Wednesday, April 13, 2011


സംസ്‌ഥാനത്തെ പോളിംഗ്‌ നില

സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ പോളിംഗ്‌ രേഖപ്പെടുത്തിയത്‌ കണ്ണൂരാണ്‌. ഏറ്റവും കുറവ്‌ തിരുവനന്തപുരത്തും. ജില്ലതിരിച്ചുള്ളതും മണ്ഡലാടിസ്‌ഥാനത്തിലുമുള്ള പോളിംഗ്‌ ശതമാനം താഴെ. ബ്രാക്കറ്റില്‍ 2006ല്‍ ജില്ലകളില്‍ രേഖപ്പെടുത്തിയ പോളിംഗ്‌ ശതമാനം.

* തിരുവനന്തപുരം: 68.3(72.27) വര്‍ക്കല-72.8, പാറശാല- 71.6, നെയ്യാറ്റിന്‍കര- 70.9, അരുവിക്കര- 70.5, നെടുമങ്ങാട്‌- 71.3, കാട്ടാക്കട- 70.2 , വാമനപുരം- 70.7, കോവളം- 67.8, ആറ്റിങ്ങല്‍- 67.1, കഴക്കൂട്ടം- 67, നേമം- 67.3, ചിറയിന്‍കീഴ്‌- 66.2, വട്ടിയൂര്‍ക്കാവ്‌- 64.3, തിരുവനന്തപുരം- 59.9.

* കൊല്ലം: 72.15 മണ്ഡലം തിരിച്ചുള്ള പോളിംഗ്‌ ശതമാനം-കരുനാഗപ്പള്ളി- 74.92, ചവറ- 78.76, കുന്നത്തൂര്‍- 73.89, കൊട്ടാരക്കര- 72.49, പത്തനാപുരം- 73.91, പുനലൂര്‍- 69.3, ചടയമംഗലം- 71.62, കുണ്ടറ- 70.94, ഇരവിപുരം- 68.12, കൊല്ലം- 72.15, ചാത്തന്നൂര്‍- 71.11.

* പത്തനംതിട്ട: 68.7(68.38 ) മണ്ഡലം തിരിച്ചുള്ള പോളിംഗ്‌ ശതമാനം: കോന്നി -72.2. തിരുവല്ല: 65.4, റാന്നി 68.9, അടൂര്‍ 69.6, ആറന്മുള 65.7

* ആലപ്പുഴ: 78.53 (76.43) മണ്ഡലം തിരിച്ചുള്ള പോളിംഗ്‌ ശതമാനം: അരൂര്‍-85.05, ചേര്‍ത്തല-84.6, ആലപ്പുഴ-79.38, കുട്ടനാട്‌-78.43, അമ്പലപ്പുഴ-76, ഹരിപ്പാട്‌-80,കായംകുളം-78.2, മാവേലിക്കര-74.3, ചെങ്ങന്നൂര്‍-70.77

* കോട്ടയം:- 73.5 (71.01) മണ്ഡലം തിരിച്ചുള്ള പോളിംഗ്‌ ശതമാനം: പാല- 72.9, കടുത്തുരുത്തി-70.9, വൈക്കം-78.8, ഏറ്റുമാനൂര്‍-78.0, കോട്ടയം-76.8, പുതുപ്പള്ളി- 74.2, ചങ്ങനാശേരി-72.4,കാഞ്ഞിരപ്പള്ളി-69.8, പൂഞ്ഞാര്‍-70.01

* ഇടുക്കി: 71.2 (71.22) മണ്ഡലം തിരിച്ചുള്ള പോളിംഗ്‌ ശതമാനം: ദേവികുളം: 72.5, പീരുമേട്‌: 69.1 തൊടുപുഴ: 71.4, ഇടുക്കി: 70.9, ഉടുമ്പന്‍ചോല: 72.4.

