Monday, November 1, 2010

പെരുങ്കള്ളന്‍ പിടിയില്‍

കടുമിന്‍ചിറ ക്ഷേത്രത്തിലെ മോഷണം: 
കുമളിയില്‍ പിടിയിലായ കള്ളന്‍ നിരവധി മോഷണക്കേസുകളില്‍ പ്രതി
റാന്നി: ക്ഷേത്രങ്ങളിലും ക്രിസ്‌തീയ ദേവാലയങ്ങളിലും മോഷണം നടത്തിയശേഷം തെളിവ്‌ അവശേഷിപ്പിക്കാതെ പോലീസിനെ അതിവിദഗ്‌ദ്ധമായി കബളിപ്പിച്ച്‌ നടന്ന പെരുങ്കള്ളന്‍ പിടിയില്‍. പത്തനംതിട്ടജില്ലയില്‍ കടുമിന്‍ചിറ ശ്രീമഹാദേവക്ഷേത്രത്തില്‍ വിഗ്രഹത്തിന്‍െറ മുഖച്ചാര്‍ത്തും മാലയും അടക്കം കവര്‍ച്ച ചെയ്‌ത കേസിലെ പ്രതി ഇടുക്കിജില്ലയിലെ കട്ടപ്പന ഏലപ്പാറ സ്വദേശി ബിനുവാണ്‌ കുമളി പോലീസിന്‍െറ പിടിയിലായത്‌.

ക്ഷ്യസ്‌ഥാനത്തിന്‌ ഒന്നോ രണ്ടോ കിലോമീറ്ററുകള്‍ അകലെ വാടകവീട്‌ എടുത്ത്‌ താമസിക്കുകയാണ്‌ മോഷ്‌ടാവിന്‍െറ ആദ്യ പരിപാടി. ഒപ്പം താമസിക്കാന്‍ ഭാര്യയും കുട്ടികളും. നാട്ടുകാരോട്‌ പറയാന്‍ ജോലി മേസ്‌തിരി. എന്നാല്‍ നാട്ടിലെങ്ങും ഇയാള്‍ ജോലിക്ക്‌ പോകാറുമില്ല. കവര്‍ച്ച നടത്തേണ്ട ക്ഷേത്രങ്ങള്‍ ചുറ്റിപ്പറ്റി നടന്ന്‌ മോഷണത്തിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ്‌ അടുത്ത പരിപാടി. കഴിഞ്ഞ മാര്‍ച്ച്‌ 4ന്‌ വന്‍മോഷണം നടന്ന കടുമിന്‍ചിറ അരുവിപ്പുറം ശ്രീമഹാദേവക്ഷേത്രത്തിലും കള്ളന്‍ പലകുറി എത്തിയിരുന്നു. തികഞ്ഞ ഭക്‌തനായി ഇയാളെ ക്ഷേത്രമതില്‍ക്കെട്ടിന്‌ പുറത്ത്‌ മോഷണത്തിന്‌ തൊട്ടുമുമ്പ്‌ പലദിവസങ്ങളിലും ചിലര്‍ കണ്ടിരുന്നു.

ക്ഷേത്ര ചുറ്റുമതില്‍ ചാടിക്കടന്ന്‌ അകത്തുപ്രവേശിച്ച്‌ ശ്രീകോവില്‍ പൂട്ടുതകര്‍ത്ത്‌ മഹാദേവവിഗ്രഹത്തിലെ പഞ്ചലോഹനിര്‍മ്മിതമായ മുഖച്ചാര്‍ത്തും സ്വര്‍ണ്ണമാലയുമാണ്‌ ഇവിടെനിന്നും അപഹരിച്ചത്‌. കാണിക്കവഞ്ചികള്‍ പൊട്ടിക്കാന്‍ ശ്രമിക്കാതിരുന്ന കള്ളന്‍ നിസാരക്കാരനല്ലെന്ന്‌ പോലീസ്‌ അന്നേ സംശയിച്ചിരുന്നു.മോഷണ മുതല്‍ കൊണ്ടുപോകുന്ന വഴിക്ക്‌ പിടികൂടപ്പെടാതിരിക്കാന്‍ പോലീസിന്‍െറ അന്വേഷണം വഴിതിരിച്ചുവിടാനുള്ള കുടിലതന്ത്രങ്ങളും പ്രതി സ്വീകരിച്ചിരുന്നു.

