തികള്‍ക്കും ലഭിച്ചു. ഇതില്‍ ഒരു കാറ്റാടിയുടെ കാര്യത്തില്‍ മാത്രം ഹൈക്കോടതി ഇടപെട്ട്‌ ഉടമസ്‌ഥാവകാശം തെളിയിക്കുന്നതു വരെ പ്രതിഫലം തടഞ്ഞുവച്ചിട്ടുണ്ട്‌. ആദിവാസിയായ ഇ.പി. ചാത്തന്റെ പിന്മുറക്കാരുമായി അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന സ്‌ഥലത്തെ കാറ്റാടിയാണിത്‌. ബാക്കി കാറ്റാടികളില്‍നിന്നുള്ള വരുമാനം അതത്‌ ഉടമസ്‌ഥര്‍ക്കു ലഭിക്കുന്നു. നല്ലശിങ്കയിലെ ഭൂമിയുടെ ഉടമസ്‌ഥാവകാശം ആദിവാസികള്‍ക്കാണെന്നു ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ കണ്ടെത്തുകയും തിരികെ നല്‍കാന്‍ മന്ത്രിസഭ തീരുമാനമെടുക്കുകയും ചെയ്‌ത സാഹചര്യത്തിലും കാറ്റാടിയില്‍നിന്നുള്ള വരുമാനം തടയാത്തതു വിവാദമായിട്ടുണ്ട്‌.

കാറ്റാടിയന്ത്രങ്ങള്‍ സ്‌ഥാപിച്ച ശേഷം ഇവ മറിച്ചു വില്‍ക്കുകയാണു സുസ്‌ലോണ്‍ കമ്പനി ചെയ്‌തത്‌. ഇപ്പോള്‍ ഇവയെല്ലാം കേരളത്തിലും പുറത്തും അറിയപ്പെടുന്ന പ്രമുഖരുടേയും ബിസിനസ്‌ സ്‌ഥാപനങ്ങളുടേയും പേരുകളിലാണ്‌. അട്ടപ്പാടിയിലാകെ 31 കാറ്റാടിയന്ത്രങ്ങളാണു സുസ്‌ലോണ്‍ കമ്പനി സ്‌ഥാപിച്ചത്‌. എട്ടെണ്ണം കാവുണ്ടിക്കല്‍ മേഖലയിലും ബാക്കി 23 എണ്ണം ഷോളയൂര്‍, നല്ലശിങ്ക മേഖലയിലുമാണ്‌.

കഴിഞ്ഞ മൂന്നു മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇവയില്‍നിന്നുള്ള വരുമാനം 15,12,000,00 രൂപയാണ്‌. മൂന്നു കോടിയില്‍താഴെയാണ്‌ ഓരോ കാറ്റാടിയന്ത്രത്തിനും മുതല്‍മുടക്ക്‌. ഇതിന്റെ 70 ശതമാനത്തിലധികം കേന്ദ്രസര്‍ക്കാരില്‍നിന്നു സബ്‌സിഡിയായി ലഭിച്ചിട്ടുണ്ട്‌. കെ.എസ്‌.ഇ.ബിയില്‍നിന്നു ലഭിക്കുന്ന പ്രതിഫലം കൂടാതെ വര്‍ഷത്തില്‍ നല്ലൊരു സംഖ്യ കാര്‍ബണ്‍ ക്രെഡിറ്റുമായി ബന്ധപ്പെട്ടു കേന്ദ്രസര്‍ക്കാരില്‍നിന്ന്‌ ഇവര്‍ നേടുന്നുമുണ്ട്‌.

ലാഭകരമായ പദ്ധതി സര്‍ക്കാരിന്റെ അനര്‍ട്ട്‌ പോലെയുള്ള ഏജന്‍സി വഴി നടപ്പാക്കാന്‍ ശ്രമിക്കാതെ സ്വകാര്യസ്‌ഥാപനത്തെ ഏല്‍പിച്ചതിനു പിന്നിലും ദുരൂഹതയാണ്‌. 2008ലാണ്‌ അട്ടപ്പാടിയില്‍ കാറ്റാടി പദ്ധതി കമ്മിഷന്‍ ചെയ്‌തത്‌. ഇതു സ്വന്തമാക്കിയവര്‍ ചുരുങ്ങിയ കാലംകൊണ്ടു മുതല്‍മുടക്കിന്റെ പതിന്മടങ്ങു നേടി. ഇതില്‍നിന്നു ലഭിക്കുന്ന ലാഭം നികുതിമുക്‌തമാണ്‌.
-പി.വി. സന്തോഷ്‌  (mangalam report)

No comments:

Post a Comment