എറണാകുളം- 77.4 (71.51) മണ്ഡലം തിരിച്ചുള്ള പോളിംഗ്‌ ശതമാനം: അങ്കമാലി -81.25, ആലുവ - 79.0, പറവൂര്‍ -87.3, വൈപ്പിന്‍ -78.6, എറണാകുളം -71.7, കൊച്ചി -63.6, തൃപ്പൂണിത്തുറ -78.4, പെരുമ്പാവൂര്‍ -77.2, കോതമംഗലം -73.4, പിറവം -78.5, കുന്നത്തുനാട്‌ -83.8, കളമശേരി -81.6, തൃക്കാക്കര -75.7, മൂവാറ്റുപുഴ -73.7

* തൃശൂര്‍: 74.7 (72.14) മണ്ഡലം തിരിച്ചുള്ള പോളിംഗ്‌ ശതമാനം: ചേലക്കര - 76.7, കുന്നംകുളം- 75.7, ഗുരുവായൂര്‍- 73.1, മണലൂര്‍- 73.1, വടക്കാഞ്ചേരി - 76.8, ഒല്ലൂര്‍ - 74.3, തൃശൂര്‍ 68.6, നാട്ടിക - 71.4, കയ്‌പമംഗലം-77.3, ഇരിങ്ങാലക്കുട - 75.3, പുതുക്കാട്‌ - 78.5, ചാലക്കുടി-75.6, കൊടുങ്ങല്ലൂര്‍ -74.09.

* പാലക്കാട്‌: 75.33 ( 74.7) മണ്ഡലം തിരിച്ചുള്ള പോളിംഗ്‌ ശതമാനം: തൃത്താല 78.5, പട്ടാമ്പി 75.9, ഷൊര്‍ണ്ണൂര്‍ 73.1, ഒറ്റപ്പാലം 74.8, കോങ്ങാട്‌ 72.8, മണ്ണാര്‍ക്കാട്‌ 72.3, മലമ്പുഴ 75.1, പാലക്കാട്‌ 72.1, തരൂര്‍ 74.6, ചിറ്റൂര്‍ 81.1, നെന്മാറ 78.2, ആലത്തൂര്‍ 75.5.

* വയനാട്‌: 74.02 (70.34) മണ്ഡലം തിരിച്ചുള്ള പോളിംഗ്‌ ശതമാനം: മാനന്തവാടി: 74.32, കല്‍പ്പറ്റ: 74.74, സുല്‍ത്താന്‍ ബത്തേരി: 73.

* മലപ്പുറം: 73.8 (74.29) മണ്ഡലം തിരിച്ചുള്ള പോളിംഗ്‌ ശതമാനം: കൊണ്ടോട്ടി: 75.3, ഏറനാട്‌: 80.2, നിലമ്പൂര്‍: 76.6, വണ്ടൂര്‍: 72.5, മഞ്ചേരി: 70.4, പെരിന്തല്‍മണ്ണ: 81.1, മങ്കട: 72.6, മലപ്പുറം: 72.4, വേങ്ങര: 68.9, വള്ളിക്കുന്ന്‌: 71.3, തിരൂരങ്ങാടി: 65.8, താനൂര്‍: 74, തിരൂര്‍: 75.7, കോട്ടക്കല്‍: 70.7, തവനൂര്‍: 77, പൊന്നാനി: 75.9.

* കോഴിക്കോട്‌ 80.2 (75.47) മണ്ഡലം തിരിച്ചുള്ള പോളിംഗ്‌ ശതമാനം: കോഴിക്കോട്‌ നോര്‍ത്ത്‌-77.032, കോഴിക്കോട്‌ സൗത്ത്‌-73.01, ബേപ്പൂര്‍-77.03,എലത്തൂര്‍-77.01, ബാലുശേരി-84.0, കുറ്റ്യാടി-81.08, വടകര--80.06, പേരാമ്പ്ര-84.02, നാദാപുരം-82.05, കൊടുവള്ളി--79.01, തിരുവമ്പാടി-78.06, കുന്നമംഗലം-75.02, കൊയിലാണ്ടി-76.01

* കണ്ണൂര്‍- 80.4 ( 77.57) മണ്ഡലം തിരിച്ചുള്ള പോളിംഗ്‌ ശതമാനം: പയ്യന്നൂര്‍ 81.8, കല്ല്യാശ്ശേരി-80.8, തളിപ്പറമ്പ്‌-82.9, ഇരിക്കൂര്‍-77.2, അഴീക്കോട്‌-82.9, കണ്ണൂര്‍-78.7, ധര്‍മ്മടം-82.6, തലശ്ശേരി-78, കൂത്തുപറമ്പ്‌്- 77, മട്ടന്നൂര്‍-82.7, പേരാവൂര്‍-78.6

* കാസര്‍ഗോഡ്‌: 76.4 (71.39) മണ്ഡലം തിരിച്ചുള്ള പോളിംഗ്‌ ശതമാനം: മഞ്ചേശ്വരം: 75.5, കാസര്‍ഗോഡ്‌: 73.3, ഉദുമ: 73.3, കാഞ്ഞങ്ങാട്‌ : 78.2, തൃക്കരിപ്പൂര്‍: 80.2.

മൂലമ്പിള്ളിക്കാര്‍ പ്രകടനമായെത്തി വോട്ട്‌ ചെയ്‌തു

കൊച്ചി: വല്ലാര്‍പാടം ടെര്‍മിനലിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പിള്ളിക്കാര്‍ പ്രകടനമായെത്തി വോട്ട്‌ ചെയ്‌തു.

22 കുടുംബങ്ങളിലെ വോട്ടര്‍മാരാണ്‌ മൂലമ്പിള്ളി സെന്റ്‌ ജോസഫ്‌ എല്‍.പി. സ്‌കൂളിലെ പോളിംഗ്‌ ബൂത്തില്‍ വോട്ട്‌ രേഖപ്പെടുത്തിയത്‌. പി.ജെ. സെലസ്‌റ്റിന്‍,മേരി ഫ്രാന്‍സിസ്‌ മൂലമ്പിള്ളി, ആഗ്നസ്‌ ആന്റണി, പ്രദീപ്‌, നടേശന്‍, ലീന പ്രദീപ്‌, രാധാമണി, തിട്ടയില്‍ സുഭദ്ര പരമേശ്വരന്‍, ആന്റണി പേരെപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തി പോളിംഗ്‌ സ്‌റ്റേഷന്റെ സമീപംവരെ പ്രകടനമായെത്തിയത്‌. 


മൂലമ്പിള്ളിക്കാര്‍ തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കുമെന്ന്‌ ചിലര്‍ മുന്നണികള്‍ പ്രചാരണം നടത്തിയതുകൊണ്ടാണ്‌ പ്രകടനം സംഘടിപ്പിച്ചതെന്ന്‌ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ്‌ കളത്തുങ്കല്‍ പറഞ്ഞു. തെരഞ്ഞെടുപ്പു വേളയില്‍ മേനകയിലും മൂലമ്പിള്ളിയിലും വടുതലയിലും ഏലൂരിലും സംഘടിപ്പിച്ച സ്‌ഥാനാര്‍ഥി സംഗമങ്ങളില്‍ വിവിധ മുന്നണി സ്‌ഥാനാര്‍ഥികള്‍ നല്‍കിയ ഉറപ്പ്‌ പാലിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകാന്‍ യോഗം തീരുമാനിച്ചു. (mangalam)

=================================================

കാമുകിയുടെ കൊലപാതകം: തൂക്കിക്കൊന്ന കാമുകന്‌ 189 വര്‍ഷങ്ങള്‍ക്കുശേഷം സംസ്‌കാരം
ലണ്ടന്‍: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ 189 വര്‍ഷം മുമ്പു തൂക്കിക്കൊല്ലപ്പെട്ട യുവാവിന്‌ ഒടുവില്‍ നിത്യവിശ്രമം. 1821ല്‍ കാമുകിയെ കൊലപ്പെടുത്തിയ കുറ്റത്തിനു തൂക്കിലേറ്റപ്പെട്ട ജോണ്‍ ഹോര്‍വുഡ്‌ എന്ന പതിനെട്ടുകാരനാണ്‌ ഏകദേശം രണ്ടു നൂറ്റാണ്ടിനിപ്പുറം ഔപചാരികമായ സംസ്‌കാരം ഒരുങ്ങുന്നത്‌. ഇക്കാലമത്രയും ഒരു സര്‍വകലാശാലയിലെ പരീക്ഷണശാലയുടെ ഇരുണ്ടകോണിലുള്ള ചില്ലലമാരയില്‍ തൂങ്ങിയാടുകയായിരുന്നു ജോണ്‍!

