Friday, August 27, 2010

ഓടിക്കൊണ്ടിരുന്ന ബസിന്‌ തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന ബസിന്‌ തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
വടക്കഞ്ചേരി: ഡീസല്‍ ടാങ്കില്‍നിന്നു തീപടര്‍ന്ന്‌ ഓടിക്കൊണ്ടിരുന്ന ബസിനു തീപിടിച്ചു. ഇരുപതോളം യാത്രക്കാരും ബസ്‌ ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ എട്ടിന്‌ ദേശീയപാത കൊമ്പഴയിലാണു സംഭവം. തൃശൂരില്‍നിന്ന്‌ ഗോവിന്ദാപുരത്തേക്കു പോകുകയായിരുന്ന മോന്‍സി ബസിനാണു തീപിടിച്ചത്‌.

ബസ്‌ കൊമ്പഴ പള്ളിക്കു സമീപം എത്തിയപ്പോള്‍ ബസിനു നടുഭാഗത്തുനിന്നു പുക ഉയര്‍ന്നതോടെ ഡ്രൈവര്‍ ബസ്‌ റോഡുവശത്ത്‌ ഒതുക്കിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. ബസിന്റെ പിന്നിലെ ടയറുകള്‍ പൊട്ടി വന്‍ ശബ്‌ദവുമുണ്ടായി. ബസിനുള്ളിലും റോഡിലും തീ പടര്‍ന്നു. സ്‌ത്രീകളും കുട്ടികളും അടക്കം യാത്രക്കാര്‍ പരിഭ്രാന്തരായി ബസില്‍നിന്ന്‌ ഇറങ്ങിയോടി. വടക്കഞ്ചേരിയില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സിന്റെ രണ്ടു യൂണിറ്റും പോലീസും ചേര്‍ന്ന്‌ അരമണിക്കൂര്‍ പരിശ്രമിച്ചാണ്‌ തീ കെടുത്തിയത്‌. ബസ്‌ പൂര്‍ണമായും കത്തിനശിച്ചു.

ഡീസല്‍ ടാങ്കിലെ ബ്രാക്കറ്റ്‌ പൊട്ടിയതിനെത്തുടര്‍ന്ന്‌ ടാങ്ക്‌ ബോഡിയുമായി ഉരസി തീപ്പൊരി ഉണ്ടായി ടാങ്കിലേക്കു തീപ്പൊരി വീണതാണ്‌ തീ പിടിത്തത്തിനു കാരണമെന്നു കരുതുന്നു.

ഡീസല്‍ ടാങ്കിനുള്ളില്‍ പെട്രോളോ മണ്ണെണ്ണയോ കലര്‍ന്നിട്ടുണ്ടായിരുന്നെന്നു സംശയിക്കപ്പെടുന്നു. പരിശോധനയില്‍ ഡീസലിനാണു തീപിടിച്ചതെന്നു കണ്ടെത്തി. സംഭവത്തെത്തുടര്‍ന്നു രണ്ടര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. (mangalam)

No comments:

Post a Comment