Friday, August 27, 2010

തീ പിടിച്ചെന്ന മുന്നറിയിപ്പ്: മുംബൈയില്‍ വിമാനത്തില്‍ നിന്ന് ചാടിയ 15 പേര്‍ക്ക് പരിക്ക്‌
Posted on: 28 Aug 2010

മുംബൈ: പറന്നുയരാന്‍ തുടങ്ങിയ വിമാനത്തില്‍ തീ കണ്ടെന്ന തെറ്റായ സന്ദേശത്തെത്തുടര്‍ന്ന് പുറത്തേക്ക് ചാടിയ 15 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി മുംബൈ വിമാനത്താവളത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 

രാത്രി 9 മണിക്ക് ചെന്നൈയിലേക്ക് പറന്നുയരാന്‍ തുടങ്ങിയ ജെറ്റ് എയര്‍വെയ്‌സിന്റെ 9ഡബ്ലു 2302 വിമാനത്തിന്റെ ഇടത് എഞ്ചിനടുത്തു നിന്ന് ഫയര്‍ അലാറം മുഴങ്ങിയതോടെയാണ് യാത്രക്കാര്‍ പരിഭ്രാന്തരായത്. അലാറം മുഴങ്ങിയ ഉടന്‍ യാത്രക്കാരെ എത്രയും പെട്ടന്ന് ഒഴിപ്പിക്കാന്‍ പൈലറ്റ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 

ടേക്ക് ഓഫിന് മുമ്പുള്ള ടാക്‌സിവേയിലായിരുന്നു വിമാനമപ്പോള്‍. പൈലറ്റിന്റെ നിര്‍ദ്ദേശം വന്ന ഉടന്‍ പരിഭ്രാന്തരായ യാത്രക്കാരില്‍ ചിലര്‍ ഇറങ്ങാനുള്ള ഗോവണി എത്തുന്നതിനു മുമ്പ് എമര്‍ജന്‍സി വാതിലിലൂടെ പുറത്ത് ചാടി. വാതിലിലേക്കെത്താനുള്ള തിക്കിലും തിരക്കിലും പുറത്തേക്ക് എടുത്തു ചാടിയതുമൂലവുമാണ് 15 പേര്‍ക്ക് പരിക്കേറ്റത്.ആരുടേയും പരിക്ക് ഗുരുതരമല്ല. 130 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മുംബൈ നാനാവതി ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. 

എന്നാല്‍ ഫയര്‍ അലാറം മുഴങ്ങിയത് സാങ്കേതിക തകരാറാണന്നും വിമാനത്തില്‍ എവിടേയും തീ പിടിച്ചിട്ടില്ലന്നും ജറ്റ് എയര്‍വെയ്‌സ് അധികൃതര്‍ പിന്നീട് അറിയിച്ചു. (mathrubhumi)

No comments:

Post a Comment