മുന്‍ കാമുകി എലീസ ബാള്‍സമിനെയാണ്‌ ജോണ്‍ കൊലപ്പെടുത്തിയത്‌. 1821 ജനുവരി 26 നായിരുന്നു സംഭവം. പുതിയ കാമുകനൊപ്പം അരുവിമുറിച്ചു കടക്കുകയായിരുന്ന എലീസയെ ജോണ്‍ ചെറിയ ഉരുളന്‍ കല്ലുകൊണ്ട്‌ എറിയുകയായിരുന്നു. കല്ല്‌ എലീസയുടെ കണ്ണിലാണു കൊണ്ടത്‌. ചികിത്സയ്‌ക്കിടെ മരണം സംഭവിച്ചു.

ബെഡ്‌മിന്‍സ്‌റ്ററില്‍ നടന്ന വിചാരണയ്‌ക്കുശേഷം ഏപ്രില്‍ 11 ന്‌ ജോണിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. രണ്ടു ദിവസത്തിനുശേഷം ശിക്ഷ നടപ്പാക്കി.

എലീസയുടെ ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടര്‍ റിച്ചാര്‍ഡ്‌ സ്‌മിത്ത്‌, ജോണ്‍ ഹോര്‍വുഡിന്റെ മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറിയില്ല. തന്റെ കൈവശം സൂക്ഷിച്ചിരുന്ന അസ്‌ഥികൂടം സ്‌മിത്ത്‌ പിന്നീട്‌ ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയ്‌ക്കു കൈമാറി. കൊലപാതകത്തിന്റെ വിവരങ്ങള്‍ അടങ്ങിയ പുസ്‌തകം ബൈന്‍ഡ്‌ ചെയ്‌തത്‌ ജോണിന്റെ തൊലി ഉപയോഗിച്ചാണ്‌. ബ്രിസ്‌റ്റോളിലെ റെക്കോര്‍ഡ്‌സ് ഓഫീസില്‍ ഈ പുസ്‌തകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

ജോണിന്റെ അകന്ന ബന്ധുവായ മേരി ഹാലിവെല്‍ ആണ്‌ അസ്‌ഥികൂടത്തിനു മേല്‍ നിയമപരമായ അവകാശം നേടിയെടുക്കുകയും മാന്യമായ സംസ്‌കാരച്ചടങ്ങിനു ശ്രമം നടത്തുകയും ചെയ്‌തത്‌. കുടുംബരേഖകള്‍ പരിശോധിച്ച ഹാലിവെല്‍ ജോണ്‍ തന്റെ പിതൃപിതാമഹന്റെ സഹോദരപുത്രനാണെന്നു കണ്ടെത്തുകയായിരുന്നു. ഹാങാമിലെ ക്രൈസ്‌റ്റ് പള്ളിയിലെ സംസ്‌കാരശുശ്രൂഷകള്‍ക്കുശേഷം ജോണിനെ പിതാവ്‌ തോമസ്‌ ഹോര്‍വുഡിന്റെ കല്ലറയ്‌ക്കു സമീപം സംസ്‌കരിക്കും.

തന്നെ വഞ്ചിച്ച എലീസയുടെ എല്ലുകള്‍ തച്ചുടയ്‌ക്കുമെന്നു നേരത്തേ പ്രതിഞ്‌ജയെടുത്തിരുന്ന ജോണ്‍, പക്ഷേ അന്ത്യനാളുകളില്‍ തികഞ്ഞ മതവിശ്വാസിയായി മാറി.