കടുമിന്‍ചിറ ക്ഷേത്രത്തിലെ മോഷണമുതലുമായി നദീതീരം വഴി ഒന്നരക്കിലോമീറ്റര്‍ നടന്ന്‌ അത്തിക്കയത്തെത്തിയ മോഷ്‌ടാവ്‌ അവിടെ വാടകയ്‌ക്ക് താമസിച്ചിരുന്ന തമിഴ്‌നാട്ടുകാരനായ മേസ്‌തിരിപ്പണിക്കരുടെ മുറിക്ക്‌ സമീപം നിന്ന ശേഷമാണ്‌ രക്ഷപ്പെട്ടത്‌. ക്ഷേത്രത്തില്‍ അന്വേഷണത്തിന്‌ കൊണ്ടുവന്ന പോലീസ്‌നായ ഈ മുറിക്കുള്ളില്‍ എത്താനും സംശയത്തിന്‍െറ നിഴല്‍ ഈ മേസ്‌തിരിമാരില്‍ പതിയാനും ഇത്‌ ഇടയാക്കി. ഇവരെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുന്നതിനിടയില്‍ യഥാര്‍ത്ഥ പ്രതി മോഷണമുതലുമായി രക്ഷപ്പെടുകയും ചെയ്‌തിരുന്നു.കടുമിന്‍ചിറ ക്ഷേത്രത്തില്‍ മോഷണം നടക്കുന്ന കാലയളവില്‍ അത്തിക്കയം കട്ടിക്കല്ലിലായിരുന്നു മോഷ്‌ടാവും കുടുംബവും താമസിച്ചിരുന്നത്‌.

മോഷണത്തിന്‌ ഏതാനും ദിവസം മുമ്പ്‌ ഭാര്യയെയും കുട്ടികളെയും മറ്റൊരിടത്തേക്ക്‌ മാറ്റിയമശഷം താമസം മാറുന്നുവെന്ന്‌ പറഞ്ഞ്‌ വീട്ടിലെ സാധനങ്ങളെല്ലാം ജീപ്പിലാക്കി റാന്നിയില്‍ എത്തിച്ചിരുന്നു. റാന്നി ഇട്ടിയപ്പാറയില്‍ മോഷ്‌ടാവ്‌ ബിനുവിന്‍െറ സഹോദരന്‍െറ സുഹൃത്തുവഴി ഒരു വാടകക്കെട്ടിടം സംഘടിപ്പിച്ച്‌ വീട്ട്‌ സാധനങ്ങള്‍ ഇവിടെ സൂക്ഷിച്ചശേഷമാണ്‌ പ്രതി മോഷണത്തിനിറങ്ങിയത്‌. ഒരു മാസത്തിനുള്ളില്‍ സാധനങ്ങള്‍ കൊണ്ടുപൊയ്‌ക്കള്ളാമെന്നായിരുന്നു കെട്ടിട ഉടമയെ ധരിപ്പിച്ചത്‌.

മോഷണത്തിനുശേഷം മുങ്ങിയ പ്രതിയെ തേടിയുള്ള പോലീസ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ അന്വേഷണത്തില്‍ മോഷ്‌ടാവിനെക്കുറിച്ച്‌ നേരത്തെതന്നെ വിവരം ലഭിച്ചിരിന്നു. റാന്നിയില്‍ ഇയാള്‍ സാധനങ്ങള്‍ സൂക്ഷിച്ച കെട്ടിടമുറിയും പോലീസ്‌ നിരീക്ഷണത്തിലായതറിഞ്ഞ്‌ സാധനങ്ങള്‍ തിരിച്ചെടുക്കാന്‍ ഇയാള്‍ വന്നില്ല. പ്രതിയുടെ സഹോദരന്‍ കോഴഞ്ചേരിയിലെ ഹോട്ടലില്‍ പൊറോട്ട അടിക്കാരനായി ഉണ്ടെന്നറിഞ്ഞ്‌ പോലീസ്‌ എത്തിയതിനെത്തുടര്‍ന്ന്‌ ഇയാളും രക്ഷപ്പെട്ടു.

അനുജനെ ഫോണില്‍ ബന്ധപ്പെടാനുള്ള പോലീസ്‌ ശ്രമവും വിജയിക്കാതിരുന്നതിനിടയിലാണ്‌ ഇടുക്കി ജില്ലയില്‍ ജോലിയിലുള്ള റാന്നി അത്തിക്കയം സ്വദേശിയായ പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ സഹായത്തോടെ മോഷ്‌ടാവിനെ പിടികൂടിയത്‌.

മുപ്പതോളം മോഷണക്കേസുകളില്‍ ബിനു പ്രതിയാണെന്ന സൂചനയാണ്‌ കുമളി പോലീസ്‌ നല്‍കുന്നത്‌. കടുമിന്‍ചിറ ക്ഷേത്രത്തില്‍നിന്നും നഷ്‌ടപ്പെട്ട മുഖച്ചാര്‍ത്ത്‌, മാല എന്നിവ പ്രതിയില്‍നിന്നും വീണ്ടെടുത്തിട്ടുണ്ട്‌. സംസ്‌ഥാനത്ത്‌ നടന്ന പല മോഷണക്കേസുകളും തെളിയാന്‍ പ്രതിയുടെ അറസ്‌റ്റ് സഹായകമാകും.

=====================================================

No comments:

Post a Comment