''ദൈവമേ, എലീസയുടെ ജീവനെടുക്കണമെന്നല്ല, ചെറിയൊരു ശിക്ഷ നല്‍കണമെന്നു മാത്രമേ ഞാന്‍ ആഗ്രഹിച്ചുള്ളൂ എന്ന്‌ അങ്ങേക്കറിയാം. പക്ഷേ, അവളെ കൊല്ലണമെന്നു ഞാന്‍ നേരത്തേ തീരുമാനിച്ചിരുന്നെന്നു സമ്മതിക്കുകയും ചെയ്യുന്നു''- മരണത്തിനു മുമ്പ്‌ ജോണ്‍ ഇങ്ങനെ എഴുതിയിരുന്നു.(mangalam)
=================================================

2ജി: അഞ്ച്‌ കോര്‍പറേറ്റ്‌ പ്രമുഖര്‍ ജാമ്യഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: 2ജി സ്‌പെക്‌ട്രം അഴിമതിക്കേസിന്റെ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട അഞ്ച്‌ ഉയര്‍ന്ന സ്വകാര്യ ടെലികോം കമ്പനി ഉദ്യോഗസ്‌ഥര്‍ പ്രത്യേക സി.ബി.ഐ. കോടതിയില്‍ ഹാജരായി ജാമ്യാപേക്ഷ നല്‍കി.

സംശയിക്കപ്പെടുന്നവര്‍ എന്ന നിലയില്‍നിന്ന്‌ പ്രതിപ്പട്ടികയിലേക്കു മാറിയ ഇവര്‍ക്കു ജാമ്യം നല്‍കരുതെന്നു സി.ബി.ഐ. ആവശ്യപ്പെട്ടു. ജാമ്യാപേക്ഷകള്‍ നാളെ വീണ്ടും പരിഗണിക്കും.

സ്വാന്‍ ടെലികോം ഡയറക്‌ടര്‍ വിനോദ്‌ ഗോയങ്ക, യൂണിടെക്‌ വയര്‍ലെസ്‌ (തമിഴ്‌നാട്‌) ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ സഞ്‌ജയ്‌ ചന്ദ്ര, റിലയന്‍സ്‌ അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പിന്റെ ഉന്നത ഉദ്യോഗസ്‌ഥരായ ഹരി നായര്‍, ഗൗതം ദോഷി, സുരേന്ദ്ര പിപാര എന്നിവരാണ്‌ പ്രത്യേക ജഡ്‌ജി ഒ.പി. സെയ്‌നിക്കു മുമ്പാകെ ഹാജരായി ജാമ്യാപേക്ഷ നല്‍കിയത്‌.

അന്വേഷണവേളയില്‍ അറസ്‌റ്റ് ചെയ്‌തില്ലെന്നതാണ്‌ ജാമ്യഹര്‍ജിയിലെ പ്രധാന വാദം. എന്നാല്‍ കോടതിക്കു മുമ്പാകെ ഹാജരായി എന്നതുകൊണ്ടു മാത്രം ഇവര്‍ ജാമ്യത്തിന്‌ അര്‍ഹരാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി പ്രത്യേക പബ്ലിക്‌ പ്രോസിക്യൂട്ടര്‍ യു.യു. ലളിത്‌ ഈ നീക്കത്തെ എതിര്‍ത്തു.

എതിര്‍പ്പ്‌ രേഖാമൂലം അറിയിക്കാന്‍ അദ്ദേഹം സമയം ചോദിച്ചതിനെത്തുടര്‍ന്നാണ്‌ ഹര്‍ജി നാളത്തേക്കു മാറ്റിയത്‌.

2 ജി സ്‌പെക്‌ട്രം കേസില്‍ കഴിഞ്ഞ രണ്ടിനാണ്‌ മുന്‍ ടെലികോം മന്ത്രി എ. രാജ അടക്കം ഒമ്പതു വ്യക്‌തികള്‍ക്കും മൂന്നു കമ്പനികള്‍ക്കും എതിരേ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചത്‌. ഇവരില്‍ അറസ്‌റ്റ് ചെയ്യപ്പെടാതിരുന്ന അഞ്ചുപേരാണ്‌ ഇന്നലെ കോടതിയില്‍ ഹാജരായത്‌.

ടെലികോം മുന്‍ സെക്രട്ടറി സിദ്ധാര്‍ഥ ബഹുറ, രാജയുടെ പഴ്‌സണല്‍ സെക്രട്ടറി ആര്‍.കെ. ചന്ദോളിയ, സ്വാന്‍ ടെലികോം പ്രമോട്ടര്‍ ഷാഹിദ്‌ ഉസ്‌മാന്‍ ബല്‍വ എന്നിവരാണ്‌ രാജയ്‌ക്കു പുറമേ അറസ്‌റ്റിലായ മറ്റുള്ളവര്‍.

സി.ബി.ഐ. സ്‌പെക്‌ട്രം കേസില്‍ രണ്ടാമത്തെ കുറ്റപത്രം ഈമാസം ഇരുപത്തഞ്ചോടെ സമര്‍പ്പിക്കുമെന്നാണു കരുതുന്നത്‌. മേയ്‌ 31 നു മുമ്പ്‌ അന്വേഷണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണു സി.ബി.ഐ.

(source:mangalam)
==================================================

കടപ്പുറത്തു ചാകര: വോട്ടര്‍മാര്‍ ക്യൂവില്‍നിന്ന്‌ ഇറങ്ങിയോടി

തിരുവനന്തപുരം: കാത്തിരുന്ന മീന്‍കൂട്ടം നിധിപോലെ വന്നപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളും രാഷ്‌ട്രീയവും മറന്നു വോട്ടര്‍മാര്‍ മീനിനു പിന്നാലെ ഓടി. അതോടെ ബീമാപള്ളിയില്‍ ഉരണ്ടുകൂടിയ കടുത്ത സംഘര്‍ഷത്തിന്‌ അയവുവന്നു. വൈകുന്നേരം നാലുമണിയോടെ ബീമാപള്ളി ഗവണ്‍മെന്റ്‌ യു.പി.എസില്‍ വോട്ട്‌ ചെയ്യാനെത്തിയവരും സ്‌കൂളിനു പുറത്തു നിന്നവരുമാണു ചാകരയുടെ വാര്‍ത്തയറിഞ്ഞു തീരത്തേക്ക്‌ ഓടിയത്‌.

വോട്ട്‌ ചെയ്യാതെ ബൂത്തുകളില്‍നിന്നും ഓടുന്ന വോട്ടര്‍മാരെ കണ്ടു ബൂത്തിനടുത്തു കാവല്‍ നിന്ന പോലീസും നാട്ടുകാരും പുറത്തുണ്ടായിരുന്ന വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഞെട്ടി.

ബീമാപള്ളി സ്‌കൂളിലെ 132 മുതല്‍ 136 വരെയുള്ള ബൂത്തുകളില്‍ വോട്ടര്‍മാരുടെ വന്‍ നിരതന്നെയുണ്ടായിരുന്നു. വോട്ടിംഗ്‌ സമയം കഴിഞ്ഞാലും വോട്ട്‌ ചെയ്യാനുള്ള അവസരം കൊടുത്തേ തീരൂവെന്ന സ്‌ഥിതിയിലായിരുന്നപ്പോഴാണു മീന്‍ ചാകരയെത്തിയത്‌. 'വത്തപാര' എന്നറിയപ്പെടുന്ന വലിയ മീനുകളാണ്‌ കമ്പവലകളില്‍ കയറിയത്‌. ഇവ വലിച്ചുകയറ്റാന്‍ നിരവധി ആളുകള്‍ കൂടിയേതീരു.

വോട്ടര്‍മാര്‍ ബൂത്തുകളില്‍നിന്നു കൊഴിഞ്ഞതോടെ രാഷ്‌ട്രീയപാര്‍ട്ടികള്‍ നിരാശരായി. തങ്ങളുടെ 500 വോട്ടുകളാണ്‌ 'വത്തപാര'മൂലം നഷ്‌ടമായതെന്നു യു.ഡി.എഫുകാര്‍ പറഞ്ഞു. അഞ്ചു ബൂത്തുകളിലായി 8000 ത്തില്‍ പരം വോട്ടുകളാണ്‌ ഉണ്ടായിരുന്നത്‌. ഇതില്‍ പോള്‍ ചെയ്‌തത്‌ 3824 വോട്ടുകള്‍ മാത്രം. (mangalam)

No comments:

Post a